ലക്ഷത്തിലേയ്ക്ക് കുതിച്ച് പൊന്ന്; സ്വര്‍ണവിലയിൽ ഇന്നും വർധന

ഇന്ന് ഉച്ചയ്ക്ക് ശേഷവും സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായേക്കാം

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപ കൂടി വര്‍ധിച്ചു. ഒരു ഗ്രാമിന് 11380 രൂപയാണ് ഇന്നത്തെ വില. പവന് 91040 രൂപയായി. സ്വര്‍ണവിലയില്‍ ഇന്നലെ വന്‍ കുതിപ്പാണ് ഉണ്ടായിരുന്നത്.

ഇന്നലെ രാവിലെ ഒരു പവന്‍ സ്വര്‍ണത്തിന് 90,320 രൂപയിരുന്നു. ഒരു ഗ്രാമിന് 11290 രൂപയും. എന്നാല്‍ ഉച്ചയ്ക്ക് ശേഷം വീണ്ടും വില വര്‍ധിച്ചു. പവന് 560 രൂപ കൂടി ഒരു പവന് 90880 രൂപയായി. ഒരു ഗ്രാമിന് 70 രൂപ കൂടി 11360 രൂപയിലെത്തി. അവിടെ നിന്നുമാണ് ഇപ്പോള്‍ 20 രൂപ കൂടി വര്‍ധിച്ചിരിക്കുന്നത്.

നിലവിലെ ട്രെൻഡുകൾ പരിഗണിക്കുമ്പോൾ ഇന്നും ഉച്ചയ്ക്ക് ശേഷം സ്വര്‍ണവിലയില്‍ വര്‍ധനവ് ഉണ്ടായേക്കാമെന്ന് നിരീക്ഷണങ്ങളുണ്ട്. അങ്ങനെയായാല്‍ സ്വര്‍ണവില ഒരു ലക്ഷത്തിനടുത്തെത്താന്‍ ഇനി അധിക ദിവസം വേണ്ടി വരില്ല. ഇതോടുകൂടി വില കുറഞ്ഞിട്ട് സ്വര്‍ണം വാങ്ങാമെന്ന പ്രതീക്ഷയാണ് സാധാരണക്കാരെ സംബന്ധിച്ച് ഇല്ലാതാവുന്നത്. ഓരോ ദിവസം കഴിയുന്തോറും സ്വര്‍ണത്തിന്റെ ഡിമാന്റ് കൂടുന്നതാണ് വില വര്‍ധനവിന് പ്രധാന കാരണം.

സെന്‍ട്രല്‍ ബാങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും അമേരിക്കന്‍ കേന്ദ്രബാങ്കായ ഫെഡറല്‍ റിസര്‍വിന്റെ തീരുമാനങ്ങളും സ്വര്‍ണവിലയിലെ കുതിപ്പിന് വഴിവെച്ചിട്ടുണ്ട്. ഈ വര്‍ഷം മാസം തോറും 64 ടണ്‍ സ്വര്‍ണമാണ് സെന്‍ട്രല്‍ ബാങ്കുകള്‍ വാങ്ങിയെതെന്നാണ് ഗോള്‍ഡ്മാന്‍ സാച്ച്സ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ട്.

സ്വര്‍ണവിലയിലുണ്ടാകുന്ന ഉയര്‍ച്ച സ്വര്‍ണത്തിന്റെ ആവശ്യകതയില്‍ ഇടിവ് ഉണ്ടാക്കിയിട്ടില്ലെന്നതും എടുത്ത് പറയേണ്ടതാണ്. ആഭരണത്തിന് മാത്രമാണ് താരതമ്യേന ആവശ്യക്കാര്‍ കുറയുന്നത്. അതേസമയം, ബാര്‍, കോയിന്‍, ഡിജിറ്റല്‍ ഗോള്‍ഡ് എന്നിങ്ങനെ പല രീതിയില്‍ സ്വര്‍ണവില്‍പ്പന നടക്കുന്നുണ്ട്. അവയ്‌ക്കെല്ലാമാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. നിക്ഷേപകര്‍ സ്വര്‍ണവിലയിലുണ്ടാകുന്ന കുതിപ്പിനെ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്.

Content Highlights: Gold rate today

To advertise here,contact us