ഡല്ഹി: വരാനിരിക്കുന്ന കേന്ദ്ര ബജറ്റില് പ്രാദേശിക ഉല്പ്പാദന മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് വമ്പന് പാക്കേജുകള് പ്രഖ്യാപിച്ചേക്കുമെന്ന് പ്രതീക്ഷ. 23,000 കോടി രൂപയുടെ പ്രോത്സാഹന പാക്കേജുകള് അണിയറയില് തയ്യാറാകുന്നുവെന്നാണ് റിപ്പോര്ട്ടുകള്.
നിര്മ്മാണ ഉപകരണങ്ങള്ക്കായി 14,000, 16,000 കോടി രൂപയുടെ പദ്ധതിയാണ് നടപ്പായേക്കുക. ഓട്ടോമൊബൈല് മേഖലയുടെ ആഗോള തലത്തിലുള്ള പുനരുദ്ധാരണത്തിനായും പദ്ധതി രൂപകല്പ്പന ചെയ്യുന്നുണ്ട്. വാഹന മേഖലയില് ഗ്ലോബല് സപ്ലൈ ചെയിന് സ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമായി 7,000 കോടി രൂപയുടെ പദ്ധതിയാണ് തയ്യാറാക്കുന്നത്. മൂലധന ഉല്പ്പാദന മേഖലയെ ശക്തിപ്പെടുത്താനുള്ള സര്ക്കാരിന്റെ ശ്രമങ്ങളെ അടിസ്ഥാനമാക്കിയാണ് നിര്ദ്ദിഷ്ട നടപടികള്.
2022 ജനുവരിയില്, ഇന്ത്യന് മൂലധന ഉല്പ്പാദന മേഖലയെ അഭിവൃദ്ധിപ്പെടുത്തുന്നതിനായി പദ്ധതി ആവിഷ്ക്കരിക്കുകയും 1,207 കോടി രൂപയുടെ വിഹിതം അനുവദിക്കുകയും ചെയ്തിരുന്നു. 2025-26 ലെ കേന്ദ്ര ബജറ്റില്, പ്രാദേശിക ലിഥിയം-അയണ് ബാറ്ററി നിര്മ്മാണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതികളും അവതരിപ്പിച്ചേക്കും. ഇതിന്റെ ഭാഗമായി, ഇലക്ട്രിക് വാഹന ബാറ്ററി നിര്മ്മാണത്തിന് 35 അധിക മൂലധന വസ്തുക്കളും മൊബൈല് ഫോണ് ബാറ്ററി നിര്മ്മാണത്തിന് 28 അധിക മൂലധന വസ്തുക്കളും ഉള്പ്പെടുത്തി കേന്ദ്രം കസ്റ്റംസ് തീരുവ ഇളവുകള് വിപുലീകരിച്ചു.
ഇറക്കുമതി ആശ്രിതത്വം കുറയ്ക്കുന്നതിനായി ടണല് ബോറിംഗ് മെഷീനുകള്, ക്രെയിനുകള് തുടങ്ങിയ ഉയര്ന്ന നിലവാരമുള്ള യന്ത്രങ്ങളുടെ തദ്ദേശീയവല്ക്കരണവും സര്ക്കാര് ലക്ഷ്യമിടുന്നുവെന്ന് ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര് പറഞ്ഞു. നിലവില് ഈ ഘടകങ്ങളില് പകുതിയോളം ചൈന, ജപ്പാന്, ദക്ഷിണ കൊറിയ, ജര്മ്മനി എന്നിവയുള്പ്പെടെയുള്ള രാജ്യങ്ങളില് നിന്നാണ് ലഭിക്കുന്നത്. ചൈന ടണല് ബോറിംഗ് മെഷീന് കയറ്റുമതിയില് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഇന്ത്യയിലെ പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളെ ബാധിച്ചിരുന്നു. പീന്നീട് ഉന്നതതല നയതന്ത്ര ചര്ച്ചകള്ക്ക് ശേഷം കഴിഞ്ഞ വര്ഷം ബീജിംഗ് നിയന്ത്രണങ്ങള് നീക്കി.
ഈ വിഭാഗത്തിലെ പ്രധാന ഇറക്കുമതി ഘടകങ്ങളില് ഹൈഡ്രോളിക്സ്, അണ്ടര്കാരിയേജുകള്, ഇലക്ട്രോണിക് കണ്ട്രോള് യൂണിറ്റുകള് (ഇസിയു), സെന്സറുകള്, ടെലിമാറ്റിക്സ് തുടങ്ങിയ ഹൈടെക് ഘടകങ്ങള് ഉള്പ്പെടുന്നു. പുതിയ പദ്ധതി പ്രഖ്യാപനം ഉണ്ടാവുകയാണെങ്കില് ഇതുവഴി ഉയര്ന്ന ടണ് ശേഷിയുള്ളതും പൂര്ണ്ണമായും നിര്മ്മിച്ചതുമായ യന്ത്രങ്ങളുടെ ഇറക്കുമതി കുറയ്ക്കാനാകും. ഇത് കയറ്റുമതി അവസരങ്ങളും തുറക്കും. വാഹന ഘടക നിര്മ്മാണത്തില് ഉപയോഗിക്കുന്ന മോള്ഡുകള്, പവര് ടൂളുകള് തുടങ്ങിയ മൂലധന വസ്തുക്കള് വാങ്ങുന്നതിനുള്ള സബ്സിഡികള് പുതിയ പദ്ധതിയുടെ ഭാഗമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ആഗോളതലത്തില് സാമ്പത്തിക പ്രതിസന്ധികളും ഭൗമരാഷ്ട്രീയ സംഘര്ഷങ്ങളും നിലനില്ക്കുന്ന പശ്ചാത്തലത്തില് അവതരിപ്പിക്കപ്പെടുന്ന ഈ ബജറ്റിനെ നിക്ഷേപകരും സാധാരണക്കാരും ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. ഉത്പ്പാദന മേഖലയുടെ വികസനം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നിര്ണായക പ്രഖ്യാപനങ്ങള് ഈ ബജറ്റിലുണ്ടാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
Content Highlights: Production and manufacturing sectors expect supportive policies to boost output and competitiveness