ടോപ് ഗിയറില്‍ സ്വര്‍ണവില; വീണ്ടും റെക്കോര്‍ഡില്‍

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് സ്വര്‍ണവില

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 75000 കടന്നു. ഇന്ന് പവന് 80 രൂപ വര്‍ധിച്ചതോടെ ജൂലൈ 23ന് രേഖപ്പെടുത്തിയ സര്‍വകാല റെക്കോര്‍ഡ് ആയ 75,040ലേക്കാണ് സ്വര്‍ണവില ഉയര്‍ന്നത്. ഗ്രാമിന് പത്തു രൂപയാണ് വര്‍ധിച്ചത്. 9380 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ മാസം 23ന് 75000 കടന്ന് റെക്കോര്‍ഡ് ഇട്ട സ്വര്‍ണവില പിന്നീടുള്ള ദിവസങ്ങളില്‍ താഴുന്ന കാഴ്ചയാണ് ദൃശ്യമായത്. 74000ല്‍ താഴെ പോയ സ്വര്‍ണവില കഴിഞ്ഞ ദിവസം മുതലാണ് വീണ്ടും ഉയരാന്‍ തുടങ്ങിയത്. ഓഗസ്റ്റ് ഒന്നിന് 73,200 രൂപയായിരുന്നു സ്വര്‍ണവില. അഞ്ചു ദിവസത്തിനിടെ 1800 രൂപയിലധികമാണ് ഉയര്‍ന്നത്.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണവിലയിലെ മാറ്റത്തിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

ഓഗസ്റ്റിലെ സ്വര്‍ണവില

ഓഗസ്റ്റ് 1 : 73,200

ഓഗസ്റ്റ് 2 : 74,320

ഓഗസ്റ്റ് 3 : 74,320

ഓഗസ്റ്റ് 4 : 74,360

Content Highlights: Gold Price Today

To advertise here,contact us