എല്‍ഐസി, പോസ്റ്റ് ഓഫീസ്, ബാങ്ക് എവിടെ നിക്ഷേപിക്കുന്നതാണ് കൂടുതല്‍ മെച്ചം, സുരക്ഷിതം? അറിയാം

നിക്ഷേപം സുരക്ഷിതമാണോ, അതിന്റെ കാലാവധി എത്രവേണം, നികുതി ഇളവ് ലഭിക്കുമോ എന്നീ കാര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കൊപ്പം ചിന്തിക്കണം.

ഒരു നിശ്ചിത തുക നിക്ഷേപിക്കുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങളാണ് സാധാരണയായി നിങ്ങള്‍ ചിന്തിക്കാറുള്ളത്. എവിടെ നിക്ഷേപം നടത്തിയാലാണ് ഏറ്റവും കൂടുതല്‍ ലാഭം ഉണ്ടാകുക, അല്ലെങ്കില്‍ ഏറ്റവും ഉയര്‍ന്ന പലിശ നിരക്ക് എവിടെയാണ് എന്നുമാത്രമായിരിക്കും അല്ലേ..എന്നാല്‍ അതുമാത്രം പോര. നിക്ഷേപം സുരക്ഷിതമാണോ, അതിന്റെ കാലാവധി എത്രവേണം, നികുതി ഇളവ് ലഭിക്കുമോ എന്നീ കാര്യങ്ങളും സാമ്പത്തിക ലക്ഷ്യങ്ങള്‍ക്കൊപ്പം ചിന്തിക്കണം.

കയ്യിലുള്ള പണം എവിടെയാണ് സുരക്ഷിതമായി വയ്‌ക്കേണ്ടത്, എങ്ങനെയാണ് ആ പണം വളര്‍ത്തേണ്ടത് എന്ന കാര്യത്തില്‍, ഒറ്റവാക്കില്‍ പറഞ്ഞാല്‍ സാമ്പത്തിക സാക്ഷരതയില്‍ അല്പം പിന്നിലാണ് നമ്മളില്‍ പലരും. സുരക്ഷിത നിക്ഷേപത്തെ കുറിച്ച് ആലോചിക്കുന്നവരെ സംബന്ധിച്ച് അതുകൊണ്ടുതന്നെ ആദ്യം മനസ്സില്‍ വരിക ബാങ്കില്‍ ഫിക്‌സഡ് ഡെപ്പോസിറ്റ് അല്ലെങ്കില്‍ പോസ്റ്റ് ഓഫിസ്, എല്‍ഐസി എന്ന മൂന്നുകാര്യങ്ങളാണ്. എന്നാല്‍ ഇതില്‍ ഏതാണ് കൂടുതല്‍ സുരക്ഷിതം, ലാഭം? നോക്കാം.

ബാങ്കിലെ നിക്ഷേപം

നിക്ഷേപത്തിന് പൊതുവായി എല്ലാവരും തിരഞ്ഞെടുക്കുന്ന മാര്‍ഗമാണ് ഇത്. നിലവില്‍ മിക്ക ബാങ്കുകളും 7 മുതല്‍ 8 ശതമാനം വരെ പലിശ നല്‍കുന്നുണ്ട്. അതും മൂന്നുവര്‍ഷത്തില്‍ കൂടുതലാണ് നിങ്ങള്‍ നിക്ഷേപിക്കുന്നതെങ്കില്‍ മാത്രം. എഫ്ഡിയുടെ കാലയളവ് കുറവാണെങ്കില്‍ പലിശ നിരക്കും കുറഞ്ഞേക്കാം. എങ്കിലും 2.5 ശതമാനം മുതല്‍ 4.5 ശതമാനം വരെ പലിശ ലഭിക്കും. ചില സ്വകാര്യ ബാങ്കുകള്‍ അതില്‍ കൂടുതല്‍ പലിശയും നല്‍കുന്നുണ്ട്.

