ട്രെയിനില്‍ വച്ച് പണമോ സ്വര്‍ണമോ ഫോണോ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍

ട്രെയിന്‍ യാത്രയ്ക്കിടയില്‍ നിങ്ങളുടെ വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെട്ടാല്‍ അത്തരം സന്ദര്‍ഭങ്ങളില്‍ പരിഭ്രാന്തരാകുന്നതിനുപകരം ആവശ്യമായ നടപടികള്‍ കൃത്യസമയത്ത് സ്വീകരിക്കണം.

ഏറ്റവുമധികം ആളുകള്‍ യാത്രാ മാര്‍ഗത്തിനായി തെരഞ്ഞെടുക്കുന്നത് ട്രെയിന്‍ ആണ്. പലപ്പോളും നമ്മള്‍ കേട്ടിട്ടുണ്ട് ട്രെയിന്‍ യാത്രയ്ക്കിടയില്‍ ആളുകളുടെ സ്വര്‍ണവും പണവും ഫോണും ഒക്കെ മോഷ്ടിക്കപ്പെടുകയോ നഷ്ടപ്പെടുകയോ ചെയ്തതിനെക്കുറിച്ച്. പലരും നഷ്ടപ്പെട്ട വസ്തുക്കള്‍ക്ക് പിറകെ പോകാന്‍ ശ്രമിക്കാറില്ല. ചിലരൊക്കെ പരാതി നല്‍കാറുമുണ്ട്. വിലപിടിപ്പുള്ള വസ്തുക്കള്‍ യാത്രയ്ക്കിടെ നഷ്ടപ്പെടുന്നത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. എന്നാല്‍ പരിഭ്രാന്തരാകുന്നതിന് പകരം നഷ്ടപ്പെട്ട വസ്തുക്കള്‍ തിരികെ ലഭിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്.

സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ഉടനെ ചെയ്യേണ്ടത്

  • യാത്രയ്ക്കിടെ നിങ്ങളുടെ ഏതെങ്കിലും സാധനങ്ങള്‍ നഷ്ടപ്പെട്ടാല്‍ ആദ്യം റെയില്‍വേ ജീവനക്കാരെ വിവരമറിയിക്കുക.
  • സംഭവത്തെക്കുറിച്ച് ട്രെയിനില്‍ ഉണ്ടായിരുന്ന ടിടിഇയെയും അറിയിക്കാം.
  • ആ സമയത്ത് ടിടിഇ കോച്ചില്‍ ഇല്ലെങ്കില്‍, സ്റ്റേഷന്‍ മാസ്റ്ററെ അറിയിക്കുക.
  • ആര്‍പിഎഫിനെയും വിവരം അറിയിക്കാം.

ഓണ്‍ലൈനായി പരാതി നല്‍കുകാം

  • പരാതി നല്‍കാന്‍ പൊലീസ് സ്റ്റേഷനില്‍ പോകേണ്ട ആവശ്യമില്ല. പകരം ഓണ്‍ലൈനായി അക്കാര്യം ചെയ്യാവുന്നതാണ്.
  • 'റെയില്‍ മദദ് ആപ്പ് ' അല്ലെങ്കില്‍ പോര്‍ട്ടല്‍ വഴിയും പരാതി നല്‍കാം.
  • എത്രയും വേഗം പരാതി നല്‍കുന്നുവോ അത്രയും വേഗം നടപടിയെടുക്കാന്‍ കഴിയും.

ഹെല്‍പ്പ്ലൈന്‍ നമ്പറിന്റെ സഹായം തേടുക

  • ലഗേജ് നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്താല്‍ റെയില്‍വേ ഹെല്‍പ്പ്ലൈന്‍ നമ്പറായ 139 ല്‍ വിളിക്കാം.
  • പരാതി നല്‍കുമ്പോള്‍ ട്രെയിന്‍ നമ്പര്‍, സീറ്റ് നമ്പര്‍, പിഎന്‍ആര്‍ നമ്പര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കേണ്ടിവരും.
  • കൂടാതെ വിവരങ്ങള്‍ നല്‍കുമ്പോള്‍ ഏത് വസ്തുവാണ് നഷ്ടപ്പെട്ടതെന്നും എപ്പോള്‍ നഷ്ടപ്പെട്ടുവെന്നും സൂചിപ്പിക്കുക.
  • അങ്ങനെ ചെയ്യുമ്പോള്‍ നിങ്ങളുടെ ലഗേജ് വേഗത്തില്‍ തിരയാന്‍ കഴിയും.

സാധനങ്ങള്‍ കണ്ടെത്തിയാലുള്ള അടുത്ത നടപടി

ലഗേജ് കണ്ടെത്തിയാല്‍ അത് തിരികെ നല്‍കുന്നതിന് റെയില്‍വേ നിങ്ങളുടെ രേഖകള്‍ ആവശ്യപ്പെടും. ഇത് തിരിച്ചറിയല്‍ രേഖയായി മാത്രമേ ആവശ്യമുള്ളൂ. യാത്രാ ടിക്കറ്റിന്റെയും തിരിച്ചറിയല്‍ കാര്‍ഡിന്റെയും അടിസ്ഥാനത്തില്‍ പരിശോധന നടത്തും. ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ റെയില്‍വേ ലഗേജ് തിരികെ നല്‍കും.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

യാത്രയ്ക്കിടെ അത്തരമൊരു സാഹചര്യം ഉണ്ടാകുകയും ലഗേജ് നഷ്ടപ്പെടുകയും ചെയ്താല്‍, പരിഭ്രാന്തരാകാതെ റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ വിളിച്ച് സംഭവം റിപ്പോര്‍ട്ട് ചെയ്യുക. എത്രയും വേഗം നിങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുവോ അത്രയും കൂടുതല്‍ നിങ്ങളുടെ ലഗേജ് തിരികെ ലഭിക്കാനുള്ള സാധ്യത കൂടുതലാണ്.

Content Highlights : Find out what to do if your money, gold, or phone is lost or stolen on a train.

To advertise here,contact us