'നാനോ' മികച്ചൊരു സ്വപ്നമായിരുന്നു; സാധാരണക്കാരന് വേണ്ടിയുള്ള പരീക്ഷണം പാളിയപ്പോഴും രത്തൻ ടാറ്റ പതറിയില്ല

ഇന്ത്യൻ മധ്യവർഗത്തിനും ഉപരി, താഴെക്കിടയിലുള്ള ജനങ്ങൾക്കും ഒരു കാറിനെ സ്വപ്നം കാണാൻ പഠിപ്പിച്ചതും നാനോയായിരുന്നു.

'ഒരു കാർ ഉണ്ടാക്കാൻ എന്നെ പ്രേരിപ്പിച്ച ഘടകം ഇവിടുത്തെ ഇടത്തരം കുടുംബങ്ങൾ തന്നെയാണ്. സ്‌കൂട്ടറിൽ പോകുന്ന ഈ അച്ഛനമ്മമാരുടെ ഇടയിൽ 'ചതഞ്ഞരഞ്ഞ്' ( Sandwiched എന്ന വാക്കാണ് രത്തൻ ടാറ്റ ശരിക്കും ഉപയോഗിച്ചത് ) ഒരു കുട്ടിയും ഉണ്ടാകും…'; ടാറ്റ നാനോയുടെ ആശയം എങ്ങനെ ഉണ്ടായെന്ന് രത്തൻ ടാറ്റ ഒരിക്കൽ പറഞ്ഞിരുന്നു. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന മിഡിൽ ക്ലാസ് ജനങ്ങളുട ഒരു ജീവിതാഭിലാഷം തന്നെയാകും ഒരു കാർ എന്നത്. ആ സ്വപ്നത്തിലേക്കാണ് ടാറ്റ നാനോ എന്ന പേരിലൂടെ ഒരു കാർ ഓടിച്ച് രത്തൻ ടാറ്റ കയറിച്ചെന്നത്.

2008 ജനുവരിയിലാണ് ടാറ്റ തങ്ങളുടെ ബജറ്റ് കാറായ നാനോ ലോഞ്ച് ചെയ്യുന്നത്. 1 ലക്ഷം രൂപയായിരുന്നു കാറിന്റെ വില. 'ലാക്ടാക്കിയ' അഥവാ ആറു ലക്ഷത്തിന്റെ കാർ എന്ന വിളിപ്പേരിൽ, വലിയ പ്രതീക്ഷയോടെയാണ് കാർ ലോഞ്ച് ചെയ്യപ്പെട്ടത്. ആകെ ഒരു 'തീപ്പെട്ടി' വലുപ്പമുള്ള കാർ. അതിൽ സുഖമായി നാല് പേർക്ക് യാത്ര ചെയ്യാം. ഇന്ത്യൻ മധ്യവർഗത്തിനും ഉപരി, താഴെക്കിടയിലുള്ള ജനങ്ങളെ ഒരു കാറെന്ന സ്വപ്നം കാണാൻ പഠിപ്പിച്ചതും നാനോയായിരുന്നു.

എന്നാൽ വലിയ പ്രതീക്ഷകളോടെ വന്ന നാനോ കാർ അത്ര സ്വീകാര്യത നേടിയില്ല എന്നതാണ് സത്യം. അതിന് പ്രധാനപ്പെട്ട കാരണമായി പറഞ്ഞത് ഗുണനിലവാരമില്ലായ്മയാണ്. 1 ലക്ഷം രൂപ വിലവരുന്ന ബേസ് മോഡലിൽ എസി, പവർ സ്റ്റിയറിങ്, സുരക്ഷാ സംവിധാനമായ എയർബാഗ് എന്നിവയൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ ക്വാളിറ്റി, മൈലേജ് എന്നിവ ഉണ്ടായിരുന്നു താനും !

