ലക്ഷത്തിലേയ്ക്കുള്ള കുതിപ്പിൽ സ്വര്‍ണവില; പവന് 82,000 കടന്നു

സംസ്ഥാനത്ത് വീണ്ടും 82,000 കടന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 82,000 കടന്നു. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 82,240 ആണ്. ഒരുഗ്രാം സ്വര്‍ണത്തിന് 10,280 രൂപയാണ്. ചരിത്രത്തിലാദ്യമായി 82,000 കടന്ന് കുതിച്ച സ്വര്‍ണവില രണ്ടു ദിവസം കൊണ്ട് 81,000ത്തിന് താഴെ എത്തിയിരുന്നു. എന്നാല്‍ ഇന്ന് വീണ്ടും സ്വര്‍ണവില കുതിച്ചുയര്‍ന്നിരിക്കുകയാണ്.

ദീര്‍ഘകാലത്തേക്ക് സ്വര്‍ണവില വര്‍ധനവ് തുടരാനാണ് സാധ്യതയെന്ന് മുംബൈ ആസ്ഥാനമായുള്ള റിഫൈനര്‍ ഓഗ്മോണ്ടിലെ ഗവേഷണ മേധാവി റെനിഷ ചൈനാനിയുടെ അഭിപ്രായം. സെന്‍ട്രല്‍ ബാങ്കുകളില്‍ നിന്നും ഇടിഎഫുകളില്‍ നിന്നുമുള്ള ഡിമാന്‍ഡ് വേഗത്തില്‍ വര്‍ധിച്ച് കൊണ്ടിരിക്കുന്നതാണ് ഇതിന് കാരണമായി വ്യക്തമാക്കുന്നത്.

സ്വര്‍ണാഭരണം വാങ്ങാന്‍ ആഗ്രഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം നിലവിലുള്ള ഈ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. വിവാഹ പാര്‍ട്ടികളെയും വിലക്കയറ്റം ബുദ്ധിമുട്ടിക്കുമെന്നതില്‍ തര്‍ക്കമില്ല. നിലവില്‍ പുതിയ തലമുറയിലെ കുട്ടികളെല്ലാം ലൈറ്റ് വെയ്റ്റ് ആഭരണങ്ങളിലേക്ക് ചുവടുമാറിക്കഴിഞ്ഞു. ഒരു ഗ്രാമില്‍ തീര്‍ത്ത നെക് ചെയ്‌നുകളാണ് പലര്‍ക്കും നിലവില്‍ താല്പര്യം.

അതുപോലെ 18 കാരറ്റ് സ്വര്‍ണത്തിനും ആവശ്യക്കാരേറി. സ്വര്‍ണ വില ഈ പോക്കുപോവുകയാണെങ്കില്‍ മധ്യവര്‍ഗത്തിന് സ്വര്‍ണാഭരണം അത്യാഡംബരമാകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അതേസമയം, സ്വര്‍ണത്തില്‍ നിക്ഷേപം നടത്തുന്നവര്‍ക്ക് പ്രതീക്ഷാ നിർഭരമാണ് തുടർന്നുള്ള ദിവസങ്ങൾ എന്നാണ് വിപണി വിദഗ്ദര്‍ പറയുന്നത്.

സ്വര്‍ണത്തോടൊപ്പം വെള്ളിയുടെ വിലയും വന്‍ തോതില്‍ കുതിക്കുന്നുണ്ട്. ഇന്ത്യയില്‍ നിലവില്‍ വെള്ളിയുടെ വില ഗ്രാമിന് 130.90 രൂപ അഥവാ കിലോഗ്രാമിന് 130,900 രൂപ ആണ്. എന്നിരുന്നാലും, നഗരംതോറും വില വ്യത്യാസപ്പെടുന്നു.

Content Highlights: Gold price today

To advertise here,contact us