കരുത്താര്‍ജിച്ച് രൂപ; ഓഹരിവിപണിയിലും നേട്ടം

വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്

രൂപയുടെ മൂല്യം ഡോളറിനെതിരെ വീണ്ടും ഉയര്‍ന്നു. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ 42 പൈസയുടെ നേട്ടമാണ് രൂപ രേഖപ്പെടുത്തിയത്. 85.34 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വ്യാപാരത്തിന്റെ തുടക്കത്തില്‍ നേട്ടം ഉണ്ടാക്കിയെങ്കിലും 23 പൈസയുടെ നഷ്ടത്തോടെയായിരുന്നു രൂപ ഇന്നലെ ക്ലോസ് ചെയ്തതിരുന്നത്. എണ്ണ വില തിരിച്ചുകയറിയതും ഓഹരി വിപണി ദുര്‍ബലമായതുമാണ് ഇന്നലെ രൂപയുടെ മൂല്യത്തെ സ്വാധീനിച്ചത്.

അതിനിടെ ഇന്നലെ കനത്ത ഇടിവ് നേരിട്ട ഓഹരി വിപണിയും ഇന്ന് തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 200ലധികം പോയിന്റ് ആണ് മുന്നേറിയത്. എണ്ണ, പ്രകൃതി വാതക, ഐടി ഓഹരികളില്‍ ഉണ്ടായ മുന്നേറ്റമാണ് വില ഉയരാന്‍ സഹായകമായത്. അപ്പോളോ ആശുപത്രി, ഭാരത് ഇലക്ട്രോണിക്സ്, റിലയന്‍സ്, എച്ച്ഡിഎഫ്സി ബാങ്ക് ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

സ്വര്‍ണവിലയിലും ഇന്ന് വര്‍ധന രേഖപ്പെടുത്തി. ഒരാഴ്ചകൊണ്ട് 3000ലധികം രൂപ ഇടിഞ്ഞ സ്വര്‍ണവിലയില്‍ ഇന്ന് കുതിപ്പാണ്. ഇന്ന് പവന് 840 രൂപ വര്‍ധിച്ചതോടെ സ്വര്‍ണവില വീണ്ടും 72000 കടന്നു. 72,160 രൂപയാണ് ഏറ്റവും പുതിയ വില. ഗ്രാമിനും വില ആനുപാതികമായി വര്‍ധിച്ചു. ഗ്രാമിന് 105 രൂപയാണ് വര്‍ധിച്ചത്. 9020 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചയ്ക്കിടെ 3000 രൂപയിലധികം കുറഞ്ഞ ശേഷമാണ് ഇന്നത്തെ വര്‍ധന.

Content Highlights: Rupee strengthens stock market gains too

To advertise here,contact us