വീണ്ടും താഴോട്ട്; ഇന്നും സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് ഇന്നും സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണത്തിന് വില കുറഞ്ഞു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 9,150 രൂപയും പവന് 73,200 രൂപയുമായി. ഇന്നലെ ഗ്രാമിന് 40 രൂപയും പവന് 320 രൂപയും കുറഞ്ഞ് യഥാക്രമം 9,170 രൂപയും 73,360 രൂപയുമായിരുന്നു. ബുധനാഴ്ച പവന് 480 രൂപയും ഗ്രാമിന് 60 രൂപയും വര്‍ധിച്ചിരുന്നു.

കഴിഞ്ഞ മാസം 23ന് സ്വര്‍ണ വില സര്‍വകാല റെക്കോഡില്‍ എത്തിയ ശേഷം തുടര്‍ച്ചയായി കുറഞ്ഞിരുന്നു. 75,040 രൂപയായിരുന്നു അന്ന് പവന്‍ വില. 24ന് 74040 രൂപയും 25ന് 73680 രൂപയുമായി. 26ന് 73280 എത്തിയ ശേഷം മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്നു. ചൊവ്വാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കുറഞ്ഞതോടെ പവന് 73200 രൂപയായിരുന്നു.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വര്‍ണ്ണവിലയിലെ മാറ്റത്തിന് കാരണം. കേരളത്തില്‍ കര്‍ക്കിടകം ആരംഭിച്ചതും സ്വര്‍ണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാല്‍ അടുത്തമാസം വിവാഹ സീസണ്‍ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളില്‍ സ്വര്‍ണ്ണം മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വര്‍ദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണ്ണം സ്വന്തമാക്കാം എന്നതാണ് മുന്‍കൂര്‍ ബുക്കിങ് വര്‍ധിക്കാന്‍ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാല്‍ ആ തുകയ്ക്ക് സ്വര്‍ണം വാങ്ങാന്‍ സാധിക്കും.

Content Highlights: Gold Price Today

To advertise here,contact us