മൈലേജ് മുതൽ വിശ്വാസം വരെ; മാരുതി എന്നും ഒന്നാമത്

ഫിയറ്റുകളും അംബാസഡര്‍ കാറുകളും ഉപയോഗിച്ച് ശീലിച്ച ഒരു തലമുറയുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാന്‍ മാരുതി സുസുക്കിക്കായി

1 min read|23 Feb 2026, 10:51 am

വിപണിയില്‍ പ്രവേശിച്ചതു മുതല്‍ ഇന്ത്യക്കാരുടെ പ്രിയ വാഹനമാണ് മാരുതി സുസുക്കി കാറുകള്‍. ഫിയറ്റുകളും അംബാസഡര്‍ കാറുകളും ഉപയോഗിച്ച് ശീലിച്ച ഒരു തലമുറയുടെ ശ്രദ്ധ പെട്ടെന്ന് പിടിച്ചുപറ്റാന്‍ മാരുതി സുസുക്കിക്കായി.

കാറിന്റെ ഫീച്ചറുകള്‍, ന്യായമായ വില, മികച്ച എഞ്ചിന്‍, ആധുനിക ഡിസൈനുകള്‍ എന്നിവയെല്ലാം ഉപഭോക്താക്കളെ മാരുതിയിലേക്ക് ആകര്‍ഷിച്ചു. അങ്ങനെ ഒരു കാര്‍ വാങ്ങുമ്പോള്‍ എല്ലാവരും ആദ്യം പരിഗണിക്കുന്ന പേരായി മാരുതി മാറി. ഇന്നും മാരുതിക്ക് ഇന്ത്യന്‍ വിപണിയിലുള്ള ജനപ്രീതി മറ്റൊരു വാഹനത്തിനും ഇല്ലെന്ന് പറയാം.

ജനങ്ങളുടെ പള്‍സറിഞ്ഞ് കാറുകള്‍ പുറത്തിറക്കുന്നവരില്‍ ഏറ്റവും മിടുക്കരാരെന്ന് ചോദിച്ചാല്‍ നിസംശയം മാരുതിയെ ചൂണ്ടിക്കാണിക്കാം. ആള്‍ട്ടോ മുതല്‍ ബലേനോ വരെ നീളുന്ന ഹാച്ച്ബാക്ക് സെഗ്മെന്റില്‍ ഇതുപോലെ പണംവാരുന്ന കമ്പനി വേറെയില്ലതാനും. ഇക്കൂട്ടത്തില്‍ മികച്ച പെര്‍ഫോമന്‍സുള്ള കാര്‍ എന്ന പേര് വീണുകിട്ടയത് സ്വിഫ്റ്റിനാണ്. ഒന്നാം തലമുറ പതിപ്പിന്റെ പെര്‍ഫോമന്‍സ് ഇപ്പോഴത്തെ മോഡലിനില്ലെങ്കിലും ഫാന്‍ബേസ് ഒട്ടും കുറഞ്ഞിട്ടില്ല. സ്വിഫ്റ്റിന്റെ ആദ്യ തലമുറ മോഡല്‍ 2005-ലാണ് കമ്പനി ആദ്യം പുറത്തിറക്കുന്നത്. ഇത് കമ്പനിക്ക് വലിയ വിജയമായിരുന്നു.

മികച്ച ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടവയാണ് മാരുതി. മാരുതി കാറുകള്‍ മികച്ച മൈലേജ് നല്‍കുന്നത് സാധാരണക്കാരെ മാരുതിയിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ധനക്ഷമയ്‌ക്കൊപ്പം കാറ് അറ്റകുറ്റ പണികള്‍ ചെയ്യുന്നത് കൂടുതല്‍ ലാഭകരമായതും ഉപഭോക്താക്കളെ മാരുതിയിലേക്ക് ആകര്‍ഷിക്കുന്നു. ഇന്ധനക്ഷമത പരമാവധിയാക്കുന്നതിന് മാരുതി സുസുക്കി നൂതന സാങ്കേതികവിദ്യകളും കാര്യക്ഷമമായ എഞ്ചിന്‍ ഡിസൈനുകളും നടപ്പിലാക്കിയിട്ടുണ്ട്. അവരുടെ വാഹനങ്ങളില്‍ ഭാരം കുറഞ്ഞ നിര്‍മ്മാണം, എയറോഡൈനാമിക് സ്‌റ്റൈലിംഗ്, എഞ്ചിന്‍ ഒപ്റ്റിമൈസേഷനുകള്‍ തുടങ്ങിയ സവിശേഷതകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് ഇന്ധന ഉപഭോഗം കുറയ്ക്കുന്നു.

കോംപാക്റ്റ് ഹാച്ച്ബാക്കുകളോ സെഡാനുകളോ എസ്യുവികളോ ആകട്ടെ, മാരുതി സുസുക്കി മോഡലുകള്‍ സ്ഥിരമായി സെഗ്മെന്റില്‍ മുന്‍നിരയിലുള്ള മൈലേജ് കണക്കുകള്‍ നല്‍കുന്നു. ആള്‍ട്ടോ, വാഗണ്‍ ആര്‍, സ്വിഫ്റ്റ് പോലുള്ള ബ്രാന്‍ഡിന്റെ ചെറുകാറുകള്‍ ഉയര്‍ന്ന ഇന്ധനക്ഷമതയ്ക്ക് പേരുകേട്ടതാണ്. ഇത് ദൈനംദിന യാത്രകള്‍ക്കും നഗരത്തിലെ ഡ്രൈവിംഗിനും അനുയോജ്യമായ കാറുകളാണ്. ഇന്ത്യയിലുടനീളമുള്ള വിശാലമായ സര്‍വീസ് ശൃംഖലയും മാരുതിയുടെ ജനപ്രീതി വര്‍ദ്ധിപ്പിക്കുന്നു.

2026 ജനുവരിയില്‍ മാരുതി ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച വില്‍പ്പന റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2,36,963 യൂണിറ്റുകളാണ് ജനുവരിയില്‍ കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനയാണിത്. ഇതില്‍ ആഭ്യന്തര വില്‍പ്പന 1,78,300 യൂണിറ്റുകളാണ്. അതേസമയം മാരുതിയുടെ വാഹന കയറ്റുമതി 51,020 യൂണിറ്റുകളുമായി എക്കാലത്തെയും ഉയര്‍ന്ന പ്രതിമാസ റെക്കോര്‍ഡിലുമെത്തിയിരുന്നു.

ഇതുവരെയുള്ള ചരിത്രം നോക്കുകയാണെങ്കില്‍ വര്‍ഷങ്ങള്‍ക്ക് ശേഷവും ഉയര്‍ന്ന റീസെയില്‍ വാല്യൂവാണ് മാരുതിക്ക് ലഭിക്കുന്നത്. ഇത് മാരുതി സുസുക്കി മികച്ച നിക്ഷേപമായി കണക്കാക്കുന്നതിനും കാരണമാവുന്നു. ചുരുക്കി പറഞ്ഞാല്‍ ഇന്ത്യയില്‍ മാരുതിക്ക് തുല്യം മാരുതി മാത്രം. മാരുതിയുടെ കുത്തക തകര്‍ക്കാന്‍ മറ്റേതെങ്കിലും വാഹനത്തിനാവുമോയെന്ന് കാത്തിരുന്നു കാണാം.

Content Highlights: Maruti Suzuki continues to dominate the Indian automobile market

To advertise here,contact us