ഇന്ത്യക്കാരെ ഏറ്റവും ഗുരുതരമായി ബാധിക്കുമെന്ന് വിലയിരുത്തപ്പെടുന്ന എച്ച്-1ബി വിസ വിഷയത്തിലെ ചർച്ചകൾ അവസാനിക്കുന്നില്ല. അമേരിക്കൻ ഭരണകൂടം നിർദ്ദേശിച്ച സമയ പരിധിക്ക് മുമ്പേ വിസ ഹോൾഡർമാരായ ഇന്ത്യക്കാർക്ക് തിരികെ എത്താൻ വിമാനടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സാധ്യതപോലും ഇല്ലാതാക്കാനുള്ള ശ്രമം 4ചാൻ വെബ്സൈറ്റ് വഴി നടന്നതും കഴിഞ്ഞ ദിവസം വിവാദമായിരുന്നു. ഇതിനൊക്കെ പിറകേയാണ് ഇലോൺ മസ്കിന്റ ഒരു ട്വീറ്റ് വീണ്ടും ചൂടൻ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ശതകോടീശ്വരനും സ്പേസ് എക്സ് - ടെസ്ല മേധാവിയുമായ ഇലോൺ മസ്ക് എച്ച്-1ബി വിസയെക്കുറിച്ച് നേരത്തെ പറഞ്ഞത് വീണ്ടും സമൂഹമാധ്യമങ്ങളിൽ ചൂടേറിയ ചർച്ചയായിരിക്കുകയാണ്.
മസ്കിന്റെ മലക്കംമറിച്ചിലിനെ കുറിച്ചാണ് സമൂഹമാധ്യമങ്ങളിലെ ചർച്ച. എച്ച്-1ബി വിസയെ കുറിച്ചുള്ള പഴയൊരു പോസ്റ്റിൽ താൻ അമേരിക്കയിലെത്താൻ കാരണം എച്ച്-1ബി വിസയാണെന്നാണ് മസ്ക് പറഞ്ഞിരുന്നത്. തൻ്റെ അമേരിക്കൻ യാത്ര എളുപ്പമാക്കിയതിന് പുറമേ അമേരിക്കയുടെ ടെക്ക് മേധാവിത്വത്തിന് കാരണവും എച്ച്-1ബി വിസയാണെന്നായിരുന്നു മസ്കിന്റെ അന്നത്തെ പ്രതികരണം. എച്ച്-1ബി വിസയ്ക്കെതിരെ രംഗത്തെത്തുന്നവരെ വിമർശിക്കാനും മസ്ക് മടിച്ചിരുന്നില്ല. യുഎസിന്റെ പുത്തൻ കണ്ടുപിടിത്തങ്ങള്ക്കും മത്സരക്ഷമതയ്ക്കും കഴിവുള്ള കുടിയേറ്റക്കാർ അത്യാവശ്യമാണെന്നായിരുന്നു മസ്കിൻ്റെ അഭിപ്രായം.
പക്ഷേ ഈ പ്രതികരണത്തിന് മണിക്കൂറുകളുടെ ആയുസേ ഉണ്ടായിരുന്നുള്ളു എന്നതാണ് പ്രത്യേകത. വളരെ പെട്ടെന്ന് മസ്ക് അന്ന് മലക്കം മറിഞ്ഞിരുന്നു. എച്ച്-1ബി വിസയെ ന്യായീകരിച്ചതിൻ്റെ പിറ്റേന്ന് തന്നെ വിസയുമായി ബന്ധപ്പെട്ട പരിഷ്കരണം അത്യാവശ്യമാണെന്നായിരുന്നു മസ്ക് മാറ്റിപറഞ്ഞത്. ഈ അഭിപ്രായ പ്രകടനവും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇതൊരു തകർന്ന പദ്ധതിയാണെന്നും ഇതിനൊപ്പം മസ്ക് കൂട്ടിച്ചേർത്തിരുന്നു. ഈ നിലപാട് ചൂണ്ടിക്കാണിച്ചാണ് മസ്കിനെതിരെ ഇപ്പോൾ പരിഹാസം ഉയരുന്നത്. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് എച്ച്-1ബി വിസ ഫീസ് വർധിപ്പിച്ച വിഷയത്തിൽ മസ്ക് ഇതുവരെ പ്രതികരിച്ചിട്ടില്ല. നേരത്തെ ഡോജുമായി ബന്ധപ്പെട്ട വിഷയത്തിൽ ട്രംപുമായി മസ്ക് ഇടഞ്ഞിരുന്നു. അതിന് ശേഷം ട്രംപിനെ വിമർശിക്കാൻ കിട്ടുന്ന അവസരങ്ങളൊന്നും മസ്ക് പാഴാക്കിയിരുന്നില്ല. അതിനാൽ തന്നെ എച്ച്-1ബി വിസ വിഷയത്തിൽ മസ്കിൻ്റെ പ്രതികരണത്തിന് പ്രാധാന്യമുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.Content Highlights: Musk's stand on H-1B visa goes viral