പുതുമയിലൂടെ ചരിത്രത്തിലേക്ക് നടന്നുകയറുകയാണ് ധനമന്ത്രി നിർമല സീതാരാമൻ. കേന്ദ്ര ബജറ്റ് അവതരിപ്പിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഒട്ടനവധി റെക്കോർഡുകൾ ആണ് ധനമന്ത്രി നിർമല സീതാരാമൻ സ്വന്തം പേരിൽ തിരുത്തി കുറിക്കുന്നത്. ഇന്ത്യയുടെ ചരിത്രത്തിൽ യൂണിയൻ ബജറ്റ് അവതരിപ്പിച്ച രണ്ടാമത്തെ വനിതയായ നിർമ്മല തുടർച്ചയായ ഒൻപതാം ബജറ്റ് അവതരണം എന്ന റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ്. ഒരു ധനകാര്യ മന്ത്രിയും കൈവരിക്കാത്ത നേട്ടം. തുടർച്ചയായി ഏറ്റവും കൂടുതൽ ബജറ്റുകൾ അവതരിപ്പിച്ച ധനകാര്യ മന്ത്രിയെന്ന റെക്കോർഡ് നിർമല സീതാരാമനാണ് കൈവശം വെച്ചിരിക്കുന്നത്. 2019 മുതൽ 2025 വരെ തുടർച്ചയായി എട്ട് ബജറ്റുകൾ അവതരിപ്പിച്ച ഇന്ത്യയിലെ ഏക ധനകാര്യ മന്ത്രി. 2019 മുതൽ മോദി സർക്കാരിന്റെ ധനകാര്യ ചുമതല വഹിച്ചുവരുന്നതാണ് ഈ റെക്കോർഡ് സ്വന്തമാക്കാൻ സഹായകമായത്. ഡിജിറ്റൽ ബജറ്റ് മുതൽ 'ബ്രിഫ്കേസ്' ഇല്ലാത്ത ബജറ്റ് വരെ എത്തി നിൽക്കുകയാണ് ഇന്ത്യയുടെ ബജറ്റ് ട്രാൻസ്ഫർമേഷൻ.
ബജറ്റിന്റെ ദൈർഘ്യം
ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം നടത്തിയെന്ന റെക്കോർഡ് നിർമല സീതാരാമന്റെ പേരിലാണ്. 2020ൽ 2 മണിക്കൂർ 42 മിനിറ്റ് നീണ്ട ബജറ്റ് പ്രസംഗം നടത്തിയതോടെ, 2019ൽ 2 മണിക്കൂർ 17 മിനിറ്റ് ദൈർഘ്യമുള്ള പ്രസംഗം എന്ന സ്വന്തം റെക്കോർഡും അവർ മറികടന്നു. 1977ൽ അന്നത്തെ ധനമന്ത്രി ആയിരുന്ന ഹിരുഭായ് എം 800 വാക്കുകൾ മാത്രം ഉൾക്കൊള്ളുന്ന ചരിത്രത്തിലെ ഏറ്റവും ചുരുങ്ങിയ ഇടക്കാല ബജറ്റ് പ്രസംഗം നടത്തി.1991-ൽ മൻമോഹൻ സിംഗ് 18,650 വാക്കുകളടങ്ങിയ ബജറ്റ് പ്രസംഗം നടത്തി. വാക്കുകളുടെ എണ്ണത്തിൽ ഇതാണ് ഇന്നും ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം. ഇതിനു പുറമെ 2018-ൽ അരുൺ ജെയ്റ്റ്ലിയുടെ ബജറ്റ് അവതരണം 18,604 വാക്കുകളുടെ എണ്ണത്തിൽ രണ്ടാമത്തെ ദൈർഘ്യമേറിയ ബജറ്റ്. എന്നാൽ പിന്നീടിങ്ങോട്ട് നിർമല സീതാരാമൻ തന്റെ കാലഘട്ടത്തിലെ ബജറ്റ് പ്രസംഗങ്ങളുടെ ദൈർഘ്യം ക്രമാതീതമായി കുറച്ചതായി കാണാം. മുൻ വർഷങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ, ബജറ്റ് അവതരണ സമയം അവർ തുടർച്ചയായി ചുരുക്കി, കൂടുതൽ സംക്ഷിപ്തവും കാര്യക്ഷമവുമായ രീതിയിലേക്ക് ബജറ്റ് പ്രസംഗങ്ങളെ മാറ്റി.
2019 ആദ്യ ബജറ്റ് പ്രസംഗം
2019-ൽ, പാർലമെന്റിൽ നിർമല സീതാരാമൻ തന്റെ ആദ്യ ബജറ്റ് പ്രസംഗം നടത്തി. ഇടയ്ക്കിടെ ഹിന്ദി, തമിഴ്, ഉറുദു, സംസ്കൃതം എന്നിവയിൽ പ്രസംഗഭാഗങ്ങൾ ഉൾപ്പെടുത്തിയ പ്രസംഗം രണ്ട് മണിക്കൂർ 17 മിനിറ്റ് നീണ്ടുനിന്നു.
2020 റെക്കോർഡുകളുടെ വർഷം
2020-ൽ ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റെക്കോർഡ് . രണ്ട് മണിക്കൂർ 42 മിനിറ്റ് നീണ്ടുനിന്നു. തൊട്ടു പിന്നത്തെ വർഷം 2021-ൽ ബജറ്റ് പ്രസംഗം ഒരു മണിക്കൂർ 40 മിനിറ്റ് നീണ്ടുനിന്നു. ഇത് ഇന്ത്യയിലെ ആദ്യ പേപ്പർലെസ് ബജറ്റായിരുന്നു. 2022 ൽ ബജറ്റ് പ്രസംഗം 92 മിനിറ്റ് . 2023 ൽ നിർമല സീതാരാമൻ ബജറ്റ് അവതരണം വെറും 87 മിനിറ്റിനുള്ളിൽ പൂർത്തിയായി.