ടാറ്റ നാനോയുടെ പരാജയത്തിന് കാരണമായി പറയുന്നതും ഈ അപര്യാപ്തതയാണ്. ഇന്ത്യക്കാരുടെ കമ്പോള താൽപ്പര്യങ്ങളിലെ പ്രാഥമിക സ്വഭാവം തന്നെ എല്ലാം ഒരു കുടക്കീഴിൽ, കുറഞ്ഞ വിലയിൽ വേണമെന്നതാണ്. നാനോയുടെ വില കുറവായിരുന്നെങ്കിലും പക്ഷെ സൗകര്യങ്ങൾ പ്രതീക്ഷിച്ചത്ര ഉണ്ടായില്ല എന്നത് തിരിച്ചടിയായി.

നാനോയുടെ പരാജയത്തിന് കമ്പനി കൈകൊണ്ട് മാർക്കറ്റിങ് സ്ട്രാറ്റജി ഏൽക്കാതെ പോയതും ഒരു കാരണമായി നിരീക്ഷിക്കപ്പെടുന്നുണ്ട്. നാനോ ലോഞ്ച് ചെയ്യുമ്പോൾ തന്നെ കാർ മേടിക്കാനാഗ്രഹിക്കുന്ന ജനവിഭാഗത്തിന്റെ അടിസ്ഥാന ആഗ്രഹങ്ങൾ എന്താണെന്ന മനസിലാക്കാൻ ടാറ്റയ്ക്ക് സാധിച്ചില്ല. വിലകുറഞ്ഞ കാർ എന്നത് ഒരു അഭിമാനപ്രശ്നമായി ആളുകൾ കാണുന്നുണ്ട് എന്നതും, കാർ വാങ്ങുമ്പോൾ നല്ലതുതന്നെ വാങ്ങണം എന്ന ആളുകളുടെ മനോനിലയും നാനോയുടെ പരാജയത്തിന് ഒരു കാരണമായി ബിസിനസ് നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നാനോയുടെ പബ്ലിസിറ്റി സ്ട്രാറ്റജി യഥാർത്ഥത്തിൽ ജനമനസുകളിലേക്ക് എത്തുന്നതായിരുന്നില്ല എന്ന നിരീക്ഷണവുമുണ്ട്. ഇന്ത്യൻ ജനങ്ങളുടെ ഉപഭോക്ത്ര സംസ്കാരം കൂടുതലും വൈകാരികമായാണ് ഇപ്പോഴും ഉടലെടുത്തിട്ടുള്ളത്. ഇവിടെയാണ് കാറിന്റെ പ്രത്യേകതകളിൽ മാത്രം ഊന്നി ടാറ്റ നാനോയെ മാർക്കറ്റ് ചെയ്തത്. ഇത് തിരിച്ചടിയായി. കൂടാതെ കാറിന്റെ എൻജിൻ കപ്പാസിറ്റി കുറവായിരുന്നതും ജനങ്ങൾക്കിടയിൽ വലിയ അവമതിപ്പുണ്ടാക്കി.

ഇന്ത്യൻ ഓട്ടോമൊബൈൽ മേഖലയിൽ ഒരു വലിയ വിപ്ലവം തന്നെയായിരുന്നു നാനോ. സാധാരണക്കാരുടെ ഓട്ടോമൊബൈൽ സ്വപ്നങ്ങൾക്ക് വലിയ രീതിയിൽ ചിറക് നൽകാൻ നാനോയെ സംബന്ധിച്ച ചർച്ചകൾ വഴിവെച്ചു. എന്നാൽ അകാലത്തിൽ വിസ്മൃതിയിലേയ്ക്ക് പോകാനായിരുന്നു നാനോയുടെ വിധി. നാനോ പരാജയമായിരുന്നുവെന്ന് രത്തൻ ടാറ്റ തന്നെ തുറന്നുസമ്മതിച്ചിരുന്നു. തൊട്ടതെല്ലാം പൊന്നാക്കിയ രത്തൻ ടാറ്റയുടെ ബിസിനസ് ജീവിതത്തിൽ അപൂർവങ്ങളിൽ അപൂർവമായ തിരിച്ചടിയാണ് നാനോയുടേത്.

To advertise here,contact us