യൂട്യൂബ് വരുമാനം ആശ്രയിച്ച് മുന്നോട്ട് പോകാൻ കഴിയില്ല ! ലൈവിൽ പ്രഖ്യാപനവുമായി ഫിറോസ് ചുട്ടിപ്പാറ

'വില്ലേജ് ഫുഡ് ചാനൽ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധേയനാവുന്നത്

യൂട്യൂബ് വീഡിയോ മാത്രമായി ഇനി മുന്നോട്ട് പോവാൻ സാധിക്കില്ലെന്നും യൂട്യൂബിൽ സ്ഥിരമായി വീഡിയോ പങ്കുവെയ്ക്കുന്നത് നിർത്തുകയാണെന്നും പ്രഖ്യാപിച്ച് പ്രമുഖ യൂട്യൂബർ ഫിറോസ് ചുട്ടിപ്പാറ. ആളുകൾ പ്രധാനമായും ഷോർട്‌സിലേക്കും റീലുകളിലേക്കും തിരിഞ്ഞിരിക്കുകയാണ്. എന്നാൽ വലിയ തുക ചെലവഴിച്ച് ഇത്തരം വീഡിയോകൾ ചെയ്താൽ ആവശ്യമുള്ള വരുമാനം ലഭിക്കില്ലെന്നും അതുകൊണ്ട് താനും സുഹൃത്തും ചേർന്ന് പുതിയ ബിസിനസ് ആരംഭിക്കുകയാണെന്നുമാണ് ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചത്.

യൂട്യൂബ് ലൈവിലൂടെയായിരുന്നു ഫിറോസിന്റെ പ്രഖ്യാപനം. യുഎഇ ആസ്ഥാനമായിട്ടായിരിക്കും തന്റെ പുതിയ ബിസിനസ് എന്നും ഫിറോസ് ചുട്ടിപ്പാറ പ്രഖ്യാപിച്ചു. അതേസമയം യുട്യൂബ് സ്ഥിരമായി നിർത്തില്ലെന്നും റീലുകളും സമയം കിട്ടുന്നതിന് അനുസരിച്ച് വീഡിയോകളും ഇടുമെന്നും ഫിറോസ് ചുട്ടിപ്പാറ പറഞ്ഞു.

യൂട്യൂബ് വരുമാനത്തെ ആശ്രയിച്ച് മുന്നോട്ടു പോകുന്നതിന് പകരം സ്വയം സംരംഭത്തിലേക്ക് ഇറങ്ങുകയാണ്, ബിസിനസ് രംഗത്ത് കൂടുതൽ ശ്രദ്ധ ആവശ്യമുള്ളതിനാൽ കൂടുതൽ സമയമെടുത്തുള്ള പാചക വിഡിയോകൾക്ക് പകരം റീലുകളിൽ ആയിരിക്കും ഇനി കൂടുതൽ പ്രത്യക്ഷപ്പെടുക. എന്നാൽ കുക്കിംഗ് വിഡിയോകൾ പൂർണമായി ഉപേക്ഷിക്കുന്നില്ലെന്നും ഫിറോസ് പറഞ്ഞു.

'വില്ലേജ് ഫുഡ് ചാനൽ' എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഫിറോസ് ചുട്ടിപ്പാറ ശ്രദ്ധേയനാവുന്നത്. പാലക്കാട് ജില്ലയിലെ എലപ്പുള്ളി സ്വദേശിയായ ഫിറോസ് മുമ്പ് പ്രവാസിയായിരുന്നു. നാട്ടിൽ തിരിച്ചെത്തിയ ഫിറോസ് 'ക്രാഫ്റ്റ് മീഡിയ' എന്ന പേരിൽ ഒരു യൂട്യൂബ് ചാനൽ ആരംഭിക്കുകയും പിന്നീട് ഇത് വില്ലേജ് ഫുഡ് ചാനൽ' എന്ന് പേര് മാറ്റുകയുമായിരുന്നു.

പോത്തിനെ മുഴുവനായി ഗ്രിൽ ചെയ്തതടക്കമുള്ള വീഡിയോകൾ വൈറലായിരുന്നു. വ്യത്യസ്തങ്ങളായ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനായി വിദേശരാജ്യങ്ങളിൽ പോവുകയും ഇവിടെ നിന്ന് പാമ്പ് ഗ്രിൽ, തേൾ ഫ്രൈ, മുതല, മാൻ, ഒട്ടകം തുടങ്ങിയവയെ പാചകം ചെയ്യുന്ന വീഡിയോകളും ഫിറോസ് പങ്കുവെച്ചിരുന്നു.

താൻ പാചകം ചെയ്യുന്ന വലിയ അളവിലുള്ള ഭക്ഷണം അനാഥാലയങ്ങളിലും അഭയകേന്ദ്രങ്ങളിലും വിതരണം ചെയ്യുന്നതിലൂടെയും കൂടിയായിരുന്നു ഫിറോസ് ചുട്ടിപ്പാറ മലയാളികൾക്കിടയിൽ ശ്രദ്ധേയനായത്.

Content Highlights: Firoz Chuttipara announced that he will start a new business in the UAE

To advertise here,contact us