ഒറ്റ ദിവസം കൊണ്ട് രണ്ട് തവണ ഇടിവ്; ഉച്ചയോടെ സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ വന്നതും സ്വർണ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്. രാവിലെ പവന് 1320 രൂപ കുറഞ്ഞ് 71,040 രൂപയായതിന് പിന്നാലെ ഉച്ചയോടെ വീണ്ടും സ്വർണവില ഇടിയുകയായിരുന്നു. ഗ്രാമിന് 130 രൂപയാണ് കുറഞ്ഞത്. ഇതോടെ പവന് പവന് 70,000 രൂപയായി. ഒറ്റദിവസം രണ്ട് തവണയായി പവന് 2360 രൂപയാണ് കുറഞ്ഞത്. സ്വർണ വിപണിയുടെ ചരിത്രത്തിൽ അപൂർവമാണിത്. യുഎസും ചൈനയും തീരുവ യുദ്ധത്തിൽ താൽക്കാലികമായി പിൻമാറ്റം പ്രഖ്യാപിച്ചതാണ് സ്വർണവിലയിലെ ചാഞ്ചാട്ടത്തിന് കാരണം. ഇന്ത്യ-പാക് വെടിനിർത്തൽ നിലവിൽ വന്നതും സ്വർണ വിപണിയിൽ പ്രതിഫലിച്ചിട്ടുണ്ടെന്നാണ് സാമ്പത്തിക വിദഗ്ധർ പറയുന്നത്.

മെയ് മാസം ആരംഭം മുതൽ വിലയിൽ കുറവ് രേഖപ്പെടുത്തിയത് പ്രതീക്ഷയോടെയാണ് ഉപഭോക്താക്കൾ കണ്ടത്. ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കുന്നത്.

സ്വർണത്തിന്റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്. രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണ വില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണ വിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്.

Content Highlights: Gold prices have fallen again in kerala

To advertise here,contact us