ഓരോ ദിവസം കഴിയുന്തോറും ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമുകള് അവരുടെ ചാര്ജിങ്ങ് ഫീസ് വര്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ആറ് വര്ഷം പഴക്കമുള്ള ഒരു സൊമാറ്റോ ബില്ലാണ് ഇപ്പോള് സോഷ്യല് മീഡിയയില് വൈറലാകുന്നത്. 2019ലെ ഒരു ബില്ലാണ് റെഡ്ഡിറ്റില് ഒരു ഉപയോക്താവ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ആ ബില്ലില് ഡെലിവറി ചാര്ജ് ഇല്ല, പ്ലാറ്റ്ഫോം ഫീ ഇല്ല, ഏകദേശം 9.6 കിലോമീറ്റര് അകലെയുള്ള റെസ്റ്റോറന്റില് പോലും ഈ കിഴിവ് കാണാന് സാധിക്കും.
ഇന്ന് ഇതേ ഓര്ഡറിന് ഏകദേശം 300 രൂപ ചിലവാകുമെന്നും ഇത്രയും വര്ഷം കൊണ്ട് ഭക്ഷണവില ഇരട്ടിയായെന്നും ഉപയോക്താവ് ബില്ല് പോസ്റ്റ് ചെയ്ത് ചൂണ്ടികാണിക്കുന്നു. 'സൊമാറ്റോയില് നിന്ന് ഭക്ഷണം ശരിക്കും താങ്ങാനാവുന്ന വിലയില് ലഭ്യമായിരുന്ന കാലമായിരുന്നു ഇത്, അന്നത്തെ കൂപ്പണ് കോഡുകള് ഇന്നത്തെ 'ഗിമ്മിക്കുകളില്' നിന്ന് വ്യത്യസ്തമായി യഥാര്ത്ഥ കിഴിവുകള് ആയിരുന്നുവെന്ന് കൂട്ടിച്ചേര്ത്തു'- റെഡ്ഡിറ്റ് ഉപയോക്താവ് എഴുതി.
ഭക്ഷണവിതരണ ആപ്പുകള് എങ്ങിനെയാണ് വികസിച്ചതെന്നും ഇത്തരത്തിലുള്ള സൗകര്യങ്ങൾക്ക് നമ്മള് വലിയ വില കൊടുക്കേണ്ടു വരുന്നുണ്ടോ എന്ന ചര്ച്ചയ്ക്ക് സോഷ്യല് മീഡിയയില് തുടക്കമായി. 'അന്ന് എല്ലാ പ്ലാറ്റ്ഫോമുകളും താങ്ങാവുന്ന വിലയിലായിരുന്നു പക്ഷേ ജീവിതച്ചെലവും വേതനവുമായി താരതമ്യം ചെയ്യുക. ഇപ്പോള് എല്ലാം കുറഞ്ഞ വിലയ്ക്ക് ലഭിക്കില്ല. എല്ലായിടത്തും ചെലവുകള് ഉണ്ടെന്ന് ഓര്ക്കുക'- ഒരു ഉപയാക്താവ് കുറിച്ചു.
'സഹോദരാ, നിങ്ങള് പറയുന്നത് എനിക്ക് മനസ്സിലായി, പക്ഷേ ഞാന് കുറച്ചുനാളായി കാറ്ററിംഗ് ഇന്ഡസ്ട്രിയില് ജോലി ചെയ്യുന്ന ഒരാളാണ്. ഭക്ഷണ വസ്തുക്കളുടെ വില ഏകദേശം ഇരട്ടിയായി, എല്ലാം അല്ല, പക്ഷേ 15 കിലോ ടിന് അമുല് നെയ്യ് 5500 വാങ്ങിയിരുന്നത് ഞാന് ഓര്ക്കുന്നു, ഇപ്പോള് അത് 9000ത്തോട് അടുത്തിരിക്കുന്നു അത് മറ്റൊരു കാരണമാണ്. അന്ന് സൊമാറ്റോയും സ്വിഗ്ഗിയും ഏകദേശം 90% റെസ്റ്റോറന്റുകളിലും ഏകദേശം 50 ശതമാനം കിഴിവ് നല്കിയിരുന്നു'-മൂന്നാമത്തെ ഉപയോക്താവ് അഭിപ്രായപ്പെട്ടു.
Content Highlights: Zomato bill 2019 goes viral on social media