എട്ടാം ശമ്പള കമ്മീഷന്‍; ജീവനക്കാരുടെ ആകാംക്ഷ മുതലെടുത്ത് സൈബര്‍ തട്ടിപ്പുകാര്‍

ശമ്പള വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് വ്യാജ സന്ദേശങ്ങളും ലിങ്കുകളും വ്യാപകമാകുന്നത്

എട്ടാം ശമ്പള കമ്മീഷന്‍ പ്രഖ്യാപനത്തിനായുള്ള കാത്തിരിപ്പിനിടെ, സര്‍ക്കാര്‍ ജീവനക്കാരെയും പെന്‍ഷന്‍കാരെയും ലക്ഷ്യമിട്ട് സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍. ശമ്പള പരിഷ്‌കരണവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ആകാംക്ഷ ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്താനാണ് ഇവരുടെ നീക്കം.

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ഇടയില്‍ ശമ്പള വര്‍ദ്ധനവിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമായതോടെയാണ് വ്യാജ സന്ദേശങ്ങളും ലിങ്കുകളും വ്യാപകമാകുന്നത്. ശമ്പള പരിഷ്‌കരണത്തിന് ശേഷമുള്ള പുതിയ ശമ്പളം കണക്കാക്കാം എന്ന വ്യാജേന വാട്‌സാപ്പ് വഴിയും മറ്റും പ്രചരിക്കുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുന്നത് വലിയ അപകടത്തിന് വഴിവെക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇത്തരം അനധികൃത ലിങ്കുകള്‍ വഴി വ്യക്തിഗത വിവരങ്ങളും ബാങ്ക് രേഖകളും ചോര്‍ത്തപ്പെടാന്‍ സാധ്യതയുണ്ടെന്നും ജീവനക്കാര്‍ അതീവ ജാഗ്രത പാലിക്കണമെന്നും സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

എട്ടാം ശമ്പള കമ്മീഷന്‍ നടപ്പിലാക്കുമ്പോള്‍ ലഭിക്കുന്ന വര്‍ദ്ധനവ് അറിയാന്‍ വാട്‌സാപ്പിലൂടെ പ്രചരിക്കുന്ന ലിങ്കുകളോ ഫയലുകളോ ഡൗണ്‍ലോഡ് ചെയ്യരുതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍ സുരക്ഷാ വിഭാഗമായ 'സൈബര്‍ ദോസ്ത്' കര്‍ശന മുന്നറിയിപ്പ് നല്‍കി. ഔദ്യോഗിക എക്‌സ് പേജിലൂടെയാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഈ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ശമ്പളം കണക്കുകൂട്ടാന്‍ സഹായിക്കുന്ന ആപ്പ് എന്ന വ്യാജേന ഒരു APK ഫയല്‍ ഇന്‍സ്റ്റാള്‍ ചെയ്യാനാണ് ഇത്തരം സന്ദേശങ്ങള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഈ ഫയല്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നിമിഷം ഫോണിന്റെ പൂര്‍ണ്ണമായ നിയന്ത്രണം തട്ടിപ്പുകാരുടെ കൈകളിലെത്തും.

ബാങ്ക് വിവരങ്ങള്‍, ഒടിപി , സ്വകാര്യ സന്ദേശങ്ങള്‍ എന്നിവയടക്കം ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കുമെന്നും, തട്ടിപ്പ് സംഘങ്ങള്‍ ജീവനക്കാരുടെ ആകാംക്ഷയെയാണ് ആയുധമാക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Fake 8th Pay Commission Salary Calculator Scam Fraudsters Are Draining Govt Employees Bank Accounts

To advertise here,contact us