'പാലസ് ഓൺ വീൽസ്' (Palace on Wheels) കേൾക്കുമ്പോൾ തന്നെ എന്തൊരു പ്രൗഢി ആണല്ലേ? അതെ രാജകീയ പ്രൗഢിയോടെ രാജസ്ഥാനിലെ മണൽക്കുന്നുകൾക്കും കോട്ടകൾക്കും ഇടയിലൂടെ നീങ്ങുന്ന 'പാലസ് ഓൺ വീൽസ്' രാജസ്ഥാന്റെ ഒരു സ്വകാര്യ അഹങ്കാരമാണ്.
കൊട്ടാര സദൃശ്യമായ ഈ ട്രെയിൻ നല്കുന്നത് വെറുമൊരു യാത്രയല്ല മറിച്ച് ജീവിതകാലം മുഴുവനും ഓർത്തിരിക്കാവുന്ന ഒരു അനുഭവം തന്നെയാണ്. Palace on Wheels ഇന്നോ ഇന്നലെയോ ക്രമീകരിച്ച ട്രെയിൻ യാത്രയല്ല. മറിച്ച് രാജസ്ഥാൻ മണലാരണ്യത്തിലൂടെ ചൂളമിട്ട് ഇവൻ പായാൻ തുടങ്ങിയിട്ട് വർഷം 43 കഴിഞ്ഞു.
കഴിഞ്ഞ 43 വർഷമായി Palace on Wheels തുടർന്നിരുന്ന ഒരു പാരമ്പര്യം 2026ൽ തിരുത്തപ്പെടുകയാണ്. പാലസ് ഓൺ വീൽസിന്റെ ആ ചരിത്രപരമായ തീരുമാനം വാർത്തകളിൽ ഇടം പിടിച്ചുകഴിഞ്ഞു. സാധാരണയായി ഈ ആഡംബര ട്രെയിൻ, സർവീസ് നടത്തിയിരുന്നത് സെപ്റ്റംബർ മുതൽ ഏപ്രിൽ വരെ മാത്രമായിരുന്നു. എന്നാൽ ഈ രാജകീയ ട്രെയിൻ, ഇതാദ്യമായി മെയ് മാസത്തിലും യാത്രക്കാർക്കായി ട്രാക്കിലിറങ്ങാൻ ഒരുങ്ങുകയാണ്.
രാജസ്ഥാനിലെ കഠിനമായ ചൂട് കണക്കിലെടുത്താണ് പാലസ് ഓൺ വീൽസിന്റെ സേവനം മെയ് മാസങ്ങളിൽ നിർത്തിവെച്ചിരുന്നത്. എന്നാൽ ഇത്തവണ സഞ്ചാരികളുടെ ഭാഗത്തുനിന്നുണ്ടായ അപ്രതീക്ഷിതമായ ആവശ്യവും വർധിച്ച ബുക്കിംഗുമാണ് ഇങ്ങനെയൊരു തീരുമാനത്തിന് പിന്നിലെന്ന് നോർത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് പബ്ലിക് റിലേഷൻസ് ഓഫീസർ അമിത് സുദർശൻ വ്യക്തമാക്കി. സഞ്ചാരികളുടെ താല്പര്യത്തിൽ ഏകദേശം 45 ശതമാനത്തോളം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്.
1982ൽ രാജസ്ഥാൻ ടൂറിസം ഡെവലപ്മെന്റ് കോർപ്പറേഷനും (RTDC) ഇന്ത്യൻ റെയിൽവേയും ചേർന്നാണ് രാജസ്ഥാനിൽ എത്തുന്ന വിനോദസഞ്ചാരികൾക്കായി ഈ സഞ്ചരിക്കുന്ന കൊട്ടാരം ഒരുക്കിയത്. രാജസ്ഥാന്റെ സാംസ്കാരിക പാരമ്പര്യം വിളിച്ചോതുന്ന രീതിയിൽ പഴയകാല രജപുത്ര കൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ട്രെയിനിന്റെ ഉൾഭാഗം രൂപകൽപ്പന ചെയ്തിരിക്കുന്നത്.
