താരങ്ങളും സെലിബ്രിറ്റികളും അവരുടെ സമ്പത്ത് എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് അറിയാന് എപ്പോഴും ആളുകള്ക്ക് താത്പര്യമുണ്ട്. ഇപ്പോഴിതാ തന്റെ സാമ്പത്തിക ഇടപാടുകളെയും നിക്ഷേപങ്ങളെയും പറ്റി തുറന്നു സംസാരിക്കുകയാണ് മാധുരി ദീക്ഷിത്. ഭര്ത്താവാണ് സമ്പാദ്യം മികച്ച രീതിയില് കൈകാര്യം ചെയ്യാന് തന്നെ പ്രാപ്തയാക്കിയതെന്ന് നടി വെളിപ്പെടുത്തി. ഞാന് വിവാഹിതയായതിനുശേഷം സാമ്പത്തിക വിനിയോഗം ഭൂരിഭാഗവും ചെയ്യാന് പഠിച്ചത് എന്റെ ഭര്ത്താവില് നിന്നാണ്. കുട്ടികളേയും സേവിങ്സിന്റെ ബാലപാഠങ്ങള് പഠിപ്പിക്കാന് സാധിച്ചു. കാരണം ഭര്ത്താവ് അക്കാര്യത്തില് വളരെ മിടുക്കനാണ്. എങ്ങനെ നിക്ഷേപിക്കണം, എവിടെ നിക്ഷേപിക്കണം, നല്ല കമ്പനികളെ എങ്ങനെ കണ്ടെത്തണം എന്നെല്ലാം അദ്ദേഹം എന്നെ പഠിപ്പിക്കും… മാധുരി പങ്കുവെക്കുന്നു.
എന്റെ കരിയറിന്റെ തുടക്ക കാലത്ത് ചെറിയ തുകകള് മാത്രമായിരുന്നു ആദ്യം ലഭിച്ചിരുന്നത്. അതിനാല് ചെലവുകളും കുറവായിരുന്നു. അന്ന് താന് ഒരു കാര് വാങ്ങിയിരുന്നു. അതുപോലെ ചില ചെറിയ ചെലവുകളെ അന്നുണ്ടായിരുന്നുള്ളു. സിനിമയില് തുടരെ തുടരെയുള്ള ഷൂട്ടുകളില് തിരക്കിലായിരുന്നതിനാല് തനിക്ക് സാമ്പത്തികം കൈകാര്യം ചെയ്യുവാനും പണം ചെലവിടാനും സമയമില്ലായിരുന്നു. അന്നതെല്ലാം തന്റെ പിതാവായിരുന്നു ചെയ്തതെന്ന് വെളിപ്പെടുത്തുകയാണ് നടി. അദ്ദേഹവും നല്ല രീതിയില് മിക്ക കാര്യങ്ങളും ചെയ്തിരുന്നുവെന്ന് അവര് പറഞ്ഞു.
നിലവില് 250 മുതല് 300 കോടി രൂപയുടെ ആസ്തിയാണ് മാധുരി ദീക്ഷിതിനുള്ളത്. സ്വിഗ്ഗി പോലുള്ള കമ്പനികളിലും റിയല് എസ്റ്റേറ്റ് തുടങ്ങിയ ബിസിനസുകളിലുമുള്ള നിക്ഷേപങ്ങള്, പ്രീമിയം കാറുകള്, മുംബൈയിലെ ലോവര് പരേലില് അടുത്തിടെ വാങ്ങിയ അപ്പാര്ട്ട്മെന്റ് ഉള്പ്പെടെയുള്ള വിലയേറിയ പ്രോപ്പര്ട്ടികള് ഇതില് ഉള്പ്പെടുന്നു. അഭിനയ ജീവിതത്തോടൊപ്പം സാങ്കേതികവിദ്യയിലും ഫിറ്റ്നസിലും സംരംഭങ്ങളുണ്ട് മാധുരിക്ക്.
മാധുരി ദീക്ഷിത്തിന്റെ കാര്യത്തില്, ഭര്ത്താവ് ഡോ നെനെ അവരുടെ സാമ്പത്തിക യാത്ര രൂപപ്പെടുത്തുന്നതില് നിര്ണായക പങ്ക് വഹിച്ചു. നിക്ഷേപത്തിന്റെ അടിസ്ഥാനകാര്യങ്ങള് പഠിപ്പിക്കുകയും ശരിയായ പാതയിലേക്ക് നയിക്കുകയും ചെയ്തു. എന്നാല് വരുമാന വിവരവും കടവും ഉള്പ്പെടെയുള്ള സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് തുറന്നു സംസാരിക്കാത്ത ധാരാളം ദമ്പതികളുണ്ട്. വ്യക്തികള് എന്ന നിലയിലും ദമ്പതികള് എന്ന നിലയിലും പലപ്പോഴും ഇത് അവരെ സമ്മര്ദ്ദത്തിലാക്കും.
കുടംബത്തിലുള്ളവര് തമ്മില് സാമ്പത്തിക സാഹചര്യങ്ങളെക്കുറിച്ച് പതിവായി സംഭാഷണങ്ങള് നടത്തുന്നത് ബന്ധങ്ങളുടെ ഊഷ്മളതയ്ക്കും സാമ്പത്തിക അച്ചടക്കത്തിനും ഗുണം ചെയ്യും. സമ്പാദ്യവും നിക്ഷേപ പദ്ധതികളും സ്ഥാപിക്കുന്നതും വരവ്, ചെലവ് എന്നിവ കൃത്യമായി നടപ്പിലാക്കുന്നതും വരാനിരിക്കുന്ന ചെലവുകള് ചര്ച്ച ചെയ്യുന്നതും ദമ്പതികളുടെ സാമ്പത്തിക ക്ഷേമത്തിന്റെ അടിസ്ഥാന കാര്യമാണ്. സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് സത്യസന്ധമായി ചര്ച്ച ചെയ്യുന്നത് പരസ്പരം വിശ്വാസം മെച്ചപ്പെടുത്താനും ആഴത്തിലുള്ള ബന്ധം ഊട്ടി ഉറപ്പിക്കാനും സഹായിക്കും. പരസ്പരം ഒന്നിച്ച് തീരുമാനങ്ങളെടുക്കുന്നത്, ദമ്പതികള്ക്ക് ശക്തമായ സാമ്പത്തിക പങ്കാളിത്തം സൃഷ്ടിക്കാന് ഉപകാരപ്രദമാവും. കുട്ടികളേയും സേവിങ്സ് സ്ക്കീമുകളില് ചേര്ക്കാം. അവരുടെ സമ്പാദ്യ ശീലവും വളരട്ടെ. സേവിങ്സുകളില് ശ്രദ്ധിക്കുന്നതും നിക്ഷേപങ്ങള്ക്ക് ഊന്നല് നല്കുന്നതും ആസ്തികള് ഉണ്ടാക്കുവാനും സാമ്പത്തിക സമ്മര്ദ്ദം കുറയ്ക്കാനും സഹായിക്കും. സാമ്പത്തിക സുരക്ഷയോര്ത്ത് മാത്രമല്ല നിക്ഷേപം ഒരു ജീവിതശൈലിയാക്കാനും ഇത് സഹായകരമാകും.
Content Highlights : Madhuri Dixit’s total assets are estimated to be worth between Rs 250 crore and Rs 300 crore, according to recent reports. Apart from her acting career she has investments in real estate and fitness business