സ്വര്ണ വില ഈ വര്ഷം ഇരട്ടിയിലേറെ ഉയര്ന്ന് ചരിത്രത്തിലെ ഏറ്റവും ഉയര്ന്ന നിലയായ പവന് 1,01,600 രൂപയിലെത്തിയിരിക്കുകയാണിപ്പോള്. ആഭരണം വാങ്ങണമെന്ന ആഗ്രഹം മനസില് വച്ച് സ്വര്ണ വില ഉയര്ന്നു പോകുന്നതും നോക്കി വിഷണ്ണരായിരിക്കുന്നവരേറെയുണ്ട്. നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന്റെ താല്പ്പര്യമേറുന്നതാണ് ആഗോളതലത്തില് സ്വര്ണ വില വര്ധിക്കുന്നതിനു പിന്നിലുള്ള ഒരു പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
വില ഉയരുമ്പോഴും ആഭരണം വാങ്ങുന്നതില് കുറവ് വന്നിട്ടില്ല. 2025 ല് സ്വര്ണാഭരണങ്ങളുടെ വാങ്ങലില് 7 ശതമാനം വര്ധനയുണ്ടായിട്ടുണ്ട്. അതേസമയം നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന് 2025 ല് 78 ശതമാനം വര്ധനയുണ്ടായിട്ടുള്ളതായി സാമ്പത്തിക വിദഗ്ധനായ പ്രൊഫ. മാര്ട്ടിന് പാട്രിക് പറയുന്നു. ആഭരണത്തിനു പുറമെ സ്വര്ണത്തില് നിക്ഷേപിക്കുന്ന മ്യൂച്ചല് ഫണ്ടുകള്, എക്സ്ചേഞ്ച് ട്രേഡഡ്ഫണ്ടുകള്, ഒരു രൂപയ്ക്കും നിക്ഷേപിക്കാനാകുന്ന ഡിജിറ്റല് സ്വര്ണം എന്നിവയിലൊക്കെയാണ് സാധാരണക്കാര്ക്ക് വരെ കഴിഞ്ഞ ഒരു വര്ഷത്തിനുള്ളില് നിക്ഷേപ താല്പ്പര്യമേറിയിട്ടുള്ളത്. അതായത് സ്വര്ണത്തെ സുരക്ഷിത നിക്ഷേപമായി കരുതി ആഭരണത്തില് നിക്ഷേപിക്കുന്നതിലേറെ സ്വര്ണ നിക്ഷേപങ്ങളിലേയ്ക്ക് സാധാരണക്കാര് പോലും മാറുന്നുവെന്ന സൂചനയാണിത് നല്കുന്നത്.
ആഭരണം വാങ്ങുന്നതിലും മാറ്റങ്ങള് ശ്രദ്ധേയമാണ്. വലിയ ആഭരണങ്ങളായ നെക്ലേസ് പോലുള്ള തൂക്കം കൂടിയ വിവാഹ ആഭരണങ്ങള്ക്ക് ഇപ്പോള് ആവശ്യക്കാരില്ല. വിവാഹിതരാകാന് തയാറെടുക്കുന്ന പെണ്കുട്ടികള് പോലും ചെറിയ ആഭരണങ്ങളോടാണിപ്പോള് പ്രിയം കാണിക്കുന്നതെന്ന് സ്വര്ണാഭരണ വ്യാപാരമേഖലയില് നിന്നുള്ളവര് പറയുന്നു. ജൂവലറികളിലേക്കെത്തുന്നവരുടെ എണ്ണത്തില് കുറവില്ലെങ്കിലും അവര് വാങ്ങുന്ന ആഭരണങ്ങളുടെ എണ്ണത്തിലും തൂക്കത്തിലും വലിയ തോതില് കുറവ് വന്നിട്ടുള്ളതായാണ് സ്വര്ണ വ്യാപാരികള് നല്കുന്ന വിവരം. ഒപ്പം സ്വര്ണത്തേക്കാള് വില കുറവില് ലഭിക്കുന്ന വജ്രാഭരണങ്ങള്ക്കും, പ്ലാറ്റിനത്തിനും 18,14,9 കാരറ്റുകളിലുള്ള ആഭരണങ്ങള്ക്കും ആവശ്യക്കാരേറെയാണെന്ന് അവര് വ്യക്തമാക്കുന്നു. വിവാഹത്തിന് 100 പവന്, 50 പവന് എന്നിങ്ങനെയുള്ള അളവുകളില് വധുവിന് സ്വര്ണം നല്കിയിരുന്ന ശൈലി മാറി പകരം 5-10 ലക്ഷം രൂപ എന്നിങ്ങനെയുള്ള കണക്കില് സ്വര്ണം സമ്മാനമായി നല്കുന്ന രീതിയും 2025ല് വ്യാപകമായിട്ടുണ്ട്.
