ഇക്കാലത്ത് ആളുകള്‍ക്ക് പലവിധത്തിലുളള ജീവിത ചെലവുകള്‍ വര്‍ദ്ധിച്ചുവരികയാണ്. അതുകൊണ്ടുതന്നെ ലോണുകള്‍ എടുക്കുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. മെഡിക്കല്‍ ചെലവുകള്‍,വിദ്യാഭ്യാസ ചെലവുകള്‍, വീട് നിര്‍മ്മാണം അങ്ങനെ പലവിധത്തിലുള്ള ആവശ്യങ്ങള്‍ക്ക് ആളുകള്‍ ലോണെടുക്കുന്നു. പക്ഷേ പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം, ആര്‍ക്കൊക്കെ പേഴ്സണല്‍ ലോണിന് അപേക്ഷിക്കാം തുടങ്ങിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ഇനി പറയാന്‍ പോകുന്നത്.
പല ആളുകള്‍ക്കും ഉള്ള മിഥ്യാ ധാരണയാണ് ശമ്പളക്കാരായവര്‍ക്ക് മാത്രമേ പേഴ്സണല്‍ ലോണിന് അര്‍ഹതയുള്ളൂ എന്നത്. എന്നാല്‍ അങ്ങനെയല്ല. സ്വയംതൊഴില്‍ ചെയ്യുന്ന പ്രൊഫഷണലുകള്‍, ബിസിനസ് ഉടമകള്‍, സ്റ്റാര്‍ട്ടപ്പുകള്‍, പെന്ഷന് വാങ്ങുന്നവര്‍ ഇവര്‍ക്കെല്ലാം പേഴ്സണല്‍ ലോണ്‍ ലഭിക്കാന്‍ അര്‍ഹതയുണ്ട്. പക്ഷേ ബാങ്കുകളെ വരുമാനവും തിരിച്ചടവിനുള്ള സാധ്യതയും ബോധിപ്പിക്കേണ്ടതുണ്ട്.
നിലവില്‍ ഒരു വായ്പ ഉണ്ടെങ്കിലും പുതിയ വായ്പയ്ക്ക് അപേക്ഷിക്കുകയും ചെയ്യാം. പക്ഷേ തിരിച്ചടവ് സാധ്യതകള്‍ അന്വേഷിച്ചറിഞ്ഞ ശേഷമേ ലോണ്‍ ലഭിക്കൂ. ക്രെഡിറ്റ് സ്കോറിനെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍ കുറഞ്ഞ സ്കോര്‍ ഉള്ളവര്‍ക്കും ലോണ്‍ ലഭിക്കും. പക്ഷേ ഉയര്‍ന്ന പലിശ നിരക്കുകളോ കര്‍ശനമായ തിരിച്ചടവ് വ്യവസ്ഥകളോ ധനകാര്യ സ്ഥാപനങ്ങള്‍ ചോദിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ ക്രെഡിറ്റ് സ്കോര്‍ 750 ന് മുകളിലാണെങ്കില്‍ വായ്പലഭിക്കാന്‍ സാധ്യത കൂടുതലാണ്. പക്ഷേ വായ്പ നല്‍കുന്നതിന് മുന്‍പ് ലഭിക്കേണ്ട ആളുടെ മുന്‍കാല തിരിച്ചടവ് രീതികള്‍, വരുമാനം, കടത്തിന്റെ നിലവാരം, തൊഴില്‍ സ്ഥിരത ഇവയും കണക്കിലെടുക്കുന്നു.
പേഴ്സണല്‍ ലോണുകള്‍ എടുക്കുമ്പോള്‍ പ്രതിവര്‍ഷ നിരക്കുകള്‍ 10 മുതല്‍ 15 ശതമാനം വരെയാണ്. പക്ഷേ ഓരോ വര്‍ഷവും 45 ശതമാനം വരെ പലിശ ഈടാക്കുന്ന ക്രെഡിറ്റ് കാര്‍ഡുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ വ്യക്തിഗത വായ്പയെടുക്കുന്നത് കൂടുതല്‍ മെച്ചപ്പെട്ട തിരഞ്ഞെടുക്കലാണ്.
Content Highlights :Who is eligible to get a personal loan?