ജിഎസ്ടി പരിഷ്‌കരണം; ഓഹരിവിപണിയില്‍ വന്‍ മുന്നേറ്റം

രൂപയുടെ മൂല്യവും ഉയര്‍ന്നു

ഇന്ന് ഓഹരി വിപണിയില്‍ വന്‍മുന്നേറ്റം. 600ലധികം പോയിന്റ് മുന്നേറി ബിഎസ്ഇ സെന്‍സെക്സ് 81,000ന് മുകളില്‍ എത്തി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. കേന്ദ്രസര്‍ക്കാരിന്റെ ശുപാര്‍ശയില്‍ ജിഎസ്ടി പരിഷ്‌കരണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയതിനെ തുടര്‍ന്നാണ് ഓഹരിവിപണിയിലെ ഈ മുന്നേറ്റം. രാജ്യത്തെ സാധാരണക്കാര്‍ക്ക് വേണ്ടിയാണ് ജിഎസ്ടി നിരക്കില്‍ പരിഷ്‌കാരങ്ങള്‍ നടത്തിയതെന്ന് നിര്‍മ്മലാ സീതാരാമന്‍ പറഞ്ഞു.

ഇനിമുതല്‍ 5%, 18% എന്നിങ്ങനെ രണ്ട് ജിഎസ്ടി സ്ലാബുകള്‍ മാത്രമായിരിക്കും ഉണ്ടാവുക. 12%, 28% എന്നീ സ്ലാബുകള്‍ ഒഴിവാക്കി. ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ 22 മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ പരിഷ്‌കരണങ്ങള്‍ അനുസരിച്ച് നിത്യോപയോഗ സാധനങ്ങള്‍ക്ക് വില കുറയും. പനീര്‍, പാല്‍, റൊട്ടി, ചപ്പാത്തി, കടല തുടങ്ങിയവയ്ക്കും ജീവന്‍രക്ഷാ മരുന്നുകള്‍ക്കും ജിഎസ്ടിയുണ്ടാകില്ല. . കൂടാതെ ഇരുചക്രവാഹനങ്ങളുടെയും കാറുകളുടെയും എസി, ടെലിവിഷന്‍ എന്നിവയുടെയും വില കുറയുമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. ഇതാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്.

പ്രധാനമായി നേട്ടം ഉണ്ടാക്കുന്നത് എഫ്എംസിജി, ഓട്ടോ ഓഹരികളാണ്. ബജാജ് ഫിനാന്‍സ്, ടാറ്റ മോട്ടോഴ്സ്, എച്ച്ഡിഎഫ്സി ബാങ്ക്, മാരുതി സുസുക്കി ഓഹരികളാണ് പ്രധാനമായി നേട്ടം സ്വന്തമാക്കിയത്. അതേസമയം ഒഎന്‍ജിസി, കോള്‍ഇന്ത്യ, ടാറ്റ സ്റ്റീല്‍, റിലയന്‍സ് ഓഹരികള്‍ നഷ്ടം നേരിട്ടു.

കൂടാതെ ഡോളറിനെതിരെ രൂപയുടെ മൂല്യവും ഉയര്‍ന്നു. 87.85 ആയാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.17 പൈസയുടെ നേട്ടത്തോടെ 88ല്‍ താഴെ എത്തി നില്‍ക്കുകയാണ് രൂപയുടെ മൂല്യം. ഓഹരിവിപണിയിലെ മുന്നേറ്റം മൂല്യത്തെയും സ്വാധീനിക്കുന്നുണ്ട്.

Content Highlights: GST reform Huge surge in stock market

To advertise here,contact us