കൊച്ചി: കൊച്ചിന് ഇന്റര്നാഷണല് എയര്പോര്ട്ട് ലിമിറ്റഡ് 2024 - 25 സാമ്പത്തിക വര്ഷത്തെ മൊത്ത ലാഭവിഹിതമായ 79.82 കോടി രൂപ സര്ക്കാരിന് കൈമാറി. സിയാല് ഡയറക്ടര്മാരായ മന്ത്രി പി. രാജീവ്, മന്ത്രി കെ. രാജന് എന്നിവര് ചേര്ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറിയത്. ചടങ്ങില് സിയാല് മാനേജിങ് ഡയറക്ടര് എസ്. സുഹാസ് ഐ.എ.എസ്, കമ്പനി സെക്രട്ടറി സജി കെ. ജോര്ജ് എന്നിവരും പങ്കെടുത്തു. സിയാലിന്റെ ചരിത്രത്തില് തന്നെ ഏറ്റവും ഉയര്ന്ന വരുമാനവും ലാഭവും രേഖപ്പെടുത്തിയ വര്ഷമാണിത്.
കമ്പനിയുടെ മൊത്ത വരുമാനം 1,142 കോടി രൂപയും ലാഭം 489.84 കോടി രൂപയുമാണ്. നിക്ഷേപകര്ക്കായി ഡയറക്ടര് ബോര്ഡ് ശുപാര്ശ ചെയ്ത 50 ശതമാനം ലാഭവിഹിതം 2025 സെപ്റ്റംബര് 27ന് നടന്ന വാര്ഷിക പൊതുയോഗം അംഗീകരിച്ചു. 25 രാജ്യങ്ങളില് നിന്നായി 33,000 നിക്ഷേപകരാണ് സിയാലിനുള്ളത്. ഇതില് ഏറ്റവും വലിയ നിക്ഷേപകനായ സംസ്ഥാന സര്ക്കാരിന് 33.38 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്.
കൊച്ചി അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡിന്റെ പാസഞ്ചര്, കാര്ഗോ ടെര്മിനല് കെട്ടിടങ്ങള്ക്ക് പ്രശസ്തമായ ഐജിബിസി (ഇന്ത്യന് ഗ്രീന് ബില്ഡിങ് കൗണ്സില്) നെറ്റ് സീറോ എന്ര്ജി റേറ്റിങ് ലഭിച്ചിരുന്നു. കോണ്ഫെഡറേഷന് ഓഫ് ഇന്ത്യന് ഇന്ഡസ്ട്രി ഇന്ത്യന് ഗ്രീന് ബില്ഡിംഗ് കൗണ്സിലുമായി സഹകരിച്ച് സംഘടിപ്പിച്ച 23ാമത് ഗ്രീന് ബില്ഡിങ് കോണ്ഗ്രസിലായിരുന്നു സിയാലിന് അംഗീകാരം ലഭിച്ചത്. പരിസ്ഥിതി സൗഹൃദ വിമാനത്താവള കെട്ടിടങ്ങളും സൗകര്യങ്ങളും നിര്മിക്കുന്നതിലും പ്രവര്ത്തിപ്പിക്കുന്നതിലുമുള്ള സിയാലിന്റെ മികവിനാണ് അംഗീകാരം.
Content Highlights: CIAL handed over 79.82 crores gross profit divident to Kerala Government