ദേശീയപാതകളില്‍ പരിസ്ഥിതി സൗഹൃദ വികസനം ലക്ഷ്യമിട്ട് രാജ്യത്താദ്യമായി 'ബീ കോറിഡോറുകള്‍' നിര്‍മ്മിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ ഒരുങ്ങുന്നു. സുസ്ഥിരമായ അടിസ്ഥാന സൗകര്യ വികസനവും, ജൈവവൈവിധ്യ സംരക്ഷണവും മുന്‍നിര്‍ത്തിയുള്ള ഈ പദ്ധതി രാജ്യത്തെ ഇത്തരത്തിലുള്ള ആദ്യ സംരംഭമാണെന്ന് എന്‍എച്ച്എഐ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
തേനീച്ചകളുടെ വംശവര്‍ദ്ധനവിനും ആവാസവ്യവസ്ഥയുടെ നിലനില്‍പ്പിനും മുന്‍ഗണന നല്കുന്ന ഈ പദ്ധതിയിലൂടെ 'ഹരിതപാതകള്‍' യാഥാര്‍ത്ഥ്യമാക്കുകയാണ് ലക്ഷ്യം. പരിസ്ഥിതി സന്തുലിതാവസ്ഥ ഉറപ്പാക്കുന്നതിനൊപ്പം പ്രകൃതിദത്തമായ രീതിയില്‍ ജൈവവൈവിധ്യം സംരക്ഷിക്കാനും ഈ നീക്കം സഹായിക്കും.
സൗന്ദര്യവല്‍ക്കരണത്തിനായി ഒരുക്കുന്ന അലങ്കാര തോട്ടങ്ങളില്‍ നിന്ന് മാറി, പരിസ്ഥിതിക്ക് ഗുണകരമാകുന്ന 'പാരിസ്ഥിതിക തോട്ടങ്ങളിലേക്ക്' ദേശീയപാത അതോറിറ്റി ചുവടുമാറ്റുന്നത് കര്‍ഷകരേയും സഹായിക്കും.
ഇതിന്റെ ഭാഗമായി പാതയോരങ്ങളില്‍ തേനീച്ചകള്‍ക്ക് ഇഷ്ട്ടമുള്ള പൂക്കുന്ന മരങ്ങളും സസ്യങ്ങളും വച്ചുപിടിപ്പിക്കും. വര്‍ഷം മുഴുവനും തേനീച്ചകള്‍ക്ക് ആവശ്യമായ തേനും പൂമ്പൊടിയും ലഭ്യമാകുന്ന രീതിയിലാണ് ഇവ ക്രമീകരിക്കുന്നത്.
തേനീച്ചകളും മറ്റ് പരാഗണം നടത്തുന്ന പൂമ്പാറ്റ പോലുള്ളവയും നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ കുറയ്ക്കാന്‍ ഈ നീക്കം സഹായിക്കുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി.
കാര്‍ഷിക-തോട്ടവിള മേഖലകളിലെ ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനും ഇത് അത്യന്താപേക്ഷിതമാണെന്നും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
Content Highlights: NHAI to Develop First of its ‘BeeCorridors’ Along the National Highways