പാകിസ്താനോടുള്ള സ്‌നേഹക്കൂടുതല്‍; ഇന്ത്യയുടെ കാര്‍ഷിക മേഖലയ്ക്കും പണികൊടുക്കാനൊരുങ്ങി ചൈന

വാഹനമേഖലയ്ക്കു പിന്നാലെ കാര്‍ഷിക മേഖലയെയും ലക്ഷ്യംവച്ച് ചൈന

ഇന്ത്യയില്‍ പഴങ്ങളുടെയും പച്ചക്കറികളുടെയും വിളവ് വര്‍ധിപ്പിക്കാന്‍ ഉപയോഗിക്കുന്ന സ്‌പെഷ്യാലിറ്റി വളങ്ങളുടെ കയറ്റുമതി നിര്‍ത്തിവച്ച് ചൈന. അതേസമയം മറ്റ് രാജ്യങ്ങളിലേക്ക് ചൈന കയറ്റുമതി തുടരുന്നുമുണ്ട്. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ ചൈന പാകിസ്താനെ പിന്തുണയ്ക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ജൂണ്‍-ഡിസംബര്‍ കാലയളവില്‍ ഇന്ത്യയിലേക്ക് ചൈന 150,000-160,000 ടണ്‍ സ്‌പെഷ്യാലിറ്റി വളങ്ങളാണ് സാധാരണയായി ഇറക്കുമതി ചെയ്യാറ്.

നിലവില്‍ പ്രത്യേകവളങ്ങള്‍ നിര്‍മിക്കാനുള്ള ശേഷി ഇന്ത്യക്കില്ല. അതുകൊണ്ടു തന്നെ ഇന്ത്യക്ക് ആവശ്യമുള്ളതില്‍ 80 ശതമാനവും ഉത്പന്നം വരുന്നത് ചൈനയില്‍ നിന്നുമാണ്. മണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താനും വിളവ് വര്‍ദ്ധിപ്പിക്കാനും സഹായകമാണ് ഈ വളങ്ങള്‍. വെള്ളത്തില്‍ ലയിക്കുന്ന വളങ്ങള്‍ (WSF), ഇലകളിലുളള പ്രയോഗത്തിനുമുള്ള ദ്രാവക വളങ്ങള്‍, മൈക്രോ ന്യൂട്രിയന്റ് വളങ്ങള്‍, ഫോര്‍ട്ടിഫൈഡ് വളങ്ങള്‍, നാനോ വളങ്ങള്‍, ബയോ-സ്റ്റിമുലന്റുകള്‍, നൂതനമായ വളങ്ങള്‍ തുടങ്ങിയവയാണ് ഇവയൊക്കെ. ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച്, ഇന്ത്യന്‍ മൈക്രോ ന്യൂട്രിയന്റ് വളം വിപണി 2029 ആകുമ്പോഴേക്കും 1 ബില്യണ്‍ ഡോളര്‍ കവിയുമെന്നും 9.2% സിഎജിആറില്‍ വളരുമെന്നാണ് പ്രതീക്ഷ.

പാകിസ്താനുമായി ഏറ്റവും അടുപ്പമുള്ള രാജ്യമാണ് ചൈന. അതുകൊണ്ടുതന്നെ ഓപ്പറേഷന്‍ സിന്ദൂറിന്റെ പശ്ചാത്തലത്തിലാണ് ചൈന ഇത്തരത്തിലൊരു നടപടിയിലേക്ക് നീങ്ങുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യയുടെ ഏറ്റവും വലിയ സാമ്പത്തിക സ്രോതസായ കാര്‍ഷിക മേഖലയെ തകര്‍ക്കാനാണോ ചൈനയുടെ ശ്രമമെന്നും ചോദ്യങ്ങളുയരുന്നുണ്ട്. ചൈന പൂര്‍ണമായും ഇറക്കുമതിയില്‍ നിന്നും ഒഴിഞ്ഞതോടെ മറ്റു വഴികള്‍ തേടുകയാണ് ഇന്ത്യ. ജോര്‍ദാനില്‍ നിന്നും യൂറോപ്പില്‍ നിന്നും വളങ്ങള്‍ ഇറക്കുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ.

അതേസമയം, നിയോഡിയം അയണ്‍ ബോറോണ്‍ മാഗ്‌നെറ്റുകള്‍ ഉള്‍പ്പെടെയുള്ള റെയര്‍ എര്‍ത്ത് മാഗ്‌നെറ്റുകളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് ഇലക്ട്രിക് കാറുകള്‍ ഉള്‍പ്പെടെയുള്ള രാജ്യത്തെ വാഹന നിര്‍മാണ രംഗം വലിയ പ്രതിസന്ധി നേരിടുകയാണ്. ഏപ്രില്‍ നാല് മുതല്‍ റെയര്‍ എര്‍ത്ത് മാഗ്നെറ്റ് കയറ്റുമതിയില്‍ ചൈന നിയന്ത്രണം കൊണ്ടുവന്നിരുന്നു.

Content Highlights: china blocks important agriculture related shipments to india

To advertise here,contact us