ഫുഡ് ടെക് സ്ഥാപനമായ സ്വിഗ്ഗി ഫുഡ് ഡെലിവറി ഓര്ഡറുകള്ക്കുള്ള പ്ലാറ്റ്ഫോം ഫീസ് വീണ്ടും വര്ധിപ്പിച്ചു. 12 രൂപയില് നിന്ന് 14 രൂപയാക്കിയാണ് വര്ധന. ഉത്സവ സീസണില് ഉപഭോക്തൃ ഇടപാടുകളുടെ വര്ദ്ധനവാണ് ഇത്തരത്തിലൊരു വര്ധനവിന് കാരണമെന്നാണ് കമ്പനിയുടെ വാദം.
സ്വിഗ്ഗി കഴിഞ്ഞ രണ്ട് വര്ഷത്തിനിടയില് പ്ലാറ്റ്ഫോം ഫീസ് ക്രമാനുഗതമായി വര്ധിപ്പിച്ചിരുന്നു. 2023 ഏപ്രിലില് ഇത് 2 രൂപയായിരുന്നു, 2024 ജൂലൈയില് 6 രൂപയായി ഉയര്ത്തി, വീണ്ടും 2024 ഒക്ടോബറില് 10 രൂപയാക്കി. സ്വിഗ്ഗി നിലവില് പ്രതിദിനം 2 ദശലക്ഷത്തിലധികം ഓര്ഡറുകളാണ് പ്രോസസ്സ് ചെയ്യുന്നത്. ഈ ഫീസ് വര്ദ്ധനവിനെക്കുറിച്ച് കമ്പനി ഒരു പൊതു പ്രസ്താവന ഇറക്കിയിട്ടില്ല.
സ്വിഗ്ഗിയും അതിന്റെ പ്രധാന എതിരാളിയായ സൊമാറ്റോയും ഉത്സവ സീസണുകളില് മുന്പും പ്ലാറ്റ്ഫോം ഫീസ് ഉയര്ത്തിയയിട്ടുണ്ട്. ഫീസ് വര്ധിപ്പിച്ചതിനു ശേഷം ഓര്ഡറുകള് കുറഞ്ഞാലും വര്ധിച്ച നിരക്കുകള് നിലനിര്ത്തിയിട്ടുണ്ട്.
2026 സാമ്പത്തിക വര്ഷത്തിലെ ആദ്യ പാദത്തില് കമ്പനിയുടെ അറ്റ നഷ്ടം 1,197 കോടി രൂപയായി വര്ദ്ധിച്ചതായി റിപ്പോര്ട്ട് ചെയ്തതിന് ദിവസങ്ങള്ക്ക് ശേഷമാണ് പ്ലാറ്റ്ഫോം ഫീസ് വര്ധിപ്പിക്കുന്നത്. കഴിഞ്ഞ വര്ഷം ഇതേ കാലയളവില് ഇത് 611 കോടി രൂപയായിരുന്നു. ക്വിക്ക് കൊമേഴ്സ് വിഭാഗമായ 'ഇന്സ്റ്റാമാര്ട്ട്' ആണ് കൂടുതല് നഷ്ടം നേരിട്ടത്. കഴിഞ്ഞ വര്ഷം ഇതേ പാദത്തില് സംഭവിച്ച നഷ്ടത്തേക്കാള് ഇത് വര്ധിച്ചു.
2026 സാമ്പത്തിക വര്ഷത്തിലെ ആദ്യ പാദത്തില് കമ്പനിയുടെ പ്രവര്ത്തനങ്ങളില് നിന്നുള്ള വരുമാനം 54% വാര്ഷിക വളര്ച്ചയോടെ 4,961 കോടി രൂപയായി. ഉയര്ന്ന നഷ്ടത്തിന് കാരണം വെര്ട്ടിക്കലുകളിലുടനീളമുള്ള സ്കെയില്-ഡ്രൈവണ് വളര്ച്ചയാണെന്ന് സ്വിഗ്ഗിയുടെ മാനേജ്മെന്റ് പറഞ്ഞു.
Content Highlights: Swiggy hikes platform fee to Rs 14