ലോകത്തിലെ ഏറ്റവും കുറഞ്ഞ ചെലവില്‍ വിദ്യാഭ്യാസം നല്കുന്ന നഗരമെന്ന ഖ്യാതി സ്വന്തമാക്കി ഡല്‍ഹി. രാജ്യാന്തര വിദ്യാര്‍ത്ഥികളുടെ പഠനം സംബന്ധിച്ച് പുതിയ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. നൈറ്റ് ഫ്രാങ്ക്, ഡെലോയിറ്റ് ഇന്ത്യ, ക്യുഎസ് റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് വിദ്യാഭ്യാസ ചെലവ് കുറഞ്ഞ നഗരങ്ങളില്‍ ഡല്‍ഹിയാണ് ഒന്നാം സ്ഥാനത്ത്. തൊട്ടു പിന്നാലെ മുംബൈ 11-ാം സ്ഥാനത്തും ബെംഗളൂരു 15-ാം സ്ഥാനത്തുമുണ്ട്.
ആറ് പ്രധാന വിഭാഗങ്ങളിലായി വൈവിധ്യമാര്‍ന്ന സൂചകങ്ങളെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നല്‍കിയിരിക്കുന്നത്. താങ്ങാനാവുന്ന വിദ്യാഭ്യാസ ചെലവുകള്‍, സര്‍വകലാശാല റാങ്കിംഗ്, നഗര അഭിരുചികള്‍, വിവിധ രാജ്യങ്ങളിലെ വിദ്യാര്‍ത്ഥികളുടെ കൂടിച്ചേരല്‍ എന്നിങ്ങനെ ഈ വിഭാഗങ്ങളിലായി 150 നഗരങ്ങളെ വിലയിരുത്തിയാണ് ഇത് തയ്യാറാക്കിയത്. താങ്ങാനാവുന്ന ചെലവുകളുടെ കാര്യത്തില്‍, ഇന്ത്യയ്ക്ക് നിര്‍ണായകമായ നേട്ടമുണ്ട്. ഇവിടെയാണ് ഇന്ത്യന്‍ നഗരങ്ങള്‍ മിക്കവാറും എല്ലാ പ്രധാന ആഗോള വിദ്യാഭ്യാസ കേന്ദ്രങ്ങളെയും മറികടക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
യുകെ, യുഎസ്, യൂറോപ്പ്, ഓസ്ട്രേലിയ എന്നിവിടങ്ങളിലെ നഗരങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ട്യൂഷന് ഫീസ്, ജീവിതച്ചെലവ്, വാങ്ങല്‍ ശേഷി എന്നിവ ഇന്ത്യയില്‍ വളരെ അനുകൂലമാണ്.
വിദ്യാര്‍ത്ഥികള്‍ക്കും അതുവഴി മാതാപിതാക്കള്‍ക്കും, ഗുണനിലവാരത്തില്‍ മാറ്റമില്ലാതെ വിദ്യാഭ്യാസച്ചെലവ് കുറയ്ക്കുന്നതിനും ദീര്‍ഘകാലത്തേക്ക് വിദ്യാഭ്യാസ ലോണുകളും അതിനെ തുടര്‍ന്നുള്ള സാമ്പത്തിക ഞെരുക്കം കുറയ്ക്കുന്നതിനും ഡല്‍ഹി മികച്ച തിരഞ്ഞെടുപ്പായിരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. തൊഴില്‍ സാധ്യത കൂടുതലായതിനാല്‍ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇത് സഹായിക്കും.
അതേസമയം, ആഗോള സര്‍വകലാശാലകള്‍ കൂടുതലായും ഇന്ത്യയെ വിദ്യാര്‍ത്ഥികളുടെ ഉറവിടമായി കാണുന്നുണ്ട്. 18 മുതല്‍ 23 വയസ്സ് പ്രായമുള്ളവരുടെ ലോകത്തിലെ ഏറ്റവും വലിയ ജനസംഖ്യ ഇന്ത്യയിലാണ്. ഏകദേശം 155 ദശലക്ഷം യുവതീ, യുവാക്കള്‍ ഇന്ത്യയിലുണ്ട്. പരമ്പരാഗതമായി വിദേശ രാജ്യത്തേക്ക് പോകുന്ന വിദ്യാര്‍ത്ഥികളില്‍ നിന്ന് ഓഫ്ഷോര്‍ യൂണിവേഴ്സിറ്റി കാമ്പസുകളിലേക്ക് ഇന്ത്യ മാറുകയാണെന്ന് റിയല്‍ എസ്റ്റേറ്റ് കണ്‍സള്‍ട്ടന്റ് നൈറ്റ് ഫ്രാങ്ക് ഇന്ത്യ ഒരു പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ നയങ്ങള്‍, ജനസംഖ്യ, നഗര സൗകര്യങ്ങള്‍ എന്നിവയാല്‍ ആഗോള ഉന്നത വിദ്യാഭ്യാസത്തിന്റെ വികാസത്തിന് ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യസ്ഥാനമായി മാറാന്‍ ഇന്ത്യ ഒരുങ്ങിയിരിക്കുകയാണ്.
Content Highlights: Low-cost education places Delhi at the top globally