കശ്മീരിലെ പാടങ്ങളിലല്ല, വീട്ടില്‍ വിരിയിക്കാം കുങ്കുമപ്പൂവ്, മാസവരുമാനം എട്ടുലക്ഷം!

കശ്മീരിന്റെ സ്വകാര്യ അഹങ്കാരം, അഭിമാനമാണ് കുങ്കുമപ്പൂക്കള്‍

രണ്ട് വര്‍ഷം മുമ്പൊരു വെക്കേഷന് കശ്മീരിലേക്ക് യാത്ര പോയതാണ് അനില്‍ ജെയ്‌സ്വാള്‍. ശ്രീനഗറില്‍ നിന്നും പാംപോറിലെ കുങ്കുമപ്പൂ പാടങ്ങളിലേക്ക് ചെന്നപ്പോഴാണ് അതിനെ കുറിച്ച് കൂടുതല്‍ അറിയണമെന്ന് അദ്ദേഹത്തിന് തോന്നിയത്. കശ്മീര്‍ താഴ്വരയിലെ തണുത്ത കാറ്റേറ്റ് നീണ്ടു നിവര്‍ന്ന് കിടക്കുന്ന കുങ്കുമപ്പൂ പാടങ്ങളില്‍ കഷ്ടപ്പെട്ട് പണിയെടുക്കുന്ന കര്‍ഷകരോട് അനില്‍ പല കാര്യങ്ങളും ചോദിച്ചറിഞ്ഞു. കശ്മീരിന്റെ സ്വകാര്യ അഹങ്കാരം, അഭിമാനമാണ് കുങ്കുമപ്പൂക്കള്‍. ഇന്റോറില്‍ നിന്നുള്ള അനില്‍, കര്‍ഷകരില്‍ നിന്നും കിട്ടിയ അറിവ് വെറും അറിവായി മാത്രമല്ല കണക്കാക്കിയത്. അതുപയോഗിച്ച് എങ്ങനെ തന്റെ ജീവിതം മാറ്റിമറിക്കാമെന്ന് കൂടിയാണ്. എന്‍ജിനീയറിംഗിലും ഫാര്‍മസ്യൂട്ടിക്കല്‍ വ്യവസായത്തിലും സജീവമായിരുന്ന മുപ്പത് വര്‍ഷത്തെ കരിയര്‍ അവസാനിപ്പിച്ച്് 59കാരനായ അനില്‍ ഒരു വലിയ തീരുമാനമെടുത്തു.

പണ്ട് മുതലേ കൃഷിയോട് താത്പര്യമുണ്ടായിരുന്ന, വ്യഗ്രതയുണ്ടായിരുന്ന അനില്‍ കശ്മീരിന്റെ കുങ്കുമപ്പൂവ് ഇങ്ങ് ഇന്റോറില്‍ വിരിയിച്ചാലോ എന്ന് ചിന്തിച്ചിടത്ത് നിന്നാണ് മാറ്റങ്ങള്‍ ഉണ്ടായത്. കശ്മീരിന്റെ കാലാവസ്ഥ എങ്ങനെ ഇന്റോറില്‍ കൊണ്ടുവരും. അതിനെ കുറിച്ചായി അന്വേഷണം, എങ്ങനെ അത്തരം സാഹചര്യങ്ങള്‍ സ്വന്തം നഗരത്തിലെത്തിച്ച് കുങ്കുമപ്പൂവ് ഇവിടെ വിളയിക്കാമെന്നതായി ഊണിലും ഉറക്കത്തിലും ചിന്തയും പ്രവര്‍ത്തികളില്‍ നിറഞ്ഞുനില്‍ക്കുന്നതും. കര്‍ഷകനായ അച്ഛന്റെ ഒപ്പം കുട്ടിക്കാലത്ത് പാടത്തും പറമ്പിലും സമയം ചിലവഴിച്ച അനിലിന് ഈയൊരു ആശയം വികസിപ്പിക്കാന്‍ വലിയ പാടൊന്നും വന്നില്ല. ഇന്റോറിലെ തന്റെ വീടിന് കുറച്ചകലെയുള്ള പ്രദേശത്ത് പൂകൃഷി മുന്നേ ആരംഭിച്ചിരുന്നു അനില്‍. ഈ അനുഭവങ്ങളെല്ലാം കൂട്ടിച്ചേര്‍ത്ത് വീടിനകത്ത് കുങ്കുമപ്പൂവ് ഫാം(indoor saffron farm) രൂപകല്‍പന ചെയ്ത് അത് സാക്ഷാത്കാരത്തിലെത്തിച്ചു.

