ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്തശേഷം പേരും തീയതിയും മാറ്റാന്‍ സാധിക്കുമോ? എത്ര പണം ചെലവാകും

ടിക്കറ്റ് ബുക്ക് ചെയ്ത ശേഷം യാത്രക്കാര്‍ക്ക് പേരും യാത്രാ തീയതിയും പണചിലവില്ലാതെ മാറ്റാന്‍ കഴിയുമോ? ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പല ട്രെയിന്‍ യാത്രക്കാര്‍ക്കും ചിലപ്പോഴൊക്കെ എന്തെങ്കിലും കാരണത്താല്‍ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ റദ്ദാക്കേണ്ടി വരും. എന്നാല്‍ ആ ടിക്കറ്റ് റദ്ദാക്കുന്നതിനേക്കാള്‍ ആവശ്യക്കാരനായ മറ്റൊരാള്‍ക്ക് യാത്ര ചെയ്യാന്‍ അവസരം നല്‍കുന്നതാണ് നല്ലതെന്ന് പലരും കരുതുന്നു. എന്നാല്‍ റെയില്‍വേ നിയമങ്ങള്‍ അനുസരിച്ച് എല്ലാ സാഹചര്യങ്ങളിലും ഇത് സാധ്യമല്ല. കാരണം സാധാരണയായി ടിക്കറ്റ് ബുക്ക് ചെയ്ത വ്യക്തിക്ക് മാത്രമേ അതുകൊണ്ട് യാത്ര ചെയ്യാന്‍ അനുവാദമുള്ളൂ.അങ്ങനെയാണെങ്കിലും ചില നിയമങ്ങള്‍ പ്രകാരം നിങ്ങളുടെ കുടുംബാംഗങ്ങള്‍ക്ക് ആ ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നുണ്ട്.

അടുത്തിടെ ട്രെയിന്‍ യാത്രയുമായി ബന്ധപ്പെട്ടുള്ള നിരവധി അവകാശവാദങ്ങള്‍ വൈറലാകുന്നുണ്ട്. ടിക്കറ്റ് ബുക്ക് ചെയ്തതിനുശേഷം യാത്രക്കാര്‍ക്ക് പേരും യാത്രാ തീയതിയും പണചിലവില്ലാതെ മാറ്റാന്‍ കഴിയുമെന്നാണ് ചിലര്‍ അവകാശപ്പെടുന്നത്. പലരും ഇത് ശരിയാണെന്ന് വിശ്വസിക്കുന്നു. എന്നാല്‍ വാസ്തവം എന്താണെന്ന് അറിയാം.

റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്ന് ബുക്ക് ചെയ്യുന്ന ടിക്കറ്റുകളുടെ നിയമങ്ങള്‍ എന്തൊക്കെയാണ്

റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിന്നാണ് ടിക്കറ്റ് ബുക്ക് ചെയ്തതെങ്കില്‍ ചില നിബന്ധനകള്‍ക്ക് വിധേയമായി നിങ്ങള്‍ക്ക് തീയതി മാറ്റാന്‍ കഴിയും. ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് റിസര്‍വേഷന്‍ കൗണ്ടറില്‍ അപേക്ഷിക്കണം. എങ്കിലും തീയതി മാറ്റുന്നതിന് റെയില്‍വേ ഫീസ് ഈടാക്കുന്നു. പക്ഷേ ഒരേ സ്ഥലത്തേക്ക് ഈ സൗകര്യം ഒരിക്കല്‍ മാത്രമേ ലഭ്യമാകൂ എന്ന കാര്യം ശ്രദ്ധിക്കുക.

ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍

ഐആര്‍സിടിസി വഴി ഓണ്‍ലൈനായി ടിക്കറ്റ് ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നിങ്ങളുടെ യാത്രാ തീയതികള്‍ നേരിട്ട് മാറ്റാന്‍ കഴിയില്ല. അത്തരമൊരു സാഹചര്യത്തില്‍ നിങ്ങള്‍ ആദ്യം ടിക്കറ്റ് റദ്ദാക്കുകയും പിന്നീട് മറ്റൊന്ന് ബുക്ക് ചെയ്യുകയും വേണം.

ടിക്കറ്റിലെ പേര് മാറ്റാന്‍ കഴിയുമോ

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ എന്തെങ്കിലും തെറ്റ് നല്‍കിയിട്ടുണ്ടെങ്കില്‍ പിന്നീട് അത് എഡിറ്റ് ചെയ്യാന്‍ കഴിയില്ല. എന്നാലും ചില നിയമങ്ങള്‍ പ്രകാരം മാതാപിതാക്കള്‍, ഭര്‍ത്താവ്, ഭാര്യ, സഹോദരന്‍, സഹോദരി, മകന്‍, മകള്‍ തുടങ്ങിയ ചില കുടുംബാംഗങ്ങളുടെ പേരില്‍ സ്ഥിരീകരിച്ച ടിക്കറ്റ് കൈമാറാന്‍ റെയില്‍വേ അനുവദിക്കുന്നു.

കുടുംബത്തിന്റെ പേരിലേക്ക് ടിക്കറ്റ് എങ്ങനെ മാറ്റാന്‍ കഴിയും

നിങ്ങളുടെ ടിക്കറ്റ് ഒരു കുടുംബാംഗത്തിന് കൈമാറണമെങ്കില്‍ ചില പ്രധാന ഘട്ടങ്ങള്‍ അറിയേണ്ടതുണ്ട്

  • ട്രെയിന്‍ പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് സ്റ്റേഷന്‍ മാസ്റ്ററിലോ ചീഫ് റിസര്‍വേഷന്‍ സൂപ്പര്‍വൈസര്‍ ഓഫീസിലോ അപേക്ഷിക്കണം.
  • ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് തുടങ്ങിയ ചില പ്രധാന രേഖകള്‍ ആവശ്യമാണ്.
  • റെയില്‍വേയുടെ അനുമതി ലഭിച്ചാല്‍ ടിക്കറ്റ് ട്രാന്‍സ്ഫര്‍ പ്രക്രിയ പൂര്‍ത്തിയാകും.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിക്കാന്‍

ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ എപ്പോഴും മനസ്സില്‍ വയ്ക്കുക

  • എല്ലാ വിവരങ്ങളും എപ്പോഴും ശ്രദ്ധാപൂര്‍വ്വം പൂരിപ്പിക്കുക.തെറ്റായ വിവരങ്ങള്‍ പൂരിപ്പിക്കുന്നത് ഒഴിവാക്കുക.കാരണം ഒരു തെറ്റ് സംഭവിച്ചാല്‍ അത് തിരുത്താന്‍ എളുപ്പമല്ല.
  • ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് മറ്റൊരു ടിക്കറ്റ് ബുക്ക് ചെയ്യേണ്ടി വന്നേക്കാം.
  • കൂടാതെ നിങ്ങളുടെ പണവും നഷ്ടമായേക്കാം.

Content Highlights : Can passengers change their name and travel date without any cost after booking a ticket? Things to keep in mind while booking a train ticket

To advertise here,contact us