യെസ് ബാങ്കിന്റെ ഓഹരികൾ സ്വന്തമാക്കി ജപ്പാനിലെ സുമിറ്റോമോ മിറ്റ്സുയി ബാങ്കിംഗ് കോർപ്പറേഷൻ (എസ്എംബിസി). ഏകദേശം 13,483 കോടി രൂപയ്ക്കാണ് സുമിറ്റോമോ ഓഹരികൾ സ്വന്തമാക്കിയത്. ഇതോടെ യെസ് ബാങ്കിന്റെ 20 ശതമാനം ഓഹരികൾ സുമിറ്റോമോയുടെ പേരിലാവും.
ഒരു ഓഹരിക്ക് 21.50 എന്ന തോതിലാണ് എസ്എംബിസി യെസ് ബാങ്ക് ഓഹരികൾ സ്വന്തമാക്കുന്നത്. യെസ് ബാങ്കിന്റെ ഓഹരികൾ കൈവശമുള്ള എസ്ബിഐയിൽ നിന്ന് 13.19 ശതമാനം ഓഹരികൾ 8,889 കോടി രൂപയ്ക്കും, ആക്സിസ് ബാങ്ക്, ബന്ധൻ ബാങ്ക്, ഫെഡറൽ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് , ഐഡിഎഫ്സി ഫസ്റ്റ് ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക് എന്നിവയുൾപ്പെടെ മറ്റ് ബാങ്ക് ഓഹരി ഉടമകളിൽ നിന്ന് 6.81 ശതമാനം ഓഹരികളുമാണ് സുമിറ്റോമോ വാങ്ങുന്നത്.
ഇടപാടിന്റെ വിവരങ്ങൾ പുറത്തുവന്നതോടെ യെസ് ബാങ്കിന്റെ ഓഹരികൾ 9.77 ശതമാനം ഉയർന്ന് ഓഹരിവില 20 രൂപയിലെത്തി. 2020 മാർച്ചിൽ റിസർവ് ബാങ്ക് അംഗീകരിച്ച പുനർനിർമ്മാണ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു എസ്ബിഐ ഉൾപ്പെടെയുള്ള ബാങ്കുകൾ യെസ് ബാങ്കിൽ നിക്ഷേപം നടത്തിയത്. 'ഇന്ത്യൻ ബാങ്കിംഗ് മേഖലയിലെ ഏറ്റവും വലിയ ക്രോസ്-ബോർഡർ നിക്ഷേപമാണിത്,' എന്ന് യെസ് ബാങ്ക് പറഞ്ഞു.
അതേസമയം യെസ്ബാങ്കിന്റെ 10 ശതമാനത്തിലധികം ഓഹരികൾ എസ്ബിഐ കൈവശം വയ്ക്കുന്നത് തുടരും. സാമ്പത്തിക പ്രതിസന്ധി നേരിട്ട യെസ് ബാങ്കിന് 2020 മാർച്ച് 5 ന് ആർബിഐ മൊറട്ടോറിയം ഏർപ്പെടുത്തുകയും ഒരു നിക്ഷേപകന് പിൻവലിക്കാവുന്ന തുക 50,000 രൂപയായി പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു.
2024 ഡിസംബർ വരെ 2 ട്രില്യൺ യുഎസ് ഡോളർ ആസ്തിയും ശക്തമായ ആഗോള സാന്നിധ്യവുമുള്ള ജപ്പാനിലെ രണ്ടാമത്തെ വലിയ ബാങ്കിംഗ് ഗ്രൂപ്പാണ് സുമിറ്റോമോ മിറ്റ്സുയി ഫിനാൻഷ്യൽ ഗ്രൂപ്പ്.Content Highlights: Japanese company Sumitomo acquires stake in Yes Bank for Rs 13,483 crore