ബെംഗളൂരുവില്‍ ചൂതുകളിക്ക് പണം കണ്ടെത്തുന്നതിനായി ഉപഭോക്താക്കളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ദുരുപയോഗം ചെയ്ത് ബാങ്ക് ജീവനക്കാര്‍. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് ഡെപ്യൂട്ടി മാനേജരെ പോലീസ് അറസ്റ്റ് ചെയ്തു. ഉപഭോക്താക്കളുടെ 3.5 കോടി രൂപയിലധികം വിലമതിക്കുന്ന 2,780 ഗ്രാം സ്വര്‍ണ്ണാഭരണങ്ങളാണ് ഉദ്യോഗസ്ഥര്‍ അനധികൃതമായി പണയം വച്ചത്.
ഫെബ്രുവരി 5 ന് ഗിരിനഗര്‍ പോലീസ് സ്റ്റേഷനില്‍ പ്രതികള്‍ക്കെതിരെ ബാങ്കിന്റെ ചീഫ് മാനേജര്‍ പരാതി നല്‍കിയതോടെയാണ് തട്ടിപ്പ് പുറത്തുവന്നത്.
ഉന്നത അധികാരികളെ അറിയിക്കാതെ പ്രതികള്‍ ബാങ്ക് ലോക്കറുകളില്‍ നിന്ന് 2,780 ഗ്രാം സ്വര്‍ണ്ണാഭരണങ്ങള്‍ എടുത്ത് മറ്റൊരു ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചതായി പോലീസ് പറഞ്ഞു.
അന്വേഷണത്തിനിടെ, പ്രതികള്‍ ഓണ്‍ലൈന്‍ വാതുവെപ്പിനായി തുക ചെലവഴിച്ചതിന് തെളിവുകള്‍ ലഭിച്ചതായി പോലീസ് അറിയിച്ചു. സ്വര്‍ണ്ണം വീണ്ടെടുക്കാന്‍ ശ്രമിക്കുകയാണെന്നും ഇതുവരെ ഏകദേശം 700 ഗ്രാം കണ്ടെടുത്തതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ലോകേഷ് ബി ജഗലസര്‍ പറഞ്ഞു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട് ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് സഹകരണം ലഭിക്കാത്തതിനാല്‍ കോടതിയെ സമീപിക്കുമെന്നും പ്രതികള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതികള്‍ക്കെതിരെ കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്.
ബാങ്ക് ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന ആഭരണങ്ങളുടെ സുരക്ഷ പരിശോധിക്കാന്‍ പോലീസ് ഉപഭോക്താക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Content Highlights:bengaluru bank staff uses customers gold worth 3.5 crores to fund gambling