സ്വർണവിലയിൽ ഇന്നും ഇടിവ്; മുൻകൂർ ബുക്കിങ്ങുകൾ കൂടുന്നു

അടുത്ത മാസം വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളിൽ സ്വർണ്ണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്

സ്വർണവില ഇന്ന് വീണ്ടും കുറഞ്ഞു. പവന് 400 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 73,680 രുപ ആയിരുന്നത് ഇന്ന് 73,280 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 9160 രൂപയാണ് വില. തങ്കം ഒരു ഗ്രാമിന് 9993 രൂപയും ഒരു പവന് 79944 രൂപയുമാണ് വില.

രാജ്യാന്തര വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതകളിലെ ഏറ്റക്കുറച്ചിലുകളുമാണ് സ്വർണ്ണവിലയിലെ ഈ കുറവിന് കാരണം. കേരളത്തിൽ കർക്കിടകം ആരംഭിച്ചതും സ്വർണവിലയെ ബാധിച്ചിട്ടുണ്ട്. എന്നാൽ അടുത്തമാസം വിവാഹ സീസൺ ആരംഭിക്കുന്നതോടെ വില ഇനിയും കൂടാനാണ് സാധ്യത.

വിവാഹ സീസൺ ആരംഭിക്കാനിരിക്കെ, കേരളത്തിലെ ജ്വല്ലറികളിൽ സ്വർണ്ണം മുൻകൂട്ടി ബുക്ക് ചെയ്യുന്നവരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വർണ്ണം സ്വന്തമാക്കാം എന്നതാണ് മുൻകൂർ ബുക്കിങ് വർധിക്കാൻ കാരണം. ബുക്ക് ചെയ്ത ദിവസത്തെ തുകയോ വാങ്ങുന്ന ദിവസത്തെ തുകയോ ഏതാണ് കുറവ് എന്ന് വെച്ചാൽ ആ തുകയ്ക്ക് സ്വർണം വാങ്ങാൻ സാധിക്കും.

സ്വർണ്ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെയുള്ള രൂപയുടെ വിനിമയ നിരക്ക്, സ്വർണ്ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക്, കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് ഇന്ത്യയിലെ സ്വർണ്ണവില നിർണ്ണയിക്കുന്ന പ്രധാന ഘടകങ്ങൾ. ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഉപഭോക്താക്കളിൽ ഒന്നാണ് ഇന്ത്യ. അതിനാൽ, ആഗോള വിപണിയിൽ സ്വർണ്ണത്തിനുണ്ടാകുന്ന ചെറിയ ചലനങ്ങൾ പോലും ഇന്ത്യൻ വിപണിയെ നേരിട്ട് ബാധിക്കാറുണ്ട്.

നിലവിൽ, പ്രാദേശികമായി പ്രവർത്തിക്കുന്ന ഗോൾഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയിൽ സ്വർണ്ണത്തിന് വില നിശ്ചയിക്കുന്നത്. മുംബൈ വിപണിയിലെ സ്വർണ്ണവിലയെ അടിസ്ഥാനമാക്കിയാണ് കേരളത്തിലെ സ്വർണ്ണവില കണക്കാക്കുന്നത്.

Content Highlights: Gold Price Today

To advertise here,contact us