വെയിറ്ററായി ജോലി ചെയ്തിരുന്ന റെസ്റ്റോറൻ്റ് സ്വന്തമാക്കി; അമേരിക്കയിൽ ഇന്ത്യന്‍ സംരഭകൻ്റെ വിജയഗാഥ

അമോല്‍ കൊഹ്ലിയെ അറിയാം

സ്വപ്‌നങ്ങള്‍ നേടിയെടുക്കാന്‍ ഇച്ഛാശക്തിയും കഠിനധ്വാനവും മതിയെന്ന് തെളിയിക്കുകയാണ് അമോല്‍ കൊഹ്ലി എന്ന ഇന്ത്യന്‍ യുവാവ്. ഒരു കാലത്ത് യുഎസിലെ ഇന്ത്യന്‍ റെസ്‌റ്റോറന്റില്‍ വെയിറ്ററായി ജോലി ചെയ്തിരുന്ന അമോല്‍ ഇന്ന് ആ സ്ഥാപനത്തിൻ്റെ ഉടമസ്ഥനാണ്.

2003ല്‍ ഫിലാഡല്‍ഫിയയിലെ ഹൈസ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് പോക്കറ്റ് മണിക്കായി അമോല്‍ കൊഹ്ലി ജോലി ചെയ്യാന്‍ തുടങ്ങിയത്. മണിക്കൂറില്‍ ഏകദേശം 5 ഡോളറിനാണ് അന്ന് അദ്ദേഹം ജോലി ആരംഭിച്ചത്. പാചകം, പാത്രം കഴുകല്‍, ഐസ്‌ക്രീം വിതരണം തുടങ്ങിയ ജോലികളായിരുന്നു അദ്ദേഹത്തിന് റെസ്‌റ്റോറന്റില്‍. പിന്നീടുള്ള രണ്ടു പതിറ്റാണ്ടുകള്‍ക്ക് ശേഷം അദ്ദേഹം ഫ്രണ്ട്‌ലി എന്ന ആ റെസ്റ്റോറന്റ് കമ്പനിയുടെ സിഇഒ പദവി സ്വന്തമാക്കുകയായിരുന്നു.

കോഹ്ലിയുടെ നിക്ഷേപ ഗ്രൂപ്പായ ലെഗസി ബ്രാന്‍ഡ്സ് ഇന്റര്‍നാഷണലാണ് ഫ്രണ്ട്ലിയെയും അതിന്റെ മാതൃ കമ്പനിയായ ബ്രിക്സ് ഹോള്‍ഡിംഗ്സിനെയും മറ്റ് ആറ് റെസ്റ്റോറന്റ് ശൃംഖലകളെയും ഏറ്റെടുത്തത്. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും താന്‍ ഫ്രണ്ട്ലിയില്‍ ജോലി ചെയ്തിട്ടുണ്ടെന്ന് 37-കാരനായ കോഹ്ലി പറഞ്ഞു. ഡ്രെക്‌സല്‍ സര്‍വകലാശാലയില്‍ ഫിനാന്‍സ്, മാര്‍ക്കറ്റിംഗ് പഠിക്കുമ്പോഴും റെസ്റ്റോറന്റില്‍ ജോലി തുടര്‍ന്ന് ബിസിനസിനെ ആഴത്തില്‍ പഠിക്കാന്‍ തുടങ്ങിയെന്ന് കോഹ്ലി ദേശീയ മാധ്യമത്തിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞു.

2011ല്‍ ഓണേഴ്സ് ബിരുദം നേടിയ ശേഷം കോഹ്ലി തന്റെ ഫിനാന്‍സ് കരിയറിനു പകരം ഫ്രണ്ട്ലിയില്‍ റീജിയണല്‍ മാനേജര്‍ റോള്‍ തിരഞ്ഞെടുത്തു. കുറച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, സേവിംഗ്‌സ്, ക്രെഡിറ്റ്, ബിസിനസ് പങ്കാളികള്‍ എന്നിവരില്‍ നിന്നുള്ള ഫണ്ടുകള്‍ ഉപയോഗിച്ച് അദ്ദേഹം ഒരു ക്ലോസിംഗ് ഫ്രാഞ്ചൈസി ഏറ്റെടുത്തു. ബ്രാന്‍ഡ് പൂര്‍ണ്ണമായും വാങ്ങുന്നതിനുമുമ്പ് 31 ഇടങ്ങളിൽ ഫ്രണ്ട്ലിയുടെ ഫ്രാഞ്ചൈസികൾ നടത്തി. അദ്ദേഹത്തിന്റെ കമ്പനിക്ക് ഇപ്പോള്‍ ക്ലീന്‍ ജ്യൂസ്, ഓറഞ്ച് ലീഫ്, റെഡ് മാംഗോ, സ്മൂത്തി ഫാക്ടറി കം കിച്ചണ്‍, സൂപ്പര്‍ സാലഡ്, ഹംബിള്‍ ഡോണട്ട് കമ്പനി തുടങ്ങിയവയെല്ലാം സ്വന്തമായിട്ടുണ്ട്. യുഎസിലുടനീളമുള്ള 250-ലധികം റെസ്റ്റോറന്റ് ഔട്ട്ലെറ്റുകളുടെ മേല്‍നോട്ടം വഹിക്കുന്നത് കോഹ്ലിയാണ്.

കോവിഡിനെ തുടര്‍ന്ന് 2020ല്‍ പാപ്പരായി പ്രഖ്യാപിച്ച ഫ്രണ്ട്ലിയെ പൂര്‍ണ്ണമായി ഏറ്റെടുക്കാന്‍ ഈ വര്‍ഷം മേയ് മാസത്തില്‍ കോലി ലെഗസി ബ്രാന്‍ഡ്സ് ഇന്റര്‍നാഷനല്‍ എന്ന സ്വന്തം നിക്ഷേപ ഗ്രൂപ്പ് സ്ഥാപിച്ചു. ബ്രിക്‌സ് ഹോള്‍ഡിങ്‌സും മറ്റ് ആറ് റസ്റ്ററന്റ് ശൃംഖലകളും ഒരുമിച്ച് ചേര്‍ത്താണ് ഫ്രണ്ട്ലിയെ സ്വന്തമാക്കിയത്.

Content Highlights: Indian-origin man who once worked as waiter at Friendly's now owns entire restaurant chain

To advertise here,contact us