ട്രെയിന്‍ യാത്രയ്ക്കിടെ ശുചിമുറിയില്‍ വെള്ളമില്ലെങ്കില്‍ എന്തുചെയ്യും?. യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം ഒരു സംഭവത്തില്‍ റെയില്‍വേ അധികൃതരോട് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടിരിക്കുകയാണ് കര്‍ണാടകയിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്. ട്രെയിനിലെ അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും ഒപ്പം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതുമാണ് കേസിന് കാരണമായത്.
ബെംഗളൂരുവിലെ യശ്വന്ത്പുരയില്‍നിന്ന് ശിവമോഗയിലേക്ക് 23 ബന്ധുക്കള്‍ക്കൊപ്പം യാത്ര ചെയ്യുകയായിരുന്നു നാഗേന്ദ്ര എന്നയാള്‍. 24 പേരടങ്ങുന്ന സംഘം യാത്രയ്ക്കായി ജനറല്‍ ടിക്കറ്റുകള്‍ എടുത്തിരുന്നു. ഇതിനായി ആകെ 1,000 രൂപയാണ് ചെലവായത്. യാത്രയ്ക്കിടെ ട്രെയിനിലെ ശുചിമുറികളില്‍ വെള്ളമില്ലെന്ന് യാത്രക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഇതോടെ വലിയ ബുദ്ധിമുട്ടാണ് കുടുംബത്തിന് നേരിടേണ്ടിവന്നത്. പ്രശ്നത്തിന് പരിഹാരം തേടി തുമകുരു റെയില്‍വേ സ്റ്റേഷനിലെ സ്റ്റേഷന് മാസ്റ്ററെ സമീപിച്ചെങ്കിലും ആവശ്യമായ സഹായം ലഭിച്ചില്ലെന്നാണ് പരാതി.
ശുചിമുറിയില്‍ വെള്ളമില്ലാത്ത പ്രശ്നത്തിന് പരിഹാരമാകാതിരുന്നതോടെ കുടുംബം തുമകുരുവില്‍ ട്രെയിനില്‍നിന്ന് ഇറങ്ങാന്‍ തീരുമാനിച്ചു. തുടര്‍ന്ന് യാത്ര പൂര്‍ത്തിയാക്കാന്‍ മറ്റൊരു എക്സ്പ്രസ് ട്രെയിനില്‍ ടിക്കറ്റ് എടുക്കേണ്ടിവന്നു. ഇതിനായി 1,760 രൂപ അധികമായി ചെലവഴിക്കേണ്ടിവന്നു. നേരത്തേ ടിക്കറ്റ് എടുത്തിട്ടും യാത്ര തുടരാന്‍ വീണ്ടും പണം ചെലവാക്കേണ്ടിവന്നതോടെ നാഗേന്ദ്ര റെയില്‍വേ അധികൃതരോട് ടിക്കറ്റ് തുക തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ അധികൃതരില്‍നിന്ന് മറുപടി ലഭിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
പിന്നീട് ഉപഭോക്തൃ കമ്മീഷനെ സമീപിക്കുകയായിരുന്നു.
റെയില്‍വേ, അധികൃതര്‍ക്ക് നിയമനോട്ടീസ് അയച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്ന് നാഗേന്ദ്ര പിന്നീട് ശിവമോഗ ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനെ സമീപിക്കുകയായിരുന്നു. യാത്രയ്ക്കിടെ നേരിട്ട ബുദ്ധിമുട്ടുകളും പരാതിയോട് അധികൃതര്‍ കാണിച്ച സമീപനവും കമ്മീഷന് പരിഗണിച്ചു. യാത്രക്കാര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതില്‍ വീഴ്ചയുണ്ടായെന്ന് വിലയിരുത്തിയ കമ്മീഷന് റെയില്‍വേ അധികൃതര്‍ക്ക് നഷ്ടപരിഹാരം നല്കാന് ഉത്തരവിട്ടു.
യാത്രയ്ക്കിടെ നേരിട്ട ബുദ്ധിമുട്ടുകള്‍ക്കും മാനസിക വിഷമത്തിനുമുള്ള നഷ്ടപരിഹാരവുമായി 10,000 രൂപയും നിയമനടപടികള്‍ക്കായി ചെലവായ തുകയായി 5,000 രൂപയും, നേരത്തേ എടുത്ത ടിക്കറ്റിന്റെ തുകയായ 1,000 രൂപ പലിശയോടെയും തിരികെ നല്‍കണം.നഷ്ടപരിഹാരവും നിയമനടപടികള്‍ക്കുള്ള ചെലവും ഉള്‍പ്പെടെ 15,000 രൂപയാണ് നല്‍കേണ്ടത്. ഇതിനു പുറമേ ടിക്കറ്റ് തുകയായ 1,000 രൂപയും തിരികെ നല്‍കണം. ടിക്കറ്റ് തുകയ്ക്ക് 2025 ഏപ്രില്‍ 15 മുതല്‍ വര്‍ഷംതോറും ആറ് ശതമാനം പലിശയും നല്‍കണമെന്നാണ് ഉത്തരവ്. ഉത്തരവ് നടപ്പാക്കാന്‍ റെയില്‍വേ അധികൃതര്‍ക്ക് 45 ദിവസത്തെ സമയമാണ് അനുവദിച്ചിരിക്കുന്നത്. ഈ സമയത്തിനുള്ളില്‍ പണം നല്‍കിയില്ലെങ്കില്‍ ബാധകമായ പലിശനിരക്ക് വര്‍ഷംതോറും 10 ശതമാനമായി ഉയരും.
ട്രെയിനില്‍ വെള്ളമില്ലാത്തതുപോലുള്ള അടിസ്ഥാന സൗകര്യ പ്രശ്നങ്ങള്‍ നേരിട്ടാല്‍ യാത്രക്കാര്‍ക്ക് പരാതി നല്‍കാം. പ്രശ്നം ബന്ധപ്പെട്ട റെയില്‍വേ ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും സാധ്യമെങ്കില്‍ പരാതി നല്‍കിയതിന്റെ രേഖ സൂക്ഷിക്കുകയും ചെയ്യുന്നത് പിന്നീട് പരാതി ഉന്നയിക്കുമ്പോള്‍ സഹായകരമാകും. റെയില്‍വേയുടെ സേവനത്തിലെ വീഴ്ച മൂലം ബുദ്ധിമുട്ട് നേരിട്ടാല്‍ ഉചിതമായ സാഹചര്യങ്ങളില്‍ ഉപഭോക്തൃ കമ്മീഷനെ സമീപിക്കാനും കഴിയും. ട്രെയിനിലെ ശുചിമുറികളില്‍ വെള്ളം ഉറപ്പാക്കുന്നതും യാത്രക്കാരുടെ പരാതികള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണുന്നതും റെയില്‍വേയുടെ ഉത്തരവാദിത്തമാണെന്ന സന്ദേശമാണ് ഈ സംഭവം നല്‍കുന്നത്.
Content Highlights :The Consumer Disputes Redressal Commission in Karnataka has ordered railway authorities to pay compensation in a case where passengers faced hardship due to a lack of water on a train