'സൂപ്പർ റിച്ച്'! ഇന്ത്യയില്‍ 61,000 പുതിയ കോടീശ്വരന്മാര്‍, 2025 ല്‍ 2800 അതിസമ്പന്നർ

ഏറ്റവും ഉയര്‍ന്ന തട്ടിലുള്ളവരുടെ വരുമാന വളര്‍ച്ച ദ്രുതഗതിയില്‍ മുന്നേറുന്നു. 10 കോടി രൂപയില്‍ കൂടുതല്‍ നികുതി നല്‍കേണ്ട വരുമാനമുള്ള എക്സ്‌ക്ലൂസീവ് സൂപ്പര്‍-റിച്ച് ക്ലബ്ബില്‍ ഇപ്പോള്‍ 12,660 അംഗങ്ങളാണുള്ളത്

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഇന്ത്യ പുതിയ നികുതിദായകരായി ചേര്‍ത്തത് 61,000 കോടീശ്വരന്‍മാരെ. ഇതോടെ രാജ്യത്ത് 1 കോടിയോ അതില്‍ കൂടുതലോ നികുതി നല്‍കേണ്ട വരുമാനമുള്ള വ്യക്തികളുടെ ആകെ എണ്ണം 3,51,000 ആയി. ഇത് രാജ്യത്തിന്റെ വളരുന്ന സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടായി.

ഏറ്റവും ഉയര്‍ന്ന തട്ടിലുള്ളവരുടെ വരുമാന വളര്‍ച്ച ദ്രുതഗതിയില്‍ മുന്നേറുന്നു. 10 കോടി രൂപയില്‍ കൂടുതല്‍ നികുതി നല്‍കേണ്ട വരുമാനമുള്ള എക്സ്‌ക്ലൂസീവ് സൂപ്പര്‍-റിച്ച് ക്ലബ്ബില്‍ ഇപ്പോള്‍ 12,660 അംഗങ്ങളാണുള്ളത്. വര്‍ഷത്തില്‍ ഏകദേശം 2,800 വ്യക്തികളെ കൂടി ചേര്‍ത്തിട്ടുണ്ട്. 2025-26 നികുതി കണക്കാക്കല്‍ വര്‍ഷത്തിലെ ജനുവരി 1 വരെ സമര്‍പ്പിച്ച ആദായനികുതി റിട്ടേണുകളുടെ (ഐടിആര്‍) ഡാറ്റയിലാണ് ഈ വിവരം പുറത്തുവന്നത്.

5 കോടിക്കും 10 കോടിക്കും ഇടയില്‍ നികുതി നല്‍കേണ്ട വരുമാനമുള്ളവര്‍ 21,278 പേരാണ് രാജ്യത്തുള്ളത്. അതേസമയം, താഴ്ന്ന വരുമാന ബ്രാക്കറ്റില്‍ വളര്‍ച്ചയുടെ വേഗത മന്ദഗതിയിലാണ്. 5 ലക്ഷം മുതല്‍ 10 ലക്ഷം രൂപ വരെ വരുമാന പരിധിയിലുള്ള നികുതിദായകരാണ് ഇന്ത്യയിലേറ്റവും അധികം. ഈ വിഭാഗത്തില്‍ 38.3 ദശലക്ഷം പേരുണ്ട്. കഴിഞ്ഞ വര്‍ഷം നികുതി കണക്കാക്കല്‍ വര്‍ഷത്തിലെ അപേക്ഷിച്ച് 15.4% വളര്‍ച്ച ഇത്തവണ റിപ്പോര്‍ട്ട് ചെയ്തു. 5 ലക്ഷം വരെ വാര്‍ഷിക വരുമാനം റിപ്പോര്‍ട്ട് ചെയ്ത നികുതിദായകരുടെ എണ്ണം 24.1% കുറഞ്ഞ് 27.4 ദശലക്ഷമായി. എന്നാല്‍ നികുതി അടയ്ക്കല്‍ കൃത്യമായി പാലിക്കുന്നത് ഉയര്‍ന്ന വരുമാനം റിപ്പോര്‍ട്ട് ചെയ്യുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ട്.

1.5 ദശലക്ഷത്തിലധികം നികുതിദായകര്‍ നടപ്പ് കണക്കാക്കല്‍ വര്‍ഷത്തേക്ക് (2025-26) ഇതുവരെ ഐടിആര്‍ പരിഷ്‌കരിച്ചിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് കഴിഞ്ഞ മാസം അറിയിച്ചു. ആദായനികുതി വകുപ്പ് ആരംഭിച്ച നഡ്ജ് കാമ്പെയ്ന് മൂലം, 2021-22 അസസ്മെന്റ് വര്‍ഷം മുതല്‍ വകുപ്പ് 2,500 കോടി രൂപ അധികമായി ശേഖരിച്ചു. പൊരുത്തക്കേടുകള്‍ കാണിക്കുന്ന റിട്ടേണുകളിലെ നികുതിദായകരെ എസ്എംഎസ് അല്ലെങ്കില്‍ ഇമെയില്‍ വഴി മുന്‍കൂട്ടി അറിയിക്കുകയും പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാന്‍ അവസരം നല്‍കുകയും ചെയ്യുന്നതാണ് നഡ്ജ് കാമ്പെയ്ന്‍. ഇത് ആദായനികുതി വകുപ്പിന് അധിക വരുമാനം നല്‍കി.

To advertise here,contact us