റെയിൽവേ ടിക്കറ്റ് പരിശോധന കർശനമാക്കുന്നു; ഒക്ടോബർ 1 മുതൽ കർശന നിയമം നിലവിൽവരും

ഇന്ത്യന്‍ റെയില്‍വേ ടിക്കറ്റ് പരിശോധന കര്‍ശനമാക്കുമ്പോള്‍ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്നറിയാം

ട്രെയിനില്‍ യാത്ര ചെയ്യുന്നവര്‍ ശ്രദ്ധിക്കേണ്ട പ്രധാന അറിയിപ്പാണ് റെയില്‍വേയില്‍ നിന്ന് വരുന്നത്. ടിക്കറ്റ് പരിശോധന കൂടുതല്‍ കര്‍ശനമാക്കാനുള്ള നടപടികളാണ് റെയില്‍വേ സ്വീകരിക്കുന്നത്. യാത്രയ്ക്കിടെ ടിക്കറ്റിനൊപ്പം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈവശം ഉണ്ടായിരിക്കണം. ഐഡി ഹാജരാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് നടപടികള്‍ നേരിടേണ്ടി വന്നേക്കാം. 2026 ഒക്ടോബര്‍ 1 മുതല്‍ 31 വരെയാണ് പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിന്‍ നടത്തുന്നത്. ഉത്സവ സീസണില്‍ ട്രെയിനുകളിലെ തിരക്ക് വര്‍ധിക്കാനിടയുള്ളതിനാല്‍ ടിക്കറ്റ് പരിശോധന ശക്തമാക്കുകയാണ് ലക്ഷ്യം.

ക്വാട്ട ടിക്കറ്റുകള്‍ക്കും പ്രത്യേക പരിശോധന

പ്രത്യേക ക്വാട്ടകള്‍ക്ക് കീഴില്‍ ബുക്ക് ചെയ്യുന്ന റിസര്‍വേഷന്‍ ടിക്കറ്റുകളിലും പരിശോധന ശക്തമാക്കും. ചില ക്വാട്ടകളില്‍ യാത്ര ചെയ്യാന്‍ പ്രത്യേക യോഗ്യത ആവശ്യമാണ്. എന്നാല്‍ യോഗ്യതയില്ലാത്തവര്‍ ഇത്തരം ക്വാട്ടകളില്‍ ടിക്കറ്റ് ബുക്ക് ചെയ്യുന്ന സാഹചര്യങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരം ടിക്കറ്റുകളിലാണ് പരിശോധന കൂടുതല്‍ കര്‍ശനമാക്കുന്നത്. അതിനാല്‍ ക്വാട്ട അടിസ്ഥാനത്തില്‍ ടിക്കറ്റ് എടുത്തവര്‍ യാത്രയ്ക്ക് മുമ്പ് തങ്ങള്‍ ആ ക്വാട്ടയ്ക്ക് യോഗ്യരാണോ എന്ന് ഉറപ്പാക്കുന്നത് നല്ലതാണ്.

ഒരുമിച്ച് യാത്ര ചെയ്യുന്നവരും ശ്രദ്ധിക്കണം

ഒരു കുടുംബമോ സംഘമോ ഒരുമിച്ച് ഇ-ടിക്കറ്റ് ബുക്ക് ചെയ്ത് യാത്ര ചെയ്യുമ്പോഴും ഐഡി പരിശോധന പ്രധാനമാണ്. ഒരേ ബുക്കിംഗില്‍ യാത്ര ചെയ്യുന്നവരില്‍ ടിക്കറ്റ് പരിശോധന സമയത്ത് സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡി ഹാജരാക്കാന്‍ കഴിയാത്തവര്‍ ഉണ്ടെങ്കില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം.

അതുകൊണ്ട് ഒരുമിച്ച് യാത്ര ചെയ്യുന്ന ഓരോ യാത്രക്കാരനും ആവശ്യമായ തിരിച്ചറിയല്‍ രേഖ കൈവശം കരുതുന്നതാണ് സുരക്ഷിതം.

ഇ-ടിക്കറ്റ് എടുത്തിട്ടുണ്ടോ? ഇക്കാര്യം മറക്കരുത്

ഇ-ടിക്കറ്റ് ഉപയോഗിച്ച് യാത്ര ചെയ്യുന്നവരും ടിക്കറ്റ് പരിശോധന സമയത്ത് ആവശ്യപ്പെട്ടാല്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കണം. നിലവിലെ റെയില്‍വേ ചട്ടങ്ങള്‍ പ്രകാരം ഇ-ടിക്കറ്റ് യാത്രക്കാരുടെ തിരിച്ചറിയല്‍ ഉറപ്പാക്കുന്നതിനായി സാധുവായ ഫോട്ടോ ഐഡി പരിശോധിക്കാം. അതിനാല്‍ ഫോണില്‍ ടിക്കറ്റിന്റെ കോപ്പി മാത്രം സൂക്ഷിക്കുന്നതിന് പകരം സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും കൈയില്‍ കരുതുന്നത് പ്രധാനമാണ്.

ഏത് ഐഡികളാണ് ഉപയോഗിക്കാനാകുക?

റെയില്‍വേ അംഗീകരിക്കുന്ന പ്രധാന തിരിച്ചറിയല്‍ രേഖകളില്‍ ഉള്‍പ്പെടുന്നവ ഇവയാണ്.

  • പാസ്പോര്‍ട്ട്
  • പാന്‍ കാര്‍ഡ്
  • ആധാര്‍ കാര്‍ഡ്
  • ഡ്രൈവിങ് ലൈസന്‍സ്
  • വിദ്യാര്‍ഥി ഐഡി കാര്‍ഡ്
  • കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സീരിയല്‍ നമ്പറോടുകൂടിയ ഫോട്ടോ ഐഡി കാര്‍ഡ്
  • ഫോട്ടോ പതിച്ച ബാങ്ക് പാസ്ബുക്ക്
  • ബാങ്ക് നല്‍കുന്ന ഫോട്ടോ പതിച്ച ക്രെഡിറ്റ് കാര്‍ഡ്

യാത്രയ്ക്ക് മുമ്പ് ഇത് ഉറപ്പാക്കാം

ടിക്കറ്റും ആവശ്യമായ തിരിച്ചറിയല്‍ രേഖയും കൈവശമുണ്ടെന്ന് യാത്രയ്ക്ക് മുമ്പ് ഉറപ്പാക്കുക. അതിനാല്‍ ട്രെയിന്‍ യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ടിക്കറ്റ് മാത്രം പോരാ. സാധുവായ ഒറിജിനല്‍ ഫോട്ടോ ഐഡിയും ഒപ്പം കരുതുക.

Content Highlights :Railway ticket inspections will be intensified starting October 1. Here is what you need to know as Indian Railways tightens ticket checking procedures.

To advertise here,contact us