ഇറാന്–ഇസ്രയേല്‍ സംഘര്‍ഷം രൂക്ഷമാകുകയും യുഎസിന്റെ ഇടപെടല്‍ ശക്തമാകുകയും ചെയ്തതോടെ ലോകത്ത് സാമ്പത്തിക അനിശ്ചിതത്വം വര്‍ധിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ നിക്ഷേപകര്‍ അപകടസാധ്യതയുള്ള ഓഹരി വിപണികളില്‍നിന്ന് മാറി സുരക്ഷിത നിക്ഷേപങ്ങളായ സ്വര്‍ണത്തിലും വെള്ളിയിലും കൂടുതല്‍ പണം നിക്ഷേപിക്കുകയാണ്. ഇതിന്റെ ഫലമായി അന്താരാഷ്ട്ര വിപണിയില്‍ ഇരു ലോഹങ്ങളുടേയും വിലയില്‍ വലിയ കുതിപ്പാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്.
സംഘർഷവും തീരുവയും സംബന്ധിച്ച ആകാംക്ഷകള്‍ നിലനിന്നിരുന്ന ഫെബ്രുവരിയില്‍ മാത്രം സ്വര്‍ണവില 11 ശതമാനം ഉയര്‍ന്നപ്പോള്‍ വെള്ളിവില 18 ശതമാനത്തിലധികമാണ് വര്‍ധിച്ചത്. ഇന്ത്യയിലെ എംസിഎക്സ് വിപണിയിലും സ്വര്‍ണം (24 കാരറ്റ്) 10 ഗ്രാമിന് 1.62 ലക്ഷം കവിയുകയും വെള്ളി കിലോയ്ക്ക് 2.82 ലക്ഷം കടക്കുകയും ചെയ്തു.
മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷം വ്യാപിക്കുകയോ എണ്ണവിതരണം തടസ്സപ്പെടുകയോ ചെയ്താല്‍ സ്വര്‍ണവില ഇനിയും വേഗത്തില്‍ ഉയരാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ചരിത്രപരമായി വലിയ യുദ്ധങ്ങളോ ജിയോപൊളിറ്റിക്കല്‍ പ്രതിസന്ധികളോ ഉണ്ടായാല്‍ സ്വര്‍ണത്തിലേക്കുള്ള സുരക്ഷിത നിക്ഷേപ ഒഴുക്ക് വര്‍ധിക്കാറുണ്ട്. ഈ സാഹചര്യത്തില്‍ സ്വര്‍ണം ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന് 5500 ഡോളർ മുതല്‍ 6200ഡോളർ വരെ എത്താനും വെള്ളി ഔണ്‍സിന് 100 ഡോളർ നില വീണ്ടും കടക്കാനും സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ആഗോളവിപണിയില്‍ ഏതെങ്കിലും സാഹചര്യത്തില്‍ സ്വർണ വില 6200 ഡോളറിലേക്ക് എത്തുകയാണെങ്കില്‍ കേരളത്തിലെ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 1.50 ലക്ഷം കടന്നേക്കും. ഇനി ആഭരണമായിട്ടാണ് സ്വർണം വാങ്ങുന്നതെങ്കില്‍ ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും 3 ശതമാനം ജിഎസ്ടിയും ഹോള്‍മാർക്കിങ് ചാർജുമൊക്കെ ചേർത്ത് 1.70 ലക്ഷമെങ്കിലും നല്‍കേണ്ടി വരും.
നിലവില്‍ യുദ്ധമാണ് പ്രധാന കാരണമെങ്കില്‍ സ്വര്‍ണവിലയുടെ ഉയര്‍ച്ചയ്ക്ക് യുദ്ധം മാത്രമല്ല കാരണം. കേന്ദ്രബാങ്കുകള്‍ സ്വര്‍ണശേഖരണം വര്‍ധിപ്പിക്കുന്നത്, പലിശനിരക്കുകള്‍ കുറയുന്നത്, ഡോളറിനോടുള്ള ആശ്രയം കുറയ്ക്കാനുള്ള ആഗോള പ്രവണത എന്നിവയും വില ഉയര്‍ത്തുന്ന ഘടകങ്ങളാണ്. ഇന്ത്യയില്‍ സ്വര്‍ണ വില 2 ലക്ഷം കടക്കാന്‍ ആഗോള വില കുതിപ്പ്, രൂപയുടെ മൂല്യനഷ്ടം, ആഭ്യന്തര പ്രീമിയം വര്‍ധനം എന്നിവ ഒരുമിച്ച് സംഭവിക്കേണ്ടതുണ്ടെന്നും വിദഗ്ധര്‍ പറയുന്നു. അതിനാല്‍ അടുത്ത കാലയളവില്‍ വലിയ ഉയര്‍ച്ചയ്ക്ക് സാധ്യതയുണ്ടെങ്കിലും 2 ലക്ഷം എന്ന നില അത്യന്തം ഗുരുതരമായ സാഹചര്യത്തില്‍ മാത്രമേ സംഭവിക്കൂ എന്നതാണ് വിലയിരുത്തല്‍.