എങ്കിലും നിക്ഷേപമെന്ന നിലയില് സ്വര്ണത്തിന്റെ നേട്ടം പൂര്ണമായെടുക്കുന്നതിനു മറ്റ് നിക്ഷേപമാര്ഗങ്ങള് തെരഞ്ഞെടുക്കുന്നതാണ് മികച്ച തീരുമാനമെന്ന് മാര്ട്ടിന് പാട്രിക് വ്യക്തമാക്കുന്നു. ഇടയ്ക്ക് അല്പം താഴ്ച ഉണ്ടായാലും വരും വര്ഷങ്ങളിലും സ്വര്ണ വില ഉയരാനാണ് സാധ്യതയെന്ന് അദ്ദേഹം കൂട്ടിചേര്ത്തു. കാരണം സ്വര്ണത്തിന് വ്യാവസായിക ആവശ്യം ഉയര്ന്നുകൊണ്ടിരിക്കുകയാണെന്നത് മാത്രമല്ല, ഇന്ത്യയുള്പ്പടെയുള്ള വിവിധ രാജ്യങ്ങളുടെ കേന്ദ്രബാങ്കുകള് വന്തോതില് സ്വര്ണം വാങ്ങിക്കൂട്ടുന്നതിന് മുന്ഗണന നല്കുന്നുണ്ട്. വിവിധ ഖനികളില് സ്വര്ണത്തിന്റെ ലഭ്യത കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതും സ്വര്ണത്തിന്റെ ഡിമാന്ഡ് വര്ധിപ്പിക്കുന്നു.
സ്വര്ണ മ്യൂചല് ഫണ്ടുകളിലും, എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടു(ഇടിഎഫ്)കളിലും ഒക്കെ ചെറുതുകകള് ഘട്ടംഘട്ടമായി നിക്ഷേപിക്കാമെന്നത് സാധാരണക്കാര്ക്ക് പോലും സ്വര്ണ നിക്ഷേപം സാധ്യമാക്കുന്നു. സ്വര്ണം സൂക്ഷിച്ചു വയ്ക്കണമെന്ന റിസ്കും അത് വിറ്റ് പണമാക്കുന്നതിലെ നൂലാമാലകളുമൊന്നും ഇവിടില്ല.സ്വര്ണം ആഭരണമായി വാങ്ങുമ്പോള് രണ്ട് ലക്ഷം രൂപയ്ക്ക് മുകളിലുള്ള വാങ്ങലുകള്ക്ക് പാന് നിര്ബന്ധമാണ്. ഇടിഎഫ് ആണ് വാങ്ങാനുദ്ദേശിക്കുന്നതെങ്കില് ഓഹരി വിപണിയിലെ പോലെ ഡിമാറ്റ് അക്കൗണ്ട് ആവശ്യമാണ്. സ്വര്ണത്തിന്റെ സുരക്ഷിതത്വം, എപ്പോള് വേണമെങ്കിലും പണമാക്കി മാറ്റാമെന്ന സൗകര്യം, മികച്ച നേട്ടം ഇവയൊക്കെ എക്കാലവും സുരക്ഷിത നിക്ഷേപമെന്ന പരിഗണന സ്വര്ണത്തിന് നല്കുന്നു. ഇക്കാരണങ്ങളാല് നിക്ഷേപ വിദഗ്ധര് വ്യക്തികളുടെ നിക്ഷേപ പോര്ട്ട് ഫോളിയോയില് അഞ്ച് ശതമാനം വരെയെങ്കിലും സ്വര്ണം ഉണ്ടായിരിക്കണം എന്ന് പറഞ്ഞിരുന്നത് ഇപ്പോള് 20 ശതമാനം എങ്കിലും സ്വര്ണത്തില് നിക്ഷേപിക്കണം രീതിയിലേയ്ക്ക് മാറിയിട്ടുമുണ്ട്.
content highlights:To fully reap the benefits of gold as an investment, it is best to choose other investment avenues.