വീണ്ടും ഉയര്‍ച്ചയുടെ പാതയില്‍; സ്വര്‍ണവില ഇന്നും കൂടി

സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. പവന് 120 രൂപയാണ് ഇന്ന് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 74,120 രൂപയാണ്. ഗ്രാമിന് ആനുപാതികമായി 15 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 9265 രൂപയാണ്. വെള്ളിയാഴ്ചയാണ് ഏപ്രില്‍ 22ലെ റെക്കോര്‍ഡ് സ്വര്‍ണവില ഭേദിച്ചത്. ഏപ്രില്‍ 22ന് രേഖപ്പെടുത്തിയ 74,320 രൂപ എന്ന റെക്കോര്‍ഡ് ആണ് തിരുത്തിയത്. ശനിയാഴ്ചയും വില വര്‍ധിച്ച് സ്വര്‍ണവില പുതിയ ഉയരം കുറിക്കുന്നതാണ് കണ്ടത്. 75,000 കടന്നും കുതിക്കുമെന്ന സൂചനയ്ക്കിടെ സ്വര്‍ണവില കുറയുന്നതാണ് പിന്നീട് കണ്ടത്. പവന് ഏകദേശം ആയിരം കുറഞ്ഞ ശേഷം ഇന്നലെ മുതലാണ് സ്വര്‍ണവില വീണ്ടും കൂടാന്‍ തുടങ്ങിയത്.

ഇറാന്‍- ഇസ്രയേല്‍ സംഘര്‍ഷം അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവില ഉയരാനുള്ള പ്രധാന കാരണം. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ സ്വര്‍ണത്തിലേക്ക് കൂടുതല്‍ ആളുകള്‍ ഒഴുകി എത്തിയതാണ് സ്വര്‍ണ വില ഉയരാന്‍ കാരണമെന്ന് വിപണി വിദഗ്ധര്‍ പറയുന്നു. കൂടാതെ, ലോകത്തെ ഏറ്റവും വലിയ സ്വര്‍ണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വര്‍ഷവും ടണ്‍ കണക്കിന് സ്വര്‍ണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ടാണ് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.

നിലവില്‍ പ്രാദേശികമായി പ്രവര്‍ത്തിക്കുന്ന ഗോള്‍ഡ് അസോസിയേഷനുകളാണ് ആഭ്യന്തര വിപണിയില്‍ സ്വര്‍ണത്തിന് വിലയിടുന്നത്. പ്രധാനമായും മുംബൈ വിപണിയിലെ സ്വര്‍ണവില അടിസ്ഥാനമാക്കിയാണ് കേരളത്തിലെ വിപണിയിലെ സ്വര്‍ണ വില കണക്കാക്കാറുള്ളത്.

Content Highlights: Gold Price Today

To advertise here,contact us