2025 അവസാനത്തോടെ 1,20,000 ഡോളറും കടന്നു കുതിച്ച ബിറ്റ്കോയിൻ ഇപ്പോൾ കുത്തനെ ഇടിയുകയാണ്. ബിറ്റ്കോയിൻ സ്പോട്ട് ഇടിഎഫുകളിൽ തുടർച്ചയായി വില്പന സമ്മർദ്ധം ശക്തമാണ്. കഴിഞ്ഞ ആഴ്ച 1.3 ബില്യൺ ഡോളറിന്റെ വില്പനയാണ് നടന്നത്. ഇതോടെ ബിറ്റ് കോയിൻ വില 90,000 ഡോളറിൽ താഴെയെത്തി. നവംബറിന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. അതേസമയം 2025 ജനുവരി മുതൽ, സ്വർണ്ണവും വെള്ളിയും ബിറ്റ് കോയിനേക്കാൾ മികച്ച പ്രകടനം കാഴ്ചവച്ചിട്ടുണ്ട്.
ആഗോളതലത്തിൽ അനിശ്ചിതത്വം, ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, പണപ്പെരുപ്പത്തെക്കുറിച്ചുള്ള ആശങ്കകൾ എന്നിവ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ നിക്ഷേപകർ പരമ്പരാഗത സുരക്ഷിത ഇടങ്ങളായ സ്വർണ്ണം, വെള്ളി എന്നിവയിലെ നിക്ഷേപം കൂട്ടുന്നുണ്ട്. നിക്ഷേപകർ സമ്പത്ത് സംരക്ഷിക്കുന്നതിനായി സുരക്ഷിതമായ ആസ്തികളായി സ്വർണ്ണത്തിലേക്കും വെള്ളിയിലേക്കും പണമൊഴുക്കുമ്പോൾ വിലയും പിടിവിട്ടുയരുകയാണ്.
കേന്ദ്ര ബാങ്കുകൾ കരുതൽ ആസ്തിയായി കാണുന്നതിന് പുറമെ ആഗോള തലത്തിലെ സംഘർഷങ്ങൾ, കറൻസിയിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ എന്നിവയും സ്വർണ്ണം വെള്ളി വിലകളെ സ്വാധീനിക്കുന്നുണ്ട്.മുഖം തിരിക്കുന്ന വമ്പൻ സ്ഥാപന നിക്ഷേപകർബ്ലാക്ക് റോക്കിന്റെയും ഫിഡിലിറ്റിയുടെയും ക്ലയന്റുകൾ ഗണ്യമായ അളവിൽ ബിറ്റ് കോയിൻ വിറ്റഴിച്ചിട്ടുണ്ട്. വിപണിയിലെ ചാഞ്ചാട്ടം, മാക്രോ ഇക്കണോമിക് സാഹചര്യങ്ങൾ, ലാഭമെടുക്കൽ എന്നിവയോടുള്ള നിക്ഷേപകരുടെ പ്രതികരണങ്ങളാണ് നിക്ഷേപക സ്ഥാപനങ്ങളും ബിറ്റ് കോയിനിൽ നിന്നും മുഖം തിരിക്കാൻ കാരണം. ബ്ലാക്ക്റോക്കിന്റെ (IBIT- iShares) ബിറ്റ്കോയിൻ ട്രസ്റ്റിൽ നിന്ന് ഗണ്യമായ വിറ്റഴിക്കലാണ് ഉണ്ടായത് .ഫിഡിലിറ്റിയുടെ (എഫ്ബിടിസി-വൈസ് ഒറിജിൻ) ബിറ്റ്കോയിൻ ഫണ്ടും ഗണ്യമായ ഒഴുക്ക് രേഖപ്പെടുത്തി. സ്പോട്ട് ബിറ്റ്കോയിൻ ഇടിഎഫുകൾക്കായുള്ള ഡിമാൻഡ് ദീർഘകാലാടിസ്ഥാനത്തിൽ ശക്തമായി തുടരുന്നുണ്ട് എങ്കിലും, ഇപ്പോഴത്തെ സാഹചര്യങ്ങളിൽ വിറ്റൊഴിയൽ ഉണ്ടാകുന്നത് ശ്രദ്ധിക്കപ്പെടുന്നുണ്ട്.
അതിശയിപ്പിക്കുന്ന നേട്ടം തന്ന സ്വർണ്ണവും വെള്ളിയും
2025 ൽ അതിശയകരമായ പ്രകടനമാണ് സ്വർണ്ണവും വെള്ളിയും കാഴ്ചവെച്ചത്.കറൻസി മൂല്യത്തകർച്ചയ്ക്കെതിരായി നിക്ഷേപകർ ഇതിനെ പ്രയോജപ്പെടുത്തി എന്ന് തന്നെ പറയാം. അതേസമയം ക്രിപ്റ്റോകറൻസിക്ക് വിലയിടിവ് ആണുണ്ടായത് .സ്വർണ്ണ വില ഏകദേശം 65-70% വർധനവോടെ റെക്കോർഡ് ഉയരത്തിലെത്തിയപ്പോൾ വെള്ളി വില 140% ത്തിലധികം ഉയർന്നു. ബിറ്റ്കോയിനിൽ ഏകദേശം 8% ഇടിവ്. മികച്ച റിട്ടേൺ നൽകിയ മുൻ ദശകത്തിൽ നിന്ന് വ്യത്യസ്തമായി ബിറ്റ്കോയിനിൽ കനത്ത ഇടിവാണ് കണ്ടത് .
10 വർഷത്തെ കണക്കുകൾ നോക്കുമ്പോൾ ആദായത്തിന്റെ കാര്യത്തിൽ ബിറ്റ്കോയിൻ ഇപ്പോഴും സ്വർണത്തിനും വെള്ളിക്കും ഏറെ മുന്നിലാണ്.
ഏറ്റവും കൂടുതൽ വിപണി മൂലധനമുള്ള (മാർക്കറ്റ് ക്യാപ്) 7 ക്രിപ്റ്റോകറൻസികളുടെ ഇന്നത്തെ വില,വിപണി മൂലധനം എന്നിവ താഴെ കൊടുത്തിരിക്കുന്നു.ഈ ലേഖനം ക്രിപ്റ്റോകറൻസികളെക്കുറിച്ചുള്ള വസ്തുനിഷ്ടമായ വിശകലനത്തിനായി മാത്രമുള്ളതാണ്. ക്രിപ്റ്റോ കറൻസി നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുന്നതല്ല.
Reference :കോയിൻഗെക്കോ.കോം (26-01-2026)
Content Highlights: Gold and silver surpass Bitcoin