കീറിയ നോട്ടുകള്‍ മാറ്റിയെടുക്കേണ്ടത് ഇങ്ങനെ; ഇക്കാര്യങ്ങള്‍ നോട്ടിലുണ്ടെന്ന് ഉറപ്പുവരുത്തണം

നോട്ട് മാറ്റിയെടുക്കാന്‍ പോകുമ്പോള്‍ ആര്‍ ബി ഐ നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ

ബസ് യാത്രയ്ക്കിടയിലും സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോഴും ഒക്കെ അപ്രതീക്ഷിതമായി കീറിയ നോട്ട് കിട്ടിയിട്ടില്ലേ. അബദ്ധം പറ്റിയെന്ന് പറഞ്ഞ് ചിലരെങ്കിലും അത് വലിച്ചെറിഞ്ഞിട്ടുമുണ്ടാവാം . പക്ഷേ കീറിയതും മുഷിഞ്ഞതുമായ നോട്ട് അതിനി എത്ര രൂപയുടെ ആയാലും കളയാന്‍ നില്‍ക്കണ്ട. കേടുപാടുകള്‍ സംഭവിച്ച നോട്ട് നഷ്ടം കൂടാതെ എങ്ങനെ മാറ്റിയെടുക്കാമെന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ പറയുന്നുണ്ട്.എല്ലാ വാണിജ്യ ബാങ്ക് ശാഖകളും മുഷിഞ്ഞതും കേടുപാടുകള്‍ സംഭവിച്ചതുമായ നോട്ടുകള്‍ പൊതുജനങ്ങളില്‍നിന്ന് സ്വീകരിക്കാന്‍ ബാധ്യസ്ഥരാണ്.

മുഷിഞ്ഞ നോട്ടുകളും കേടുപാടുകള്‍ സംഭവിച്ച നോട്ടുകളും

അതായത് നിറംമങ്ങിയതോ അഴുക്ക് പുരണ്ടതോ ചെറുതായി കീറിയതോ ആയ നോട്ടുകളെയാണ് മുഷിഞ്ഞ നോട്ടുകള്‍ solid note എന്ന് പറയുന്നത് . അതുപോലെ തന്നെ നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ വലിയ കീറലുകള്‍ സംഭവിക്കുകയോ ചെയ്ത നോട്ടുകളാണെങ്കില്‍ അവയെ കേടുപാടുകള്‍ സംഭവിച്ച നോട്ട് Mutilated Note എന്നാണ് പറയുന്നത്.

എങ്ങനെ നോട്ടുകള്‍ മാറ്റിയെടുക്കാം, എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ഇത്തരം നോട്ടുകള്‍ ഏതൊരു ബാങ്ക് ശാഖയിലും നല്‍കി മാറ്റിയെടുക്കാം. നിങ്ങള്‍ക്ക് അക്കൗണ്ട് ഇല്ലാത്ത ബാങ്ക് ആണെങ്കിലും ഈ സൗകര്യം ലഭ്യമാണ്. നേരിട്ട് അല്ലെങ്കില്‍ അക്കൗണ്ടിലേക്ക് പണം ലഭിക്കും. നോട്ടിന്റെ ഭാഗങ്ങള്‍ നഷ്ടപ്പെടുകയോ വലിയ കീറലുകള്‍ സംഭവിക്കുകയോ ചെയ്യുകയാണെങ്കില്‍ ഇത്തരം നോട്ടുകള്‍ RBI യുടെ നോട്ട് റീഫണ്ട് നിയമങ്ങള്‍ അനുസരിച്ച് മാറ്റിയെടുക്കേണ്ടതുണ്ട്. നോട്ടിന്റെ എത്രഭാഗം കേടുവന്നു എന്നതിനെ ആശ്രയിച്ചാണ് തിരികെ ലഭിക്കുന്ന തുക. ഇതിനുവേണ്ടി ബാങ്കുകളുടെ പ്രത്യേക ശാഖകളെ സമീപിക്കണം.

നോട്ട് മാറ്റിയെടുക്കുമ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

ഒരുപാട് മോശമായതും കത്തിക്കരിഞ്ഞതോ, ഒട്ടി പിടിച്ചതോ, തീരെ തിരിച്ചറിയാന്‍ പറ്റാത്തതോ ആയ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ RBI യുടെ ഇഷ്യു ഓഫീസുകളില്‍ നേരിട്ട് നല്‍കി പരിശോധനയ്ക്ക് വിധേയമാക്കണം. നോട്ടുകളില്‍ പശ തേയ്ക്കുക, സ്റ്റാപ്ലര്‍ അടിക്കുക ടേപ്പ് ഒട്ടിക്കുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യരുത്.

പണം തിരികെ ലഭിക്കുന്ന മാനദണ്ഡങ്ങള്‍

കേടുപാടുകള്‍ സംഭവിച്ച നോട്ടിന് എത്ര തുക തിരികെ ലഭിക്കും എന്നത് അതിലെ വാട്ടര്‍മാര്‍ക്ക്, സീരിയല്‍ നമ്പര്‍ തുടങ്ങിയ പ്രധാന ഭാഗങ്ങള്‍ വ്യക്തമാണോ എന്നതിനെ ആശ്രയിച്ചിരിക്കും.

Content Highlights :Do you know how to exchange torn notes? What are the things that the RBI recommends when going to exchange notes?

To advertise here,contact us