ഇരുചക്ര വാഹനം വാങ്ങാന്‍ കെഡ്രിറ്റ് സ്‌കോര്‍ കുറവാണോ? വായ്പ നേടാന്‍ ഈ വഴികള്‍ പരീക്ഷിക്കാം

വായ്പ എടുക്കുന്ന ആളുടെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചരിത്രമാണ് ക്രെഡിറ്റ് സ്‌കോറിലൂടെ നോക്കുന്നത്

മഴക്കാലം വരികയാണ്. വെള്ളക്കെട്ടില്‍ നിന്നും ഗതാഗതക്കുരുക്കില്‍ നിന്നും രക്ഷപ്പെടാന്‍ ഓഫീസിലേക്കുള്ള യാത്ര ഇരുചക്രവാഹനത്തിലാക്കിയാലോ എന്ന ആലോചനയിലാണോ? ലോണില്‍ വാഹനം വാങ്ങാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ അറിയേണ്ട ചില കാര്യങ്ങളുണ്ട്.

ഇരുചക്ര വാഹനങ്ങള്‍ക്ക് ലോണ്‍ ലഭിക്കുന്നതിന് ക്രെഡിറ്റ് സ്‌കോര്‍ മികച്ചതായിരിക്കണം. വായ്പ എടുക്കുന്ന ആളുടെ സാമ്പത്തിക ക്രയവിക്രയങ്ങളുടെ ചരിത്രമാണ് ക്രെഡിറ്റ് സ്‌കോറിലൂടെ നോക്കുന്നത്.

നിങ്ങളുടെ ക്രെഡിറ്റ് സ്‌കോര്‍ 750ല്‍ കൂടുതലാണെങ്കില്‍ വായ്പ വേഗത്തില്‍ തന്നെ ലഭിക്കും. അനുകൂലമായ രീതിയില്‍ പലിശ നിരക്കുകകളും നിബന്ധനകളില്‍ ഇളവുകളും ലഭിച്ചേക്കാം. 701 മുതല്‍ 750 വരെയാണ് ക്രെഡിറ്റ് സ്‌കോറെങ്കിലും ലോണിന്റെ കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ല. പക്ഷെ നിബന്ധനകള്‍ വായ്പയെടുക്കുന്ന ആള്‍ക്ക് സ്വീകാര്യമായതാകണമെന്നില്ല. 650ല്‍ താഴെയുള്ള സ്‌കോറുകള്‍ മോശം സ്‌കോറുകളായാണ് വിലയിരുത്തുന്നത്. ഇത് വായ്പ ലഭിക്കാനുള്ള സാധ്യത തള്ളുന്നു.

ക്രെഡിറ്റ് സ്‌കോര്‍ കുറയുന്നത് പലവിധത്തിലാണ് വായ്പയെടുക്കുന്ന വ്യക്തിയെ ബാധിക്കുക. വെല്ലുവിളി മുന്നില്‍ കണ്ട് കൂടുതല്‍ പലിശ നിരക്കുകള്‍ ചുമത്തിയേക്കാം. ആവശ്യത്തിനുള്ള തുക വായ്പയായി ലഭിച്ചില്ലെന്ന് വരാം. തിരിച്ചടവ് നിബന്ധനകള്‍ കര്‍ശനമായിരിക്കും. കുറഞ്ഞ തിരിച്ചടവ് കാലയളവായിരിക്കും ബാങ്ക് നല്‍കുക.

ഇനി കുറഞ്ഞ ക്രെഡിറ്റ് സ്‌കോറാണെങ്കില്‍ ഇരുചക്രവാഹനം ഒരു സ്വപ്‌നമായി അവശേഷിക്കുമെന്ന് കരുതേണ്ടതില്ല. ക്രെഡിറ്റ് സ്‌കോര്‍ കുറവാണെങ്കില്‍ കൂടുതല്‍ ഡൗണ്‍പേമെന്റ് നടത്തി വാഹനം സ്വന്തമാക്കാം. കൂടുതല്‍ ക്രെഡിറ്റ് സകോറുള്ള സഹ അപേക്ഷകനെ കൂട്ടി വിശ്വാസ്യത നേടാം.

Content Highlights: Credit Score for Two-Wheeler Loan: What You Need to Know

To advertise here,contact us