ആകാശ്, ആനന്ദ് അംബാനിമാരുടെ ആസ്തി; സ്ത്രീകളില്‍ ഏറ്റവും ധനിക ഇഷ അംബാനി:ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ട്

സ്ത്രീകളില്‍ ഏറ്റവും ധനികയായ ബിസിനസ് ഉടമ ഇഷ അംബാനിയാണ്

2025 ഇന്ത്യ വെല്‍ത്ത് റിപ്പോര്‍ട്ടില്‍ മുന്നിലെത്തിയിരിക്കുകയാണ് മുകേഷ് അംബാനിയുടെ മക്കളായ ആകാശ് അംബാനിയും ആനന്ദ് അംബാനിയും. 360 വണ്‍ വെല്‍ത്തും ക്രിസിലും ചേര്‍ന്ന് പുറത്തിറക്കിയ ന്യൂ വെല്‍ത്ത് ക്രിയേറ്റേഴ്‌സ് ലിസ്റ്റില്‍ 3.59 ലക്ഷം കോടി രൂപ അതായത് 43 ബില്യണ്‍ യുഎസ് ഡോളര്‍ വീതം ആസ്തിയോടെയാണ് ആകാശ് അംബാനിയും ആനന്ദ് അംബാനിയും മുന്നിലെത്തിയത്. ഇന്ത്യയിലെ മുന്‍നിര സമ്പത്ത് - ആസ്തി മാനേജ്‌മെന്റ് കമ്പനികളിലൊന്നായ 360 വണ്‍ ഡബ്ല്യു.എ.എമ്മിന്റെ ഭാഗമാണ് 360 വണ്‍വെല്‍ത്ത്.

കുറഞ്ഞത് 5 ബില്യണ്‍ രൂപ ആസ്തിയുള്ള സംരംഭകര്‍, പ്രൊഫഷണലുകള്‍ , നിക്ഷേപകര്‍ എന്നിവരെയാണ് ഇതിനായി പരിഗണിച്ചത്. ഇവരുടെ സംയോജിത ആസ്തിയുടെ മൂല്യം ഏകദേശം 100 ലക്ഷം കോടി രൂപയാണ്.

ഈ പട്ടികയില്‍ ഉള്‍പ്പെട്ട 161 പേര്‍ക്ക് 10,000 കോടി രൂപയിലധികം ആസ്തിയാണ് ഉളളത്. 577 വെല്‍ത്ത് ക്രിയേറ്റര്‍മാരുള്ള മുംബൈ ആണ് രാജ്യത്തിന്റെ സമ്പന്നരുടെ തലസ്ഥാനം. ന്യൂഡല്‍ഹിയില്‍ 17 ശതമാനവും ബെംഗളൂരുവില്‍ എട്ട് ശതമാനവും അഹമ്മദാബാദില്‍ അഞ്ച് ശതമാനവും അതിസമ്പന്നരായ ഇന്ത്യക്കാരുണ്ട്. പട്ടികയിലെ 71 ശതമാനം പേരും പുരുഷന്മാരാണ്. 360 വണ്‍ വെല്‍ത്ത് ക്രിയേറ്റേഴ്‌സ് പട്ടികയിലെ മൊത്തം സമ്പത്തിന്റെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടേതാണ്.

സ്ത്രീകളില്‍ ഏറ്റവും ധനികയായ ബിസിനസ് ഉടമ ഇഷ അംബാനിയാണ്. റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി എന്റര്‍പ്രൈസസുമാണ് ആകെ ആസ്തിയുടെ 12 ശതമാനം നിയന്ത്രിക്കുന്നത്. 360 വണ്‍ വെല്‍ത്ത് ക്രിയേറ്റര്‍മാരുടെ പട്ടികയിലെ മൊത്തം സമ്പത്തിന്റെ ഏകദേശം 59 ശതമാനം ഇന്ത്യയിലെ മികച്ച 50 ബിസിനസ് സ്ഥാപനങ്ങളുടേതാണ്.

റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡിന്റെ നിലവിലെ ചെയര്‍മാനാണ് ആകാശ് അംബാനി. റിലയന്‍സിന്റെ പരിസ്ഥിതി സൗഹൃദ പദ്ധതികളുടെ മേല്‍നോട്ട ചുമതലയാണ് അംബാനിയുടെ ഇളയ മകനായ ആനന്ദ് അംബാനിക്ക് ഉളളത്.

Content Highlights :Mukesh Ambani's sons Akash Ambani and Anand Ambani have topped the 2025 India Wealth Report

To advertise here,contact us