കേരളത്തിലെ സ്വർണവില
ഇന്നും സ്വര്‍ണ്ണ വിലയില്‍ വന്‍കുതിപ്പ്. ഗ്രാമിന് 400 രൂപ വര്‍ധിച്ച് 15,865 രൂപയായി. ഇതോടെ പവന് 3,200 രൂപ വര്‍ധിച്ചു. 1,26,920 രൂപയാണ് ഇന്നത്തെ സ്വര്‍ണ്ണവില. ഇറാന്-ഇസ്രയേല്‍ സംഘര്‍ഷത്തിന് പിന്നാലെയാണ് സ്വര്‍ണ്ണവില കുതിച്ചത്.ഇന്നലെ മാത്രം 5,240 രൂപയാണ് സ്വര്‍ണ്ണത്തിന് കൂടിയത്. രാവിലെ 2,320 രൂപയും ഉച്ചയ്ക്ക് 2920 രൂപയും വര്‍ധിക്കുകയായിരുന്നു. ഇത്രയും രൂപ ഒറ്റയടിക്ക് അടുത്തൊന്നും ഉയര്‍ന്നിരുന്നില്ല. 1,23,720 രൂപയായിരുന്നു ഇന്നലത്തെ സ്വര്‍ണ്ണവില.
ഇറാന്–ഇസ്രയേല്‍ സംഘർഷം
ഏറെകാലങ്ങളായി നിലനില്‍ക്കുന്ന ഇറാന്–ഇസ്രയേല്‍ സംഘർഷം ഇപ്പോള്‍ തുറന്ന യുദ്ധത്തിലേക്കാണ് നീങ്ങിയിരിക്കുന്നത്. ദശകങ്ങളായി ഇരുരാജ്യങ്ങളും തമ്മില്‍ നേരിട്ടുള്ള യുദ്ധം ഒഴിവാക്കിയെങ്കിലും “നിഴല്‍യുദ്ധം” (shadow war) എന്ന രീതിയില്‍ പരസ്പരം ആക്രമണങ്ങളും രഹസ്യ നീക്കങ്ങളും നടത്തിവരികയായിരുന്നു. സിറിയ, ലെബനന്, ഗാസ, യെമന്‍ എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങളില്‍ ഇരുവരുടെയും സ്വാധീനം വ്യക്തമാണ്.
ഹിസ്ബുള്ള, ഹമാസ്, ഹൂതി വിമതര്‍ പോലുള്ള സായുധസംഘടനകള്‍ക്ക് ഇറാന് സാമ്പത്തികവും സൈനികവുമായ പിന്തുണ നല്‍കുന്നുവെന്നാണ് ഇസ്രയേലും അമേരിക്കയും ആരോപിക്കുന്നത്. അതേസമയം, ഇറാന് ഇസ്രയേലിനെ പാശ്ചാത്യ ശക്തികളുടെ പിന്തുണയോടെ മിഡില്‍ ഈസ്റ്റില്‍ ആധിപത്യം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാജ്യമായി കാണുന്നു. സിറിയയിലെ ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയുള്ള ഇസ്രയേല്‍ വ്യോമാക്രമണങ്ങളും ഇറാന് പിന്തുണയുള്ള സംഘങ്ങളുടെ റോക്കറ്റ് ആക്രമണങ്ങളും സംഘര്‍ഷം കൂടുതല്‍ രൂക്ഷമാക്കുന്ന ഘടകങ്ങളാണ്.
ഇറാനില്‍ യുഎസ് പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയും നിരവധി ഉന്നത ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാനില്‍ ഇരുന്നൂറിലേപ്പേർ കൊല്ലപ്പെട്ടതായും റിപ്പോര്‍ട്ടുണ്ട്. ഇന്നലെ ഇറാനിലെ ഹാര്‍മോസ്ഗനിലെ ഗേള്‍സ് സ്കൂളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 108 പേര് കൊല്ലപ്പെട്ടിരുന്നു. അറുപതിലധികം പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു.
Content Highlights: Experts say gold prices in India could approach ₹1.8 lakh to ₹2 lakh per 10 grams by late 2026 if global tensions persist and the rupee remains weak. Strong central bank buying, safe-haven demand, and geopolitical risks are driving the bullish outlook, though analysts warn that market corrections and easing tensions could limit further gains.