പോസ്റ്റ് ഓഫീസ് നിക്ഷേപം

സര്‍ക്കാര്‍ ഗ്യാരണ്ടിയോടെ പണം സുരക്ഷിതമായി വയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച നിക്ഷേപമാണ് പോസ്റ്റ് ഓഫിസ് നിക്ഷേപ പദ്ധതികള്‍. സര്‍ക്കാര്‍ പൂര്‍ണ പിന്തുണയുള്ളതാണ് ഇത്. അതിനാല്‍ അതില്‍ നിരക്ഷേപിക്കുമ്പോള്‍ ഭയക്കേണ്ട ആവശ്യമില്ല. മികച്ച പലിശ വാഗ്ദാനം ചെയ്യുന്ന നിരവധി നിക്ഷേപ പദ്ധതികള്‍ ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്.

അഞ്ചുവര്‍ഷത്തേക്ക് നാഷ്‌നല്‍ സേവിങ് സര്‍ട്ടിഫിക്കേറ്റില്‍ നിക്ഷേപിക്കുകയാണെങ്കില്‍ 7.7 ശതമാനം പലിശ ലഭിക്കും, 115 മാസം കൊണ്ട് പണം ഇരട്ടിക്കും. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് 7.1 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്. മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള നിക്ഷേപ പദ്ധതിയില്‍ 8.2 ശതമാനം ആണ് പലിശ നിരക്ക്. സുകന്യ സമൃദ്ധി യോജനയും 8 ശതമാനം പലിശ വാഗ്ദാനം ചെയ്യുന്നുണ്ട്.

എല്‍ഐസി ഇന്‍ഷുറന്‍സ് നിക്ഷേപം

എല്‍ഐസി ഇന്‍ഷുറന്‍സ് മാത്രമല്ല മറിച്ച് നിക്ഷേപത്തിന് മികച്ച റിട്ടേണും നല്‍കുന്നുണ്ട്. പണം ലൈഫ് ഇന്‍ഷുറന്‍സായും ഭാവി പദ്ധതികള്‍ക്കായും നിക്ഷേപിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള മികച്ച നിക്ഷേപ മാര്‍ഗമാണ് ഇത്. എല്‍ഐസിയുടെ ജീവന്‍ ആനന്ദ് പോളിസി മച്യൂരിറ്റി എത്തിയാല്‍ മണി ബാക്ക് നല്‍കുന്നതിനൊപ്പം ഇന്‍ഷുറന്‍സ് പ്ലസ് ബോണസ് നല്‍കുന്നതുമാണ്. എല്‍ഐസിയുടെ റിട്ടേണ്‍ ഫിക്‌സ്ഡ് അല്ല എന്നുള്ളതാണ് ഒരു പ്രത്യേകത. എല്ലായ്‌പ്പോഴും ബോണസ്സിന് അതില്‍ ഒരു പ്രത്യേക റോളുണ്ട്. എന്നാല്‍ എല്‍ഐസി ഒരു സര്‍ക്കാര്‍ ഇന്‍ഷുറന്‍സ് കമ്പനി ആണ്, അതിനാല്‍ നിങ്ങളുടെ പോളിസി സുരക്ഷിതമായിരിക്കും.

അപ്പോള്‍ ഏത് തിരഞ്ഞെടുക്കണം

അത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങളെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ഒപ്പം നിങ്ങളുടെ പ്രായവും ഒരു ഘടകമാണ്. സുരക്ഷിതമായ മെച്ചപ്പെട്ട നിക്ഷേപത്തിന് പോസ്റ്റ് ഓഫീസ് നിക്ഷേപമായിരിക്കും നല്ലത്. ഇന്‍ഷുറന്‍സിനൊപ്പമുള്ള നിക്ഷേപമാണെങ്കില്‍ എല്‍ഐസിയും..ഏതുനിമിഷവും പിന്‍വലിക്കേണ്ടി വരുന്ന നിക്ഷേപമാണ് ആവശ്യമെങ്കില്‍ ബാങ്കിനെയും ആശ്രയിക്കാം.

Content Highlights: Where to Deposit Your Money: Post Office, LIC, or Bank?

To advertise here,contact us