ദീര്‍ഘദൂര യാത്രയില്‍ വളര്‍ത്തുനായയെയും ഒപ്പം കൂട്ടാം! വന്ദേഭാരത് ഒരുക്കുന്ന പുത്തന്‍ സൗകര്യം

സ്ലീപ്പര്‍ ട്രെയിനുകളിലെ രാത്രി യാത്രകളില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ ഓര്‍ത്ത് ടെന്‍ഷനും വേണ്ട

യാത്രകളിൽ വളര്‍ത്തുനായയെയും ഒപ്പം കൂട്ടാൻ താത്പര്യമുള്ളവര്‍ക്കായി ഇന്ത്യന്‍ റെയില്‍വേ ഒരു സന്തോഷവാര്‍ത്ത പുറത്തുവിട്ടിരിക്കുകയാണ്. ദീർഘദൂര യാത്രകള്‍ പോകുമ്പോള്‍ തങ്ങളുടെ പ്രിയപ്പെട്ട നായക്കുട്ടിയെ കൂടി ഒപ്പം കൂട്ടാന്‍ എന്ത് ചെയ്യുമെന്ന് ഓർത്ത് വിഷമിക്കുന്നവര്‍ക്കായി 'ഡോഗ് ബോക്‌സ്' സൗകര്യമാണ് ഇന്ത്യൻ റെയിൽവേ ഒരുക്കിയിരിക്കുന്നത്. അതും വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനുകളിലാണ് ഈ സേവനം ലഭിക്കുക. വന്ദേഭാരത് സ്ലീപ്പർ ട്രെയിനിൽ ഡോഗ് ബോക്സുകൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ഇതോടെ വേഗത്തില്‍ യാത്ര ചെയ്യാം എന്നതിന് പുറമേ, പ്രിയപ്പെട്ട വളര്‍ത്തുനായയെയും യാത്രയില്‍ ഒപ്പം കൂട്ടാം എന്നുസാരം. സ്ലീപ്പര്‍ ട്രെയിനുകളിലെ രാത്രി യാത്രകളില്‍ ഇനി വളര്‍ത്തുമൃഗങ്ങളെ ഓര്‍ത്ത് ടെന്‍ഷനും വേണ്ട.

ഇനി എങ്ങനെയാണ് ഡോഗ് ബോക്സുകൾ ബുക്ക് ചെയ്യേണ്ടതെന്ന് അറിയണ്ടേ? ഇതിനായി നിങ്ങൾ ഒപ്പം കൂട്ടുന്ന നായയ്ക്ക് 48 മണിക്കൂറിനുള്ളില്‍ വെറ്ററിനറി ഡോക്ടര്‍ നല്‍കുന്ന ആരോഗ്യ ക്ഷമതാ സര്‍ട്ടിഫിക്കറ്റ് ഉണ്ടാകണമെന്ന് നിര്‍ബന്ധമാണ്. എല്ലാ റൂട്ടുകളിലും ചിലപ്പോള്‍ ഈ സംവിധാനം ലഭിച്ചെന്ന് വരില്ല, അതിനാല്‍ യാത്രയ്ക്ക് മുമ്പ് തന്നെ ലഭ്യത ഉറപ്പാക്കണമെന്നാണ് റെയില്‍വേയുടെ നിര്‍ദേശം. ടിക്കറ്റ് കണ്‍ഫേമായ യാത്രക്കാര്‍ക്ക് മാത്രമേ ഈ സൗകര്യം ബുക്ക് ചെയ്യാന്‍ സാധിക്കു. ആര്‍എസി, വെയിറ്റിങ് ലിസ്റ്റ് ടിക്കറ്റുകള്‍ക്ക് അനുമതിയില്ല. അറിഞ്ഞിരിക്കേണ്ടത് ഒരു വളര്‍ത്തുനായയ്‌ക്കേ ഈ സൗകര്യം ലഭിക്കു എന്നതാണ്.

ഇന്ത്യന്‍ റെയില്‍വേയുടെ 2023 -24 വര്‍ഷത്തെ ഇയര്‍ബുക്ക് പ്രകാരം 16കോച്ചുകളുളള വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍ ഒന്നര ടണ്‍ ശേഷിയുള്ള പ്രത്യേക ലഗേജ് കമ്പാര്‍ട്ട്‌മെന്റിനൊപ്പമാണ് ഡോഗ് ബോക്‌സ് സൗകര്യവും സജ്ജമാക്കിയിരിക്കുന്നത്. ഈ ബോക്‌സിനൊരു വാതിലുണ്ടാകും അത് ലോക്ക് ചെയ്യാന്‍ സാധിക്കും. മാത്രമല്ല നായകള്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കുന്നതിനുള്ള പ്രത്യേക ഹോള്‍ഡറുകളും ഇതിലുണ്ട്. എന്നാല്‍ ഈ ഡോഗ് ബോക്‌സിന്റെ പ്രയോജനം പൂച്ചകള്‍ ഉള്‍പ്പെടെയുള്ള മറ്റ് വളര്‍ത്തുമൃഗങ്ങള്‍ക്ക് ഉപയോഗിക്കാമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല.

ഇന്ത്യന്‍ റെയില്‍വേയില്‍ വളര്‍ത്തുനായ്ക്കളെ യാത്രയില്‍ ഒപ്പം കൂട്ടുന്നതിന് ചില നിബന്ധനകള്‍ നേരത്തെയുണ്ട്. ഫസ്റ്റ് എസി, എസ്റ്റ് ക്ലാസ് കോച്ചുകളിലാണെങ്കില്‍ സഹയാത്രികരുടെ സമ്മതം വേണം നായ്ക്കളെ ഒപ്പം കൂട്ടാന്‍. ഇത് കൂടാതെ ബ്രേക്ക് വാനിലെ ഡോഗ്‌ബോക്‌സിലും നായ്ക്കളെ കൊണ്ടുപോകാന്‍ സൗകര്യമുണ്ട്.

Content Highlights: Vande Bharat is introducing a new facility that allows passengers to take their pet dogs along on long-distance journeys. The initiative offers pet owners an additional travel option while making train journeys more convenient for passengers travelling with their pets

To advertise here,contact us