2024 ഇടക്കാല ബജറ്റ് പ്രസംഗ സമയം വെറും 56 മിനിറ്റ് മാത്രം. നികുതിദായകർക്ക് 'ടാക്സ് ബൊണാൻസാ ' പ്രഖ്യാപിച്ച 2025 ലെ ബജറ്റ് പ്രസംഗം വെറും ഒരു മണിക്കൂർ 17 മിനിറ്റ് മാത്രമാണ് നീണ്ടുനിന്നത് .
മൊറാർജി ദേശായിയുടെ റെക്കോർഡ്
ഫെബ്രുവരി 1 2026 ന് ബജറ്റ് അവതരിപ്പിക്കുന്നതോടെ മൊറാർജി ദേശായിയുടെ റെക്കോർഡിനോട് നിർമല സീതാരാമൻ ഒരു പടി കൂടി അടുത്തെത്തും. മൊറാർജി ദേശായിയാണ് 10 ബജറ്റുകൾ അവതരിപ്പിച്ച റെക്കോർഡ് കൈവശം വച്ചിരിക്കുന്നത്. എങ്കിലും അവ തുടർച്ചയായിരുന്നില്ല. 2026 ബജറ്റ് നിർമല സീതാരാമന്റെ ഒൻപതാമത്തെ ബജറ്റ് അവതരണമായിരിക്കും. ഇതോടെ മൊറാർജി ദേശായിയുടെ റെക്കോർഡിനോട് വെറും ഒരു ബജറ്റിന്റെ മാത്രം വ്യത്യാസമാണ് അവശേഷിക്കുന്നത്
ഡിജിറ്റൽ ബജറ്റ്
2020ൽ ഡിജിറ്റൽ ബജറ്റ് അവതരണത്തിലേക്ക് മാറ്റം കൊണ്ടുവന്നതിന് നേതൃത്വം നൽകിയതും ഇതേ നിർമല സീതാരാമൻ തന്നെയാണ്. പൂർണ്ണമായും പേപ്പർലെസ് ബജറ്റ് അവതരിപ്പിച്ച ഇന്ത്യയിലെ ആദ്യ ധനകാര്യ മന്ത്രി. അതിന് മുൻപ് വരെ കണ്ടിട്ടുള്ള പരമ്പരാഗത രീതികൾക്ക് പകരം ടാബ്ലെറ്റ് ഉപയോഗിച്ചാണ് അവർ ബജറ്റ് അവതരിപ്പിച്ചത്. ഇന്ത്യൻ പാർലമെന്റിൽ പതിറ്റാണ്ടുകളായി തുടരുന്ന പേപ്പർ അടിസ്ഥാനത്തിലുള്ള ബജറ്റ് അവതരണ രീതിയിൽ നിന്നുള്ള ഒരു നിർണായക മാറ്റമായിരുന്നു ഈ ഡിജിറ്റൽ സമീപനം.
'ബ്രീഫ്കേസ് ഇല്ലാത്ത ബഡ്ജറ്റ്
“Budget ” എന്ന വാക്ക് ഉടലെടുത്ത ഫ്രഞ്ച് വാക്കായ “Bougette” എന്ന പദത്തിന്റെ അർഥം തന്നെ 'a small bag or leather pouch 'എന്നാണ്. ബജറ്റ് എന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ആദ്യമെത്തുന്നത് ബ്രീഫ് കേസും പിടിച്ചുവരുന്ന ധനമന്ത്രി ആണ്.എന്നാൽ 2019ൽ തന്റെ ആദ്യ ബജറ്റ് അവതരണത്തിനിടെ, കോളനിയൽ കാലഘട്ടത്തിൽ നിന്നുള്ള ബജറ്റ്'ബ്രീഫ്കേസ് കൊണ്ടുപോകുന്ന പതിവ് അവസാനിപ്പിച്ച് നിർമല സീതാരാമൻ ഒരു സുപ്രധാന മാറ്റത്തിനാണ് തുടക്കം കുറിച്ചത്. ദേശീയ ചിഹ്നം അച്ചടിച്ച ചുവന്ന തുണിയിൽ പൊതിഞ്ഞ 'ബജറ്റ് ബഹിഖാത' (bahi khata ) എന്ന പൗച്ച് അവതരിപ്പിച്ചു. ഈ മാറ്റം ബജറ്റ് അവതരണവുമായി ബന്ധപ്പെട്ട പതിപ്പുകളിൽ ഉണ്ടായ ഒരു സാംസ്കാരിക പരിവർത്തനമായിട്ടാണ് വിലയിരുത്തപ്പെടുന്നത്.പരമ്പരാഗത രീതികളെ പൊളിച്ചെഴുതുന്ന,റെക്കോർഡ് നേട്ടങ്ങളും പുതുമയിലൂടെ ബജറ്റിൽ പുതുചരിത്രവും എഴുതുന്ന ധനകാര്യ മന്ത്രി ഇത്തവണയും കൂടുതൽ സർപ്രൈസ് എലെമെന്റുകൾ കരുതിവെക്കുമോ എന്നതാണ് രാജ്യം ഉറ്റുനോക്കുന്നത്.
Content highlights: ബാഹിഖത്തയിൽ നിന്ന് ടാബ് ലെറ്റിലേക്ക് ; ഇന്ത്യൻ ബജറ്റിൽ കാതലായ മാറ്റങ്ങൾ വരുത്തിയ നിർമല സീതാരാമൻ