മൂന്നിലൊരു യുപിഐ പണമിടപാട് സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ്. സര്ക്കാരിന്റെ ഫ്രോഡ് റിസ്ക് ഇന്റിക്കേറ്റര്(FRI)റുമായി ഗൂഗിള് പേ ഇതുവരെ സംയോജിപ്പിച്ചിട്ടില്ല. ഇതാണ് സുരക്ഷാ പ്രശ്നമുണ്ടാവാന് കാരണം. ജിപേ ഉപയോക്താവ് പണമിടപാട് നടത്തുന്ന നമ്പര് സാമ്പത്തിക ക്രമക്കേട് നടത്താന് സാധ്യതയുള്ളതാണോയെന്ന് സൂചന നല്കുന്ന സിസ്റ്റമാണിത്. ഡിപ്പാര്ട്ട്മെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷന്സ് സെക്രട്ടറി നീരജ് മിത്തലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ടെലികമ്മ്യൂണിക്കേഷന്സ് ഡിപ്പാര്ട്ട്മെന്റ് വികസിപ്പിച്ച ഈ സംവിധാനത്തിലൂടെ ഡിജിറ്റല് പേയ്മെന്റ് പ്ലാറ്റ്ഫോമുകള്ക്ക് ഫോണ് നമ്പറുകളെ തരംതിരിക്കാന് സാധിക്കും. മീഡിയം റിസ്ക് നമ്പറുകളിലേക്ക് ഒരു ഉപയോക്താവ് പണമിടപാട് നടത്താന് ശ്രമിച്ചാല് അപകടസൂചനയായി ഒരു പോപ്പ് അപ്പ് നമ്മുടെ പേയ്മെന്റ് ആപ്പില് കാണിക്കും. ഇനി അത് ഹൈ റിസ്ക് വിഭാഗത്തില്പ്പെടുന്ന നമ്പറാണെങ്കില് പണമിടപാട് പൂര്ണമായും ഈ സംവിധാനം ബ്ലോക്ക് ചെയ്യും. ഇത്തരത്തിലാണ് FRI പ്രവര്ത്തിക്കുന്നത്.
തട്ടിപ്പ് നടക്കാനുള്ള സാധ്യതയെ അതിന്റെ ഉറവിടത്തില് വച്ച് തന്നെ അതിനെ തടയുകയാണ് FRI ചെയ്യുന്നതെന്ന് മിത്തല് ചൂണ്ടിക്കാട്ടുന്നു. ഗൂഗിള് പേ നിലവില് ഇതുവരെ FRI പേയ്മെന്റ് സംവിധാനവുമായി സംയോജിപ്പിച്ചിട്ടില്ല. മൂന്നില് ഒരു പേയ്മെന്റ് യുപിഐയില് ഇപ്പോഴും സുരക്ഷിതമല്ല. യുപിഐ ട്രാന്സാക്ഷനില് മുപ്പത് മുതല് മുപ്പത്തഞ്ച് ശതമാനം ട്രാന്സാക്ഷനും നടക്കുന്നത് ഗൂഗിള് പേയിലാണ്. അതേസമയം ഫോണ്പേ, പേടിഎം എന്നിവ FRIയുമായി സംയോജിച്ച് കഴിഞ്ഞെന്നും മിത്തല് ചൂണ്ടിക്കാട്ടി. സുരക്ഷിതവും ആധിപത്യവുമുള്ള യുപിഐ എക്കോസിസ്റ്റം രൂപപ്പെടുത്തുകയാണ് സര്ക്കാര് ലക്ഷ്യമിടുന്നത്. അതേസമയം ഗൂഗിളുമായി നടത്തിയ ചര്ച്ചയില് അവരുടെ ഭാഗത്തുനിന്നും നടപടിയുണ്ടാവാന് നീണ്ടകാലമെടുക്കുമെന്ന മറുപടിയാണ് ലഭിച്ചതെന്നാണ് റിപ്പോര്ട്ട്.
ഇതിനിടയില് ഗൂഗിള് ഇന്ത്യ കോര് ലീഡ് ഫോര് ഗവണ്മെന്റ് അഫയേഴ്സ് ആന്ഡ് പബ്ലിക്ക് പോളിസി രാജേഷ് രഞ്ചന്, FRI ഇന്റഗ്രേഷനുമായി ബന്ധപ്പെട്ട് ടെലികമ്മ്യൂണിക്കേഷന്സ് ഡിപ്പാര്ട്ട്മെന്റുമായി ചര്ച്ച നടത്തിയിട്ടുണ്ട്. ഗൂഗിളിന് എഐ അടിസ്ഥാനമാക്കിയുള്ള തട്ടിപ്പ് പ്രതിരോധ സംവിധാനമായ ഡിജികവച് നിലവിലുണ്ടെന്നും, ഇത് ഓണ്ലൈന് സാമ്പത്തിക തട്ടിപ്പിനെ തടയുമെന്നുമാണ് രാജേഷ് രഞ്ചന് പറയുന്നത്. കഴിഞ്ഞ രണ്ടുമാസത്തിനിടെ ഫോണ്പേ 125 കോടിയുടെ തട്ടിപ്പ് തടഞ്ഞപ്പോള് പേടിഎം 68 കോടി രൂപയാണ് ഇത്തരത്തില് സേവ് ചെയ്തത്. അതിന് സഹായച്ചതാവട്ടെ FRIയുടെ സേവനമാണ്.Content Highlights: 1 in 3 UPI payment in Google Pay is unprotected