ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങള് അമേരിക്കക്കാരെ നിരീക്ഷിക്കാനും യുഎസ് സുരക്ഷയ്ക്ക് ഭീഷണിയാകാനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. യുഎസ് ഫെഡറല് കമ്മ്യൂണിക്കേഷന് കമ്മീഷന് ദേശീയ സുരക്ഷാ നോട്ടീസ് പുറപ്പെടുവിച്ചു. നിരോധിത ചൈനീസ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ ദശലക്ഷക്കണക്കിന് ലിസ്റ്റിംഗുകള് യുഎസ് റീട്ടെയില് വെബ്സൈറ്റുകളില് നിന്ന് നീക്കം ചെയ്തതായി എഫ്സിസി ചെയര്മാന് ബ്രെന്ഡന് കാര് വെളിപ്പെടുത്തിയതായി റോയിട്ടേഴ്സ് റിപ്പോര്ട്ട് ചെയ്തു.
നീക്കം ചെയ്തവയില് ഹുവാവേ, ഹാങ്ഷൗ ഹിക്വിഷന്, ഇസഡ്ടിഇ, ദഹുവ ടെക്നോളജി കമ്പനി തുടങ്ങിയ കമ്പനികളുടെ ഹോം സെക്യൂരിറ്റി ക്യാമറകള്, സ്മാര്ട്ട് വാച്ചുകള് തുടങ്ങിയവയെല്ലാം ഉള്പ്പെടുന്നു. ഈ വസ്തുക്കള് ചൈനയ്ക്ക് അമേരിക്കക്കാരെ നിരീക്ഷിക്കാനും കമ്മ്യൂണിക്കേഷന്സിനെ തടസ്സപ്പെടുത്താനും തുടങ്ങി യുഎസ് ദേശീയ സുരക്ഷയെ ഭീഷണിപ്പെടുത്താന് സാധ്യതയുണ്ടെന്ന് സുരക്ഷാ നോട്ടീസില് പറയുന്നു
ഏജന്സി മേല്നോട്ടത്തില് നിരോധിത വസ്തുക്കളുടെ വില്പ്പന തടയുന്നതിന് ഓണ്ലൈന് റീട്ടെയിലര്മാര് പുതിയ സംവിധാനങ്ങള് നടപ്പിലാക്കുന്നുണ്ടെന്ന് കാര് റോയിട്ടേഴ്സിനോട് പറഞ്ഞു. ദേശീയ സുരക്ഷാ അപകടസാധ്യതകള് ചൂണ്ടിക്കാട്ടി ടെലികോം, സെമികണ്ടക്ടറുകള്, വാഹനങ്ങള് എന്നിവയുള്പ്പെടെ ഒന്നിലധികം മേഖലകളിലെ ചൈനീസ് സ്ഥാപനങ്ങളെ ഒഴിവാക്കാനുള്ള പദ്ധതി യുഎസ് ഏജന്സികള് ലക്ഷ്യമിട്ടിട്ടുണ്ട്. കഴിഞ്ഞ മാസം ചൈനീസ് സര്ക്കാരിന്റെ ഉടമസ്ഥതയിലുള്ളതോ നിയന്ത്രിക്കുന്നതോ ആയ ഏഴ് ടെസ്റ്റിംഗ് ലബോറട്ടറികളുടെ അംഗീകാരം പിന്വലിക്കുന്നതിനുള്ള നടപടികളും കമ്മിഷന് ആരംഭിച്ചിരുന്നു.
കഴിഞ്ഞ ദിവസം, നവംബര് 1 മുതല് എല്ലാ ചൈനീസ് ഉല്പ്പന്നങ്ങള്ക്കും 100 ശതമാനം തീരുവ ഏര്പ്പെടുത്തുമെന്ന് പ്രഖ്യാപിച്ച് ഡൊണാള്ഡ് ട്രംപ് രംഗത്തെത്തിയിരുന്നു. സെമികണ്ടക്ടറുകള്, യുദ്ധവിമാനങ്ങള്, മറ്റ് ആധുനിക സാങ്കേതിക വിദ്യകളില് ഉപയോഗിക്കുന്ന റെയര് ഏര്ത്ത് ധാതുക്കളില് ബീജിങ് പുതിയ കയറ്റുമതി നിയന്ത്രണങ്ങള് ഏര്പ്പെടുത്തിയതിനെ തുടര്ന്നായിരുന്നു ഈ നീക്കം. ചൈന അന്താരാഷ്ട്ര വ്യാപാരത്തില് അധാര്മ്മികത കാണിക്കുന്നുവെന്ന് ട്രംപ് ഇതിന് പിന്നാലെ തന്റെ സോഷ്യല് മീഡിയയില് കുറിച്ചു. കൂടാതെ ബീജിങ് കൂടുതല് നടപടികള് സ്വീകരിച്ചാല് താരിഫ് വേഗത്തില് പ്രാബല്യത്തില് വരുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്കിയിരിന്നു.
Content Highlights: US issues national security notice against Chinese products