തുടങ്ങിവെച്ചത് ട്രംപ്; വിനയായത് സ്വന്തം കർഷകർക്ക്; ചൈനയുടെ നീക്കത്തിൽ പെരുവഴിയിലായി അമേരിക്കൻ കർഷകർ

ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇറക്കുമതി പൂജ്യത്തിലേക്കെത്തുന്നത്

വ്യാപാരയുദ്ധം മുറുകുന്നതിനിടെ അമേരിക്കയിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി പൂർണമായും നിർത്തിവെച്ച് ചൈന. സെപ്റ്റംബർ മാസത്തിൽ യുഎസിൽ നിന്നുള്ള ചൈനീസ് ഇറക്കുമതി പൂജ്യത്തിലെക്കെത്തി. ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇറക്കുമതി പൂജ്യത്തിലേക്കെത്തുന്നത്. ഇതോടെ ചൈനയിലേക്ക് കയറ്റുമതി ചെയ്ത് ലാഭമുണ്ടാക്കിയിരുന്ന അമേരിക്കൻ കർഷകർ പെരുവഴിയിലായി.

കഴിഞ്ഞ വർഷം ഇതേസമയം 1.7 മില്യൺ മെട്രിക് ടണ്ണിന്റെ ഇറക്കുമതിയായിരുന്നു ചൈന നടത്തിയത്. അതാണ് ഈ വർഷം പൂജ്യത്തിലേക്കെത്തിയത്. എന്നാൽ ചൈനയുടെ മൊത്തം ഇറക്കുമതിയെ ഇത് ബാധിച്ചിട്ടില്ല. തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നും സോയാബീൻ ഇറക്കുമതി ചൈന വർധിപ്പിച്ചതാണ് ഇതിന് കാരണം.

സെപ്റ്റംബറിൽ ചൈന മൊത്തം 12.87 മില്യൺ മെട്രിക് ടൺ സോയാബീൻ ആണ് ഇറക്കുമതി ചെയ്തത്. ബ്രസീലിൽ നിന്നുളള ഇറക്കുമതി 29.9% വർധിച്ച് 10.96 മില്യൺ ടണ്ണിലെത്തി. മൊത്തം ഇറക്കുമതിയുടെ 85.2% വരുമിത്. അർജന്റീനയിൽ നിന്നുള്ള ഇറക്കുമതി 91.5% വർധിച്ച് 1.17 മില്യൺ ടണ്ണിലുമെത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരസംഘർഷങ്ങൾ രൂക്ഷമാകുന്നതിനിടെയാണ് സോയാബീൻ പ്രതിസന്ധിയും ഉടലെടുക്കുന്നത്. ട്രംപിന്റെ താരിഫ് പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ചൈന സോയാബീൻ ഇറക്കുമതിയിൽ നിയന്ത്രണങ്ങൾ വരുത്തിയിരുന്നു. ഈ നിയന്ത്രണവും അപൂർവ ധാതുക്കൾക്ക് മേൽ ചൈന വരുത്തിയിട്ടുള്ള നിയന്ത്രണങ്ങളും അടക്കം എല്ലാം അവസാനിപ്പിച്ചാലേ താരിഫിൽ ഇനിയൊരു പുനരാലോചന ഉണ്ടാകൂ എന്ന തീരുമാനത്തിൽ ട്രംപ് അടിയുറച്ച് നിൽക്കുകയാണ്.

ചൈനയുടെ സോയാബീൻ നിയന്ത്രണത്തെ സാമ്പത്തിക ശത്രുതാനടപടി എന്ന് വിശേഷിപ്പിച്ച ട്രംപ്, ചൈനയിൽ നിന്നുള്ള ഉപയോഗിച്ച പാചക എണ്ണ ഇറക്കുമതിയിൽ നിയന്ത്രണം വരുത്തുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ സോയാബീൻ പ്രശ്നത്തെ യുഎസുമായി വിലപേശാനുള്ള ഒരു ഉപാധിയായാണ് ചൈന കാണുന്നത്. ട്രംപ് - ഷി ജിൻപിങ് കൂടിക്കാഴ്ച ഉടൻ ഉണ്ടാകുമെന്നിരിക്കെ ഇതൊരു സംസാരവിഷയമാക്കാനാണ് ചൈനയുടെ ശ്രമം.

തെക്കേ അമേരിക്കൻ രാജ്യങ്ങളിൽ നിന്നുള്ള സോയാബീൻ ഇറക്കുമതി ചൈന ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജനുവരി മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 63.7 ദശലക്ഷം ടൺ സോയാബീനാണ് ബ്രസീലിൽ നിന്ന് ചൈന ഇറക്കുമതി ചെയ്തത്. മുൻ വർഷത്തെ അപേക്ഷിച്ച് 2.4% കൂടുതലാണിത്. അർജന്റീനയിൽ നിന്നും മുൻ വർഷത്തേക്കാൾ 31.8% കൂടുതൽ സോയാബീൻ ഇറക്കുമതിയാണ് ചൈന നടത്തിയത്. സീസണൽ വിളവെടുപ്പ്, വില, മികച്ച വിളവ് എന്നതെല്ലാമാണ് ബ്രസീലിന് കൈകൊടുക്കാൻ ചൈനയ്ക്ക് കാരണമായുള്ളത്. ചൈനീസ് സർക്കാർ ഉടമസ്ഥതയിലുള്ള കമ്പനികൾ പല ബ്രസീലിയൻ തുറമുഖങ്ങളിലും വൻ തോതിൽ നിക്ഷേപം നടത്തിയിട്ടുള്ളതിനാൽ ഇറക്കുമതിയിൽ ചൈനക്ക് സ്ഥിരത ഉറപ്പാക്കാനാകുന്നുമുണ്ട്.

അതേസമയം, യുഎസിൽ നിന്നുള്ള കർഷകർ കയറ്റുമതി നിലച്ചതോടെ പെരുവഴിയിലായിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധി ഉടൻ പരിഹരിക്കപ്പെടുമെന്നാണ് കർഷകർ കരുതുന്നത്. അടുത്ത വർഷം ജനുവരിയോടെ ചൈന വീണ്ടും യുഎസിൽ നിന്ന് സോയാബീൻ വാങ്ങാനാരംഭിക്കുമെന്നാണ് വിവരങ്ങൾ.

Content Highlights: china halts soyabean imports from us completely amid tariff war

To advertise here,contact us