കശ്മീരിന്റെ പ്രത്യേക തരം കാലാവസ്ഥ പുനര്‍ സൃഷ്ടിക്കാന്‍ അദ്ദേഹം എയറോപോണിക്‌സ് ആണ് മാര്‍ഗമായി തെരഞ്ഞെടുത്തത്. വിദഗ്ദരില്‍ നിന്നും പുസ്തകങ്ങളില്‍ നിന്നും ലഭിച്ച അറിവുപയോഗിച്ച് അദ്ദേഹം സ്വന്തം വീട്ടില്‍ ഒഴിഞ്ഞ് കിടന്ന 320 സ്‌ക്വയര്‍ ഫീറ്റ് റൂമിനെ ഇന്‍ഡോര്‍ ഫാമാക്കി മാറ്റി. ഇതിനായുള്ള സജ്ജീകരങ്ങള്‍ക്ക് അദ്ദേഹത്തിന് ചിലവാക്കേണ്ടി വന്നത് ആറര ലക്ഷം രൂപയാണ്. താപനിലയും ഈര്‍പ്പുവുമൊക്കെ നിലനിര്‍ത്താന്‍ എക്‌ഹോസ്റ്റ് ഫാനുകള്‍ സ്ഥാപിച്ചു. വൈദ്യുതിക്കായി അഞ്ച് കിലോവാട്ടിന്റെ സോളാര്‍ പാനലാണ് സജ്ജമാക്കിയത്. 2024 സെപ്തംബറില്‍ എട്ടുലക്ഷം രൂപയ്ക്കാണ് കുങ്കുപ്പൂവിന്റെ വിത്തുകള്‍ പാമ്പോരില്‍ നിന്നും അനില്‍ വരുത്തിച്ചത്. ഏഴ് ഗ്രാം ഭാരമുള്ളവയാണ് നടുന്നത്. കശ്മീരിലെ കുങ്കുമപ്പാടങ്ങളുടെ അവസ്ഥ അതേപോലെ പുനര്‍സൃഷ്ടിച്ച് ഫംഗള്‍ ആക്രമണങ്ങള്‍ ഒന്നും ഉണ്ടാവാതെ കൈകള്‍ പോലും വൃത്തിയാക്കി ഗ്ലൗസുകള്‍ ധരിച്ചാണ് ഫാമിലെത്തുന്നതെന്ന് അനില്‍ പറയുന്നു. നവംബറില്‍ അദ്ദേഹത്തിന്റെ അധ്വാനത്തിന് ഫലമുണ്ടായി. 1600 ഗ്രാം കുങ്കുപ്പൂവാണ് അദ്ദേഹം കൃഷി ചെയ്ത് കൊയ്‌തെടുത്തത്. അത് ഒരു ഗ്രാം അഞ്ഞുറു രൂപയ്്ക്കാണ് വിറ്റുപോയത്. ആദ്യത്തെ തവണ അദ്ദേഹം കുങ്കുപ്പൂവ് കൃഷിയിലൂടെ സ്വന്തമാക്കിയത് എട്ടു ലക്ഷം രൂപയാണ്.

അനിലിന്റെ ഭാര്യ കല്‍പ്പനയാണ് എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഒപ്പം നിന്നത്. ഒടുവില്‍ അതിന് വലിയ രീതിയിലുള്ള ഫലമുണ്ടായതിന്റെ സന്തോഷത്തിലാണ് ദമ്പതികള്‍. ലാബ് പരിശോധനയില്‍ കുങ്കുമപ്പൂവിന്റെ കലര്‍പ്പിലായ്മയും തെളിയിക്കപ്പെട്ടുവെന്ന് അവര്‍ പറയുന്നു. ഇന്ന് വീട്ടിലുണ്ടാക്കുന്ന മധുരപലഹാരങ്ങളിലെ അഭിവാജ്യ ഘടകമാണ് ഈ കുങ്കുമപ്പൂവെന്ന് സന്തോഷത്തോടെയും അഭിമാനത്തോടെയുമാണ് കല്‍പന പറയുന്നത്.

പാരമ്പര്യ കാര്‍ഷിക രീതികളെ പുത്തന്‍ സാങ്കേതിക വിദ്യയുമായി ചേര്‍ത്താണ് വലിയ വിജയം അനിലും കല്‍പനയും നേടിയത്. മുമ്പ് 25 കിലോമീറ്റര്‍ അകലെയായിരുന്നു പൂകൃഷി നടത്തിയത്. നിലവില്‍ ആ കൃഷിയിടം വീടിനുള്ളില്‍ എത്തിക്കാന്‍ കഴിഞ്ഞല്ലോ എന്നാണ് അദ്ദേഹം പറയുന്നത്.

Content Highlights: Indore man cultivate saffron by indoor farming

To advertise here,contact us