സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇന്ന് കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 9,145 രൂപയിലെത്തി. പവന് 80 രൂപ കുറഞ്ഞ് 73,160 രൂപയായി. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 7,500 രൂപയാണ്. വെള്ളിവില 2 രൂപ കുറഞ്ഞ് 122ലെത്തി. ഇന്നലെ ഈ മാസത്തെ ഉയര്‍ന്ന നിലയില്‍ സ്വര്‍ണവിലയെത്തിയിരുന്നു. 73,240 രൂപയായിരുന്നു ഇന്നലത്തെ വില.

അടുത്ത മാസം വിവാഹ സീസണ്‍ ആരംഭിക്കാനിരിക്കെ ജ്വല്ലറികളില്‍ മുന്‍കൂര്‍ ബുക്കിംഗ് സജീവമായിട്ടുണ്ട്. സ്വര്‍ണവില അടിക്കടി ഉയര്‍ന്നു തുടങ്ങിയതോടെ പലരും മുന്‍കൂര്‍ ബുക്കിംഗിലേക്ക് മാറിയിട്ടുണ്ട്. ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയ്ക്ക് പിന്നീട് സ്വര്‍ണം വാങ്ങാന്‍ പറ്റുമെന്നതാണ് ഇതിന്റെ നേട്ടം. സ്വര്‍ണത്തിന്റെ രാജ്യാന്തര വില, ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക്, സ്വര്‍ണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകളുടെ നിരക്ക് കസ്റ്റംസ് ഡ്യൂട്ടി എന്നിവയാണ് സ്വര്‍ണത്തിന്റെ വില നിര്‍ണയിക്കുന്നതിന്റെ അടിസ്ഥാന ഘടകങ്ങള്‍.

ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.

Content highlights: Gold Price Today

To advertise here,contact us