ഡിജിറ്റല്‍ തട്ടിപ്പിനെതിരെ ആര്‍ബിഐ, ഇരയായവര്‍ക്ക് 25,000 രൂപ നഷ്ടപരിഹാരം

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ മോണിറ്ററി പോളിസി യോഗത്തില്‍ തീരുമാനമായി

റിപ്പോ നിരക്ക് 5.25 ശതമാനത്തില്‍ മാറ്റമില്ലാതെ നിലനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, മോണിറ്ററി പോളിസി യോഗത്തില്‍ തീരുമാനമായി. യുഎസുമായും യൂറോപ്യന്‍ യൂണിയനുമായും അടുത്തിടെയുണ്ടായ വ്യാപാര കരാറുകള്‍ മൂലം ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ ശക്തിപ്പെടുമെന്ന പ്രതീക്ഷയിലാണ് ഈ തീരുമാനം.

സ്വകാര്യ ഉപഭോഗവും, നിക്ഷേപവും കൂടുന്നതിനാല്‍, നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യയുടെ സമ്പദ്വ്യവസ്ഥ 7.4% വളര്‍ച്ച നേടുമെന്ന് പ്രതീക്ഷിക്കുന്നുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. 2026-27 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചതിനു ശേഷമുള്ള ആദ്യ ധനനയ അവലോകനമാണിത്. ഇന്ത്യയില്‍ കയറ്റുമതിയെക്കാള്‍, ഇറക്കുമതി കൂടുന്നത് ഒരു പ്രശ്‌നമായി റിസര്‍വ് ബാങ്ക് കാണുന്നുണ്ട്. കാര്‍ഷിക പ്രവര്‍ത്തനങ്ങളും തൊഴില്‍ വിപണി സാഹചര്യങ്ങളും മെച്ചപ്പെട്ടതിനാല്‍ ഗ്രാമീണ മേഖലയിലെ ഡിമാന്‍ഡ് സ്ഥിരമായിരിക്കുമെന്നും സ്വകാര്യ ഉപഭോഗത്തിലെ കുതിപ്പ് അടുത്ത വര്‍ഷം തുടരുമെന്നും ഗവര്‍ണര്‍ പറഞ്ഞു.

പലിശ നിരക്ക് കുറക്കാത്തതിനാല്‍, റിയല്‍ എസ്റ്റേറ്റ്, ബാങ്കിംഗ്, ധനകാര്യ സേവനങ്ങള്‍, ഓട്ടോ എന്നീ മേഖലകളിലെ ഓഹരികളെല്ലാം തളര്‍ച്ചയിലാണ്. എന്നാല്‍ ഓഹരി വിപണിയില്‍ വ്യാപാരം അവസാനിച്ച ഘട്ടത്തില്‍ സെന്‍സെക്‌സ് ദിവസത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍ നിന്ന് ഏകദേശം 500 പോയിന്റ് വീണ്ടെടുത്തു. നിഫ്റ്റി 25,600 ലെവല്‍ തിരിച്ചുപിടിച്ചു.

25000 രൂപ നഷ്ടപരിഹാരം

ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ കൂടുന്ന കാലഘട്ടത്തില്‍ ഉപഭോക്താക്കളെ സംരക്ഷിക്കാന്‍ റിസര്‍വ് ബാങ്ക് ഒരു നിര്‍ദേശം മുന്നോട്ടു വെച്ചു. ഓണ്‍ലൈന്‍ ഇടപാടുകളില്‍ ആളുകള്‍ വഞ്ചിക്കപെട്ടാല്‍ 25000 രൂപ വരെ നഷ്ടപരിഹാരം നല്‍കുന്നതാണ് പദ്ധതി. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഡിജിറ്റല്‍ തട്ടിപ്പ് കേസുകളില്‍ ഭൂരിഭാഗവും 55,000 രൂപയില്‍ താഴെയുള്ള തുകകളാണ് എന്നാണ് റിസര്‍വ് ബാങ്ക് മനസിലാക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പിനെ പേടിച്ച് ചെറുകിടക്കാര്‍ ഓണ്‍ലൈന്‍ ഇടപാടുകള്‍ നിര്‍ത്തരുത് എന്ന റിസര്‍വ് ബാങ്കിന്റെ കരുതല്‍ ഇതിനു പിന്നിലുണ്ട്.

തെറ്റായ വില്പന തടയും

അനുയോജ്യമല്ലാത്ത സാമ്പത്തിക ഉല്‍പ്പന്നങ്ങളോ സേവനങ്ങളോ വില്‍ക്കുന്നത് ഉപഭോക്താക്കള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് സഞ്ജയ് മല്‍ഹോത്ര പറഞ്ഞു. ബാങ്ക് കൗണ്ടറുകളില്‍ വില്‍ക്കുന്ന ഉല്‍പ്പന്നങ്ങളും സേവനങ്ങളും ഉപഭോക്താവിന്റെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമാണെന്നും അവരുടെ റിസ്‌ക് എടുക്കാനുള്ള കഴിവുമായി പൊരുത്തപ്പെടുന്നുണ്ടെന്നും ഉറപ്പാക്കേണ്ടത് ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആശങ്കകള്‍ പരിഹരിക്കുന്നതിനും സാമ്പത്തിക സ്ഥാപനങ്ങളില്‍ തെറ്റായ വില്‍പ്പന രീതികള്‍ തടയുന്നതിനുമായി കരട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കാന്‍ ആര്‍ബിഐ പദ്ധതിയിടുന്നു.

വായ്പ തിരിച്ചുപിടിക്കുന്ന രീതികള്‍ മാറ്റും

റിക്കവറി ഏജന്റുമാരുടെ ഇടപെടലും വായ്പാ റിക്കവറി രീതികളും സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ ആര്‍ബിഐ അവലോകനം ചെയ്യുകയും, പുതിയവ കൂട്ടി യോജിപ്പിക്കുകയും ചെയ്യുമെന്ന് മല്‍ഹോത്ര പ്രഖ്യാപിച്ചു. നിലവില്‍, വിവിധ വിഭാഗങ്ങളിലുള്ള സ്ഥാപനങ്ങള്‍ വായ്പാ റിക്കവറി ഏജന്റുമാരുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിര്‍ദ്ദേശങ്ങള്‍ ആണ് പിന്തുടരുന്നത്. റിക്കവറി ഏജന്റുമാരുടെ ഇടപെടലിനെക്കുറിച്ചും വായ്പകളുടെ റിക്കവറിയുമായി ബന്ധപ്പെട്ട മറ്റ് വശങ്ങളെക്കുറിച്ചും നിലവിലുള്ള എല്ലാ പെരുമാറ്റവുമായി ബന്ധപ്പെട്ട നിര്‍ദ്ദേശങ്ങളും അവലോകനം ചെയ്യാനും റിസര്‍വ് ബാങ്ക് തീരുമാനിച്ചതായി അദ്ദേഹം അറിയിച്ചു.

Content Highlights: RBI moves to shield customers from small fraud, caps compensation at Rs 25,000

To advertise here,contact us