പാലസ് ഓൺ വീൽസിന്റെ സർവീസ്ഡൽഹിയിലെ സഫ്ദർജംഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് ഏഴ് രാത്രികളും എട്ട് പകലും നീണ്ടുനിൽക്കുന്നതാണ് പാലസ് ഓൺ വീൽസിലെ സ്വപ്നയാത്ര. ജയ്പൂർ, സവായ് മധോപൂർ, ചിത്തോർഗഡ്, ഉദയ്പൂർ, ജയ്സാൽമീർ, ജോധ്പൂർ, ഭരത്പൂർ, ആഗ്ര എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ഡൽഹിയിൽ തന്നെ അവസാനിക്കുന്ന രീതിയിലാണ് ഈ ആഡംബര യാത്ര ക്രമീകരിച്ചിരിക്കുന്നത്.
താമസ സൗകര്യംഡീലക്സ് കാബിനുകൾ, സൂപ്പർ ഡീലക്സ് കാബിനുകൾ, പ്രസിഡൻഷ്യൽ സ്യൂട്ട് എന്നിങ്ങനെയാണ് പാലസ് ഓൺ വീൽസിലെ താമസ സൗകര്യം. കൊട്ടാരസദൃശ്യമായ താമസം മാത്രമല്ല ഭക്ഷണവും ഗംഭീരമാണ്. രാജകീയ വിഭവങ്ങൾ വിളമ്പുന്ന രണ്ട് റെസ്റ്റോറന്റുകൾ, ഒരു ലോഞ്ച് ബാർ എന്നിവ പാലസ് ഓൺ വീൽസിൽ യാത്രക്കാർക്കായി ഒരുക്കിയിട്ടുണ്ട്. കൂടാതെ ഓരോ യാത്രക്കാരെയും പരിചരിക്കാൻ പ്രത്യേക പേഴ്സണൽ അറ്റൻഡന്റുമാർ (ഖിദ്മത്ഗാർ/Khidmatgar) എപ്പോഴും കൂടെയുണ്ടാവുകയും ചെയ്യും.
ടിക്കറ്റ് നിരക്കും ബുക്കിംഗുംയാത്രക്കാരുടെ എണ്ണം, തിരഞ്ഞെടുക്കുന്ന കാബിൻ എന്നിവയനുസരിച്ച് നിരക്കുകളിൽ വ്യത്യാസമുണ്ടാകും. ഇന്ത്യൻ പൗരന്മാർക്കും വിദേശികൾക്കും വ്യത്യസ്തമായ നിരക്കുകളാണ് നിശ്ചയിച്ചിരിക്കുന്നത്. രാജസ്ഥാൻ ടൂറിസത്തിന്റെ ഔദ്യോഗിക പോർട്ടൽ വഴി ടിക്കറ്റുകൾ നേരിട്ട് ബുക്ക് ചെയ്യാവുന്നതാണ്.
ചൂടുകാലത്തും ആഡംബര യാത്രകൾ ആസ്വദിക്കാൻ തയ്യാറായ പുതിയ തലമുറയിലെ സഞ്ചാരികളെ ലക്ഷ്യമിട്ടുള്ള ഈ നീക്കം രാജസ്ഥാനിലെ ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്നതാണ്. 'പാലസ് ഓൺ വീൽസ്' മേയ് മാസത്തിലും യാത്ര ആരംഭിച്ചതോടെ താജ്മഹലിന്റെ സൂര്യോദയ കാഴ്ചയും രൺതംബോറിലെ ടൈഗർ സഫാരിയും മണലാരണ്യത്തിലെ നാടൻ കലാരൂപങ്ങളും ഇനി മുതൽ വേനലിലും സഞ്ചാരികൾക്ക് ആസ്വദിക്കാം.
Content Highlight: Rajasthan's Palace on Wheels breaks a 43-year tradition by operating in May, offering luxury rail journeys despite the summer heat.