കുതിച്ച് ഡോളർ, കൂപ്പുകുത്തി രൂപ: റെക്കോർഡ് ഇടിവ്; ദിർഹവും മുന്നോട്ട്, പ്രവാസികള്‍ക്ക് സന്തോഷം

രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ് തുടരുന്നു. ഡോളറിനെതിരായ വിനിമയ നിരക്ക് ആദ്യമായി 90 കടന്നു

മുംബൈ: രൂപയുടെ മൂല്യത്തില്‍ റെക്കോർഡ് ഇടിവ്. ഇന്ന് വ്യാപാരം ആരംഭിച്ചതിന് പിന്നാലെ ഡോളറിനെതിരെ രൂപയുടെ മൂല്യം 90 എന്ന നിലയിലേക്ക് കൂപ്പുകുത്തി. ചരിത്രത്തില്‍ ആദ്യമായാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഈ നിലയിലേക്ക് താഴുന്നത്. നിലവില്‍ ഡോളർ ഒന്നിന് 90.25 എന്ന നിരക്കിലാണ് വ്യാപാരം. കഴിഞ്ഞ ദിവസത്തെ ഇടിവിന്‍റെ തുടർച്ചയാണ് ഇന്നും ഉണ്ടായിരിക്കുന്നത്. ചൊവ്വാഴ്ച തന്നെ 43 പൈസ ഇടിഞ്ഞ് 89.96 എന്ന എക്കാലത്തേയും താഴ്ന്ന നിരക്കിലേക്ക് എത്തിയിരുന്നു.

ഊഹക്കച്ചവടക്കാരുടെ ഇടപെടല്‍ മുതല്‍ ബാങ്കുകളുടെ ഡോളർ വാങ്ങല്‍ വരെ രൂപയ്ക്ക് തിരിച്ചടിയാകുന്നുവെന്നാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. വിപണിയില്‍ ഊഹക്കച്ചവടക്കാർ കൂടുതലായി ഇടപെടുന്നത് രൂപയുടെ മൂല്യത്തെ ബാധിക്കുന്നു. സമാനമായ രീതിയില്‍ ബാങ്കുകള്‍ ഉയർന്ന നിലയില്‍ യുഎസ് ഡോളർ വാങ്ങുന്നതും രൂപയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുകയാണ്.

ഇറക്കുമതിക്കായി ഡോളർ കൂടുതലായി ചിലവഴിക്കേണ്ടി വരുന്നതാണ് രൂപയുടെ വിനിമയ മൂല്യം ഇടിയുന്നതിലെ മറ്റൊരു പ്രധാന കാരണം. ട്രംപിന്‍റെ അധിക താരിഫ് പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യയുമായി വ്യാപാര മിച്ചം ഉണ്ടായിരുന്ന അമേരിക്കയിലേക്കുള്ള കയറ്റുമതി കുറഞ്ഞത് ഇന്ത്യയിലേക്കുള്ള ഡോളറിന്‍റെ വരവ് കുറയ്ക്കുന്നു. ഇതും രൂപയുടെ മൂല്യം കുറയ്ക്കുന്ന പ്രധാന ഘടകമാണ്.

ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വിദേശ നിക്ഷേപസ്ഥാനങ്ങളുടെ വിറ്റഴിക്കല്‍ ഏറെ നാളായി തുടർന്ന് വരികയാണ്. ഡിസംബറിലെ ആദ്യ രണ്ട് ദിനങ്ങളില്‍ മാത്രം വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ 4335 കോടി രൂപയുടെ ഓഹരികള്‍ വിറ്റഴിച്ചുവെന്നാണ് എന്‍എസ്ഡിഎലിന്‍റെ കണക്ക്. ഇന്ത്യ-അമേരിക്ക വ്യാപാരക്കാരാറില്‍ അനിശ്ചിതത്വം തുടരുന്ന സാഹചര്യത്തിലാണ് വിദേശ നിക്ഷേപകരുടെ കൊഴിഞ്ഞുപോക്ക് ശക്തമായത്. ഫലത്തില്‍ ഇതും രൂപയുടെ മൂല്യം താഴ്ത്തുന്നു.

രൂപയുടെ മൂല്യം ഇടിയുന്നത് ആഭ്യന്തര വിപണിയില്‍ വിലക്കയറ്റത്തിന് ഇടയാക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. ക്രൂഡ് ഓയില്‍, സ്വർണം, ഇലക്ട്രോണിക്സ്, വ്യാവസായിക ഉല്‍പ്പനങ്ങള്‍ എന്നിവയുടേയെല്ലാം ഇറക്കുമതി ചിലവ് വർധിക്കും. വിദേശ വായ്പ എടുത്തിരിക്കുന്ന കമ്പനികളുടെ തിരിച്ചടവിലും കൂടുതല്‍ തുക ചിലവഴിക്കേണ്ടി വരും. ഡോളറിന്‍റെ മൂല്യം ഉയരുന്നത് കയറ്റുമതി കമ്പനികള്‍ക്ക് കൂടുതല്‍ വരുമാനം നല്‍കുമെങ്കിലും ആഭ്യന്തര വിപണിയിലുണ്ടാകുന്ന സമ്മർദ്ദങ്ങള്‍ അവർക്കും തിരിച്ചടിയായി മാറിയേക്കും.

ദിർഹവും കുതിക്കുന്നു

ഡോളറുമായുള്ള ഇടിവിന് സമാനമായി രൂപ-ദിർഹം വിനിമയ നിരക്കിലും ഇടിവ് തുടരുകയാണ്. ഇന്ത്യന്‍ രൂപക്കെതിരെ യുഎഇ ദിർഹത്തിന്‍റെ മൂല്യവും എക്കാലത്തേയും ഉയർന്ന നിരക്കിലാണ്. ഒരു ദിർഹത്തിന് 24.49 രൂപ എന്ന നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ശമ്പളം കിട്ടുന്ന മാസത്തിന്‍റെ ആദ്യദിനങ്ങളില്‍ തന്നെ ദിർഹത്തിന്‍റെ മൂല്യം വർധിച്ചത് നാട്ടിലേക്ക് പണം അയക്കുന്ന പ്രവാസികള്‍ക്ക് വലിയ അനുഗ്രഹമായി മാറിയിരിക്കുകയാണ്.

To advertise here,contact us