കേടായ ബര്ഗറിന്റെ പരസ്യം നല്കി കച്ചവടം പിടിച്ച ബര്ഗര് കമ്പനി. ആ കമ്പനിയുടെ പേരാണ് ബര്ഗര് കിങ്. നിങ്ങളില് പലരും ഈ കഥ നേരത്തേ കേട്ടിട്ടുണ്ടാകും. ഒരുപക്ഷെ പരസ്യമേഖലയില് ഇത്രയേറെ കുശാഗ്രതയോടെ ആരും ഒരു പരസ്യത്തിനുള്ള ആശയം ആലോചിച്ചുകാണാന് വഴിയില്ല.
2020 ഫെബ്രുവരിയിലാണ് മോള്ഡി വോപ്പര് കാമ്പെയ്ന് ബര്ഗര് കിങ് തുടക്കം കുറിക്കുന്നത്. ബര്ഗര് കിങ്ങ് തയ്യാറാക്കിയ ഒരു ബര്ഗറിന് 35 ദിവസത്തിനുള്ളില് എന്ത് സംഭവിക്കുന്നു എന്നതായിരുന്നു പരസ്യത്തിന്റെ പ്രമേയം. ദിവസം ചെല്ലുന്തോറും ഫ്രഷ്നെസ് നഷ്ടപ്പെട്ട് പൂപ്പലും മറ്റുമായി ഭക്ഷണയോഗ്യമല്ലാതായി ആ ബര്ഗര് മാറുന്നതായിരുന്നു പരസ്യത്തില് ചിത്രീകരിച്ചത്. തങ്ങളുടെ പ്രൊഡക്ടിന്റെ ഗുണഗണങ്ങള് പറയുന്നതിന് പകരം ദിവസം ചെല്ലുന്തോറും അത് പഴകി ഉപയോഗശൂന്യമാകുന്നത് ചിത്രീകരിക്കാന് ഏത് ബ്രാന്ഡ് ആണ് തയ്യാറാകുക എന്ന് ചിന്തിക്കുന്നവര്ക്കിടയിലേക്ക് അന്ന് ബര്ഗര് കിങ് മുന്നോട്ടുവച്ചത് വലിയൊരു ആശയമാണ്.
തങ്ങളുടെ എതിരാളികളെപ്പോലെ കാലത്തെ അതിജീവിക്കാനുള്ള യാതൊരുതരത്തിലുമുള്ള പ്രിസര്വേറ്റീവുകളും കൃത്രിമരുചിക്കൂട്ടുകളും ചേര്ത്തല്ല തങ്ങള് ബര്ഗര് തയ്യാറാക്കുന്നത് എന്ന വലിയ ഒരു ആശയം. ദ ബ്യൂട്ടി ഓഫ് നോ ആര്ട്ടിഫിഷ്യല് പ്രിസര്വേറ്റീവ്സ് അതായത് കൃത്രിമ സംരക്ഷണവസ്തുക്കള് ചേര്ക്കാത്തതിന്റെ സൗന്ദര്യം എന്ന ടാഗ് ലൈനോടെയായിരുന്നു പരസ്യം. വിശ്വസിച്ചുവാങ്ങാം, കഴിക്കാം എന്ന് ചുരുക്കം.
പരസ്യം വന്നതും ഇത്രയും ജീനിയസ്സായ ഒരു പരസ്യം കണ്ടിട്ടില്ലെന്ന് ലോകം മുഴുവന് വാഴ്ത്തി. തങ്ങളുടെ പ്രത്യേകതയെ കുറിച്ച്, ശുദ്ധവും, തങ്ങള് ചേര്ക്കുന്ന ഗുണനിലവാരമുള്ള ചേരുവകളെ കുറിച്ചും, കഴിച്ചാല് ആരോഗ്യത്തിന് ഒരു കുഴപ്പവും ഉണ്ടാകില്ലെന്നും വലിയ ഡെക്കറേഷനില്ലാതെ പറഞ്ഞുവയ്ക്കുകയായിരുന്നു പരസ്യത്തിലൂടെ ബര്ഗര് കിങ് ചെയ്തത്. സ്വാഭാവികമായും ആളുകള് ചിന്തിച്ചു, ഇതേക്കുറിച്ച് ചര്ച്ച ചെയ്തു ബര്ഗര് കിങ്ങിന്റെ കച്ചവടം കൂടി. ഫാസ്റ്റ് ഫുഡ് മേഖലയിലെ ഭക്ഷണത്തിന്റെ ഗുണനിലവാരത്തെ കുറിച്ചുള്ള വലിയ ചര്ച്ചകള്ക്ക് തുടക്കമിട്ടു.
സംഗതി ഉപഭോക്താക്കള് മാത്രമല്ല ഏറ്റെടുത്തത്. കാന് ലയണ്സ് ഇന്റര്നാഷ്നല് ഫെസ്റ്റിവല് ഓഫ് ക്രിയേറ്റിവിറ്റിയില് ഗ്രാന്ഡ് പ്രിക്സ് പുരസ്കാരവും പരസ്യം നേടി. വിജയത്തിന്റെ താക്കോല് റിസ്കെടുക്കാന് തയ്യാറാവുകയാണെന്ന് പഠിപ്പിക്കുകയാണ് ഈ പരസ്യം. പരസ്യം ഇന്റര്നെറ്റില് ഹിറ്റായിരുന്നു. 8.4 ബില്യണ് ഇംപ്രഷനാണ് സോഷ്യല് മീഡിയയില് പരസ്യം നേടിയത്. പരസ്യത്തോടെ 14 ശതമാനത്തോളം കമ്പനിയുടെ കച്ചവടവും ഉയര്ന്നു.
ഇത്തരത്തില് വിചിത്രമായ പരസ്യത്തിലൂടെ ഉപഭോക്താക്കളെ ആകര്ഷിച്ച ഒട്ടേറെ ബ്രാന്ഡുകള് വേറെയുമുണ്ട്. വഴിയെ അവ പരിചയപ്പെടാം.
Content Highlights: The Mouldy Whopper: Burger King's Bold Move to Win Back Customers