മലമുകളിലും കടലിന്റെ അറ്റത്തും വിമാനത്താവളങ്ങൾ; ഈ ചെറിയ റൺവേയിൽ വിമാനം എങ്ങനെ ഇറങ്ങും

ഇത്രയും ചെറിയ റണ്‍വേയില്‍ വിമാനം എങ്ങനെ ഇറങ്ങും? ലോകത്തെ ഞെട്ടിക്കുന്ന 7 വിമാനത്താവളങ്ങള്‍

വിമാനത്താവളം എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം മനസിലെത്തുന്നത് എന്താണ്?. കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന റണ്‍വേയും വലിയ വിമാനങ്ങളും തിരക്കേറിയ ടെര്‍മിനലുമൊക്കെയാണ് അല്ലേ?. എന്നാല്‍ ലോകത്ത് ചില വിമാനത്താവളങ്ങളുണ്ട്. ഇവിടുത്തെ റണ്‍വേ കണ്ടാല്‍ ആദ്യം തോന്നുക ''ഇവിടെ വിമാനം ഇറങ്ങുമോ?'' എന്നായിരിക്കും!. ചില റണ്‍വേകള്‍ക്ക് വെറും 400 മീറ്ററോളം മാത്രം നീളം. ചിലത് മലമുകളില്‍. ചിലതിന്റെ ഒരറ്റത്ത് കടല്‍. മറ്റുചിലത് കടല്‍ത്തീരത്ത് തന്നെയാണ്. എന്നിട്ടും ഇവിടെ വിമാനങ്ങള്‍ സുരക്ഷിതമായി പറന്നിറങ്ങുന്നു.

വെറും 400 മീറ്റര്‍! കടലിനും കുന്നിനുമിടയിലെ റണ്‍വേ .Juancho E. Yrausquin Airport സാബ

കരീബിയന്‍ കടലിലെ ചെറിയ ദ്വീപായ സാബയിലാണ് ഈ വിമാനത്താവളം. റണ്‍വേയുടെ നീളം ഏകദേശം 400 മീറ്റര്‍ മാത്രം. അതായത് ഒരു സാധാരണ വലിയ വിമാനത്താവളത്തിലെ റണ്‍വേയുമായി താരതമ്യം ചെയ്താല്‍ വളരെ ചെറുത്. അതിലും കൗതുകകരമായത് റണ്‍വേയുടെ ഇരുവശങ്ങളിലുമുള്ള ഭൂപ്രകൃതിയാണ്. ഒരുവശത്ത് കുത്തനെയുള്ള മലഞ്ചരിവുകളും മറുവശത്ത് കടലുമാണ്.അതിനാല്‍ ഇവിടെ വലിയ യാത്രാവിമാനങ്ങള്‍ക്കല്ല പ്രവേശനം. പ്രത്യേക പരിശീലനം ലഭിച്ച പൈലറ്റുമാര്‍ ചെറിയ വിമാനങ്ങളാണ് ഇവിടെ പറത്തുന്നത്. ലോകത്തിലെ ഏറ്റവും ചെറിയ വാണിജ്യ റണ്‍വേകളില്‍ ഒന്നായാണ് ഇത് പൊതുവെ കണക്കാക്കപ്പെടുന്നത്.

നേപ്പാളിലെ ലുക്ല വിമാനത്താവളം

മൗണ്ട് എവറസ്റ്റ് കാണാന്‍ പോകുന്ന പല യാത്രക്കാരുടെയും പ്രധാന യാത്രാ കവാടമാണ് നേപ്പാളിലെ ലുക്ല വിമാനത്താവളം.ഇവിടുത്തെ റണ്‍വേയ്ക്ക് ഏകദേശം 527 മീറ്റര്‍ നീളമാണുള്ളത്. റണ്‍വേയുടെ ഒരു ഭാഗത്ത് മലയും മറുവശത്ത് ആഴത്തിലുള്ള താഴ്വരയുമാണ്. അതുകൊണ്ടുതന്നെ സാധാരണ വിമാനത്താവളങ്ങളില്‍ നിന്ന് വ്യത്യസ്തമായ രീതിയിലാണ് ഇവിടെ ലാന്‍ഡിങ്ങും ടേക്ക് ഓഫും നടത്തേണ്ടത്. ചെറിയ റണ്‍വേയ്‌ക്കൊപ്പം ഉയര്‍ന്ന പ്രദേശത്തെ കാലാവസ്ഥയും ഭൂപ്രകൃതിയും പൈലറ്റുമാര്‍ക്ക് അധിക വെല്ലുവിളിയാണ്.

റണ്‍വേ ചെറുത് മാത്രമല്ല, കുത്തനെ ചരിഞ്ഞതും Courchevel Altiport ഫ്രാന്‍സ്

ഫ്രഞ്ച് ആല്‍പ്‌സിലെ പ്രശസ്തമായ സ്‌കീ റിസോര്‍ട്ടിലാണ് Courchevel Altiport.റണ്‍വേയുടെ നീളം ഏകദേശം 537 മീറ്റര്‍. പക്ഷേ ഇവിടുത്തെ പ്രത്യേകത നീളം മാത്രമല്ല. റണ്‍വേയ്ക്ക് വലിയ ചരിവുമുണ്ട്. അതുകൊണ്ട് ഇവിടെ ലാന്‍ഡ് ചെയ്യുന്നത് സാധാരണ വിമാനത്താവളത്തിലെ ലാന്‍ഡിങ്ങുപോലെയല്ല. പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാര്‍ക്കാണ് ഇവിടെ വിമാനം ഓപ്പറേറ്റ് ചെയ്യാന്‍ അനുമതിയുള്ളത്.

റണ്‍വേ അവസാനിക്കുന്നത് മലയുടെ അരികില്‍!

Matekane Air Strip, ലെസോത്തോ

ആഫ്രിക്കന്‍ രാജ്യമായ ലെസോത്തോയിലെ മലനിരകളിലാണ് ഈ ചെറിയ എയര്‍സ്ട്രിപ്പ്. റണ്‍വേയുടെ നീളം ഏകദേശം 400 മീറ്റര്‍. റണ്‍വേയുടെ അറ്റത്ത് വലിയ താഴ് വരയിലേക്കുള്ള കുത്തനെയുള്ള ഇടിവാണ്. അതിനാല്‍ ടേക്ക് ഓഫ് ചെയ്യുമ്പോള്‍ റണ്‍വേയുടെ അറ്റത്തെ ഭൂപ്രകൃതി പോലും വിമാനത്തിന്റെ പറക്കലില്‍ പ്രധാനപ്പെട്ട ഘടകമാകുന്നു.ചെറിയ റണ്‍വേയും മലനിരകളും ചേര്‍ന്നപ്പോള്‍ ഇവിടെ ഓരോ ടേക്ക് ഓഫും ലാന്‍ഡിങ്ങും വളരെ കൃത്യമായിരിക്കണം.

ഇവിടെ റണ്‍വേ കടല്‍ത്തീരമാണ്!.Barra Airport, സ്‌കോട്ട്‌ലന്‍ഡ്

Barra Airportന്റെ റണ്‍വേ മണല്‍ നിറഞ്ഞ കടല്‍ത്തീരത്താണ്. ഏകദേശം 680 മുതല്‍ 850 മീറ്റര്‍ വരെ നീളമുള്ള മൂന്ന് റണ്‍വേകളാണ് ഇവിടെ ഉപയോഗിക്കുന്നത്. എന്നാല്‍ വിമാനത്തിന് എപ്പോള്‍ വേണമെങ്കിലും ഇവിടെ ഇറങ്ങാന്‍ കഴിയില്ല. കടല്‍ വേലിയിറക്കമുള്ള സമയത്താണ് റണ്‍വേ ഉപയോഗിക്കുന്നത്. വേലിയേറ്റം വന്നാല്‍ റണ്‍വേ കടലിനടിയിലാകും. അതുകൊണ്ട് ഇവിടെ വിമാന സര്‍വീസുകളുടെ സമയക്രമത്തില്‍ പോലും കടലിന്റെ വേലിയേറ്റത്തിനും വലിയ പങ്കുണ്ട്.

മല കടന്ന് താഴേക്ക്… പിന്നെ റണ്‍വേ.Gustaf III Airport, സെന്റ് ബാര്‍ത്തലമി

കരീബിയന്‍ മേഖലയിലെ സെന്റ് ബാര്‍ത്തലമി ദ്വീപിലാണ് ഈ വിമാനത്താവളം.റണ്‍വേയ്ക്ക് ഏകദേശം 650 മീറ്റര്‍ നീളമാണുള്ളത്.ഇവിടെ വിമാനം ഇറങ്ങുമ്പോള്‍ പൈലറ്റിന് ആദ്യം ഒരു മലഞ്ചരിവിന് മുകളിലൂടെ താഴേക്ക് എത്തണം. അതിന് പിന്നാലെയാണ് ചെറിയ റണ്‍വേ.റണ്‍വേയുടെ അവസാന ഭാഗം കടല്‍ത്തീരത്തിന് വളരെ അടുത്താണ്.അതിനാല്‍ ഇവിടെ വിമാനങ്ങള്‍ ഇറങ്ങുന്നത് കാണാന്‍ തന്നെ നിരവധി ആളുകള്‍ എത്താറുണ്ട്. വിമാനത്തിന്റെ ലാന്‍ഡിങ് ഒരു കാഴ്ചയായി മാറിയിരിക്കുന്ന സ്ഥലമാണിത്.

റണ്‍വേ അത്ര ചെറുതല്ല… പക്ഷേ ചുറ്റുമുള്ള മലകളാണ് പ്രശ്‌നം.Paro International Airport, ഭൂട്ടാന്‍

ഭൂട്ടാനിലെ Paro Airport ഈ പട്ടികയിലെ മറ്റുള്ളവയില്‍ നിന്ന് അല്‍പം വ്യത്യസ്തമാണ്.ഇവിടുത്തെ റണ്‍വേയ്ക്ക് ഏകദേശം 2,265 മീറ്റര്‍ നീളമുണ്ട്. അതുകൊണ്ട് 400600 മീറ്റര്‍ മാത്രം നീളമുള്ള റണ്‍വേകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് ചെറുതല്ല. പക്ഷേ വിമാനത്താവളത്തിന് ചുറ്റുമുള്ള ഉയര്‍ന്ന ഹിമാലയന്‍ മലനിരകളാണ് വലിയ വെല്ലുവിളി. പൈലറ്റിന് മലകള്‍ക്കിടയിലൂടെ വളരെ കൃത്യമായ രീതിയില്‍ വിമാനം കൊണ്ടുവന്ന് ലാന്‍ഡ് ചെയ്യണം. അതുകൊണ്ട് പ്രത്യേക പരിശീലനം ലഭിച്ച പരിമിതമായ എണ്ണം പൈലറ്റുകള്‍ക്കാണ് ഇവിടെ വിമാനങ്ങള്‍ പറത്താന്‍ യോഗ്യതയുള്ളത്.

എന്തുകൊണ്ടാണ് ഈ റണ്‍വേകള്‍ ഇത്ര ചെറുതായത്?

ഇതിന് പ്രധാന കാരണം ഭൂപ്രകൃതിയാണ്. ചില വിമാനത്താവളങ്ങള്‍ ചെറിയ ദ്വീപുകളിലാണ്. ചിലത് മലകള്‍ക്കിടയിലാണ്. മറ്റുചില സ്ഥലങ്ങളില്‍ കൂടുതല്‍ ഭൂമി ലഭ്യമല്ല. അതിനാല്‍ സാധാരണ വിമാനത്താവളങ്ങളെപ്പോലെ കിലോമീറ്ററുകളോളം നീളുന്ന റണ്‍വേ നിര്‍മിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരം ചെറിയ എയര്‍സ്ട്രിപ്പുകള്‍ ഒരുക്കിയത്.

റണ്‍വേ ചെറുതാകുമ്പോള്‍ വിമാനം എത്ര വേഗത്തില്‍ ഇറങ്ങണം, എത്ര ദൂരം കൊണ്ട് നിര്‍ത്താന്‍ കഴിയും, കാലാവസ്ഥ എങ്ങനെയാണ് തുടങ്ങിയ കാര്യങ്ങള്‍ കൂടുതല്‍ നിര്‍ണായകമാകും. അതുകൊണ്ടുതന്നെ ഇത്തരം സ്ഥലങ്ങളില്‍ പ്രത്യേക പരിശീലനം നേടിയ പൈലറ്റുമാരാണ് സാധാരണയായി സര്‍വീസ് നടത്തുന്നത്.

Content Highlights :Airports atop mountains and at the edge of the sea. How do planes land on such short runways? 7 airports that leave the world astounded.

To advertise